പ്രശാന്ത് കിഷോര്‍ ആ തീരുമാനം മാറ്റിയോ? പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ഈ തലച്ചോറോ?
national news
പ്രശാന്ത് കിഷോര്‍ ആ തീരുമാനം മാറ്റിയോ? പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ഈ തലച്ചോറോ?
ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 10:53 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍നിന്നും മാറിയെന്നാണ് പഞ്ചാബില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്.

2022 ല്‍ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയാന്‍ തനിക്ക് സന്തോഷമേയുള്ളു എന്ന് പ്രശാന്ത് അറിയിച്ചതായി മുഖ്യമന്ത്രി അമരിന്ദര്‍ സിങ് വെളിപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോറിനെ ചുമതലപ്പെടുത്തുന്നതില്‍ താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചിരുന്നെന്നും അമരിന്ദര്‍ സിങ് പറഞ്ഞു.

‘കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് പ്രശാന്ത് കിഷോര്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയം ഞാന്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നോട് തീരുമാനമെടുക്കാനാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്’, അമരിന്ദര്‍ സിങ് എ.എന്‍.ഐയോട് പറഞ്ഞു.

2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളയാളാണ് പ്രശാന്ത് കിഷോര്‍. ‘ഞങ്ങള്‍ സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പില്‍ തന്ത്രജ്ഞനായി അദ്ദേഹം എത്തണമെന്നാണ് എന്റെ എം.എല്‍.എമാര്‍ പറയുന്നത്. അദ്ദേഹത്തിന് അതില്‍ സന്തോഷവുമാണ്’, അമരിന്ദര്‍ വ്യക്തമാക്കി. നവ്‌ജോത് സിദ്ദുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശാന്തിന്റെ ഇടപെടലുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി പ്രശാന്തിനെ ബന്ധപ്പെട്ടത്. ആരോപണങ്ങളെ പ്രശാന്ത് തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ പഞ്ചാബിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് പ്രശാന്തിനെ യു.പി ഏല്‍പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്-എസ്.പി സഖ്യം ബി.ജെ.പിയോട് അവിടെ പരാജയപ്പെടുകയായിരുന്നു.

അതേസമയം അമരീന്ദര്‍ സിങ് ക്യാംപയിന്‍ നയിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നെന്നും കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

2014ല്‍ നരേന്ദ്ര മോദിക്ക് വേണ്ടി ക്യാംപെയിന്‍ നയിച്ച കിഷോര്‍ പിന്നീട് അന്ന് ബി.ജെ.പി അധ്യക്ഷനായ അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുവേണ്ടിയും ഈ വര്‍ഷം ആദ്യം പ്രശാന്ത് കിഷോര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. നിലവില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രശാന്ത് പ്രവര്‍ത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക