കോണ്‍ഗ്രസ് തിരിച്ചുവരവ് അടയാളപ്പെടുത്തിക്കഴിഞ്ഞു; യോഗിയുടെ നാള്‍ അവസാനിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍
national news
കോണ്‍ഗ്രസ് തിരിച്ചുവരവ് അടയാളപ്പെടുത്തിക്കഴിഞ്ഞു; യോഗിയുടെ നാള്‍ അവസാനിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണ്‍
ന്യൂസ് ഡെസ്‌ക്
Saturday, 3rd October 2020, 8:21 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്  രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പേടിയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും കാണുന്നതില്‍ യോഗി ഭയപ്പെടുന്നെന്നും അതുകൊണ്ടാണ് അവരെ തടയാന്‍ പൊലീസ് സേനയെ വിന്യസിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നെന്നും രാഹുലിന്റെയും പ്രിയങ്കയുടേയും പ്രവര്‍ത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ യു.പി പൊലീസ് ഒടുവില്‍ കടത്തിവിട്ടിരുന്നു. രാഹുലും പ്രിയങ്കയും ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയാണ്.

ഇവരെ കടത്തിവിടാതിരിക്കാന്‍ യു.പി പൊലീസ് പരമാവധി ശ്രമിച്ചിരുന്നെങ്കിലും രാഹുലും പ്രിയങ്കയും പിന്മാറാന്‍ തയാറായിരുന്നില്ല. അഞ്ച് പേര്‍ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്.
പൊലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടിയാണ് നേതാക്കളെ കടത്തിവിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ നോയിഡ ടോള്‍ ഗേറ്റില്‍ 700ലേറെ പൊലീസുകാരെയായിരുന്നു നിയോഗിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashanth Bushan about Rahil Gandhi’s and Priyanka Gandhis Hathras Visit; Slam yogi Adhithya Nath