'ബീഹാര്‍ കൊറോണ വൈറസ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിന്റെ ഭീതിപ്പെടുത്തുന്ന മറ്റൊരു ചിത്രമാണിത് ' അതിഥി തൊഴിലാളികളെ പൂട്ടിയിട്ട വീഡിയോ പങ്കുവെച്ച് പ്രശാന്ത് കിഷോര്‍
national news
'ബീഹാര്‍ കൊറോണ വൈറസ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിന്റെ ഭീതിപ്പെടുത്തുന്ന മറ്റൊരു ചിത്രമാണിത് ' അതിഥി തൊഴിലാളികളെ പൂട്ടിയിട്ട വീഡിയോ പങ്കുവെച്ച് പ്രശാന്ത് കിഷോര്‍
ന്യൂസ് ഡെസ്‌ക്
Monday, 30th March 2020, 1:56 pm

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അതിഥി തൊഴിലാളികളെ പൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം നിതീഷ് കുമാറിനെതിരെ തിരിഞ്ഞിരിക്കുന്നത്.

സംസ്ഥാനം കൊറോണ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന രീതിയുടെ ഭീതിപ്പെടുത്ത ചിത്രമാണിതെന്ന് പറഞ്ഞുകൊണ്ടാണ് കിഷോര്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

” കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ നിന്ന് ആളുകളെ സംരക്ഷിക്കാനുള്ള ഔദ്യോഗിക ശ്രമങ്ങളുടെ ഭയപ്പെടുത്തുന്ന ഒരു ചിത്രം കൂടി- നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന ദരിദ്രരായ കുടിയേറ്റക്കാരെ സാമൂഹ്യ അകലം പാലിക്കുന്നതിനും ക്വാറന്റൈനില്‍ നിര്‍ത്തുന്നതിനുമുള്ള നിതീഷ് കുമാറിന്റെ കൈവിട്ട ക്രമീകരണം,”
#NitishMustQuit എന്ന ഹാഷ്ടാഗോടെ കിഷോര്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാന തലസ്ഥാനമായ പാട്നയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിക്കടുത്തുള്ള സിവാനില്‍ നിന്നാണ് വീഡിയോ എടുത്തിട്ടുുള്ളത്.

” രാവിലെ മുതല്‍ ഞങ്ങളെ വിട്ടയക്കുമെന്നും ബസ്സ് വരുമെന്നും പറയുന്നുണ്ട് പക്ഷേ ഇതുവരെ ബസ് വന്നില്ല. ഞങ്ങളെ രക്ഷിക്കണം, ഞങ്ങള്‍ക്ക് മറ്റൊന്നും ആവശ്യമില്ല, പോകാന്‍ അനുവദിച്ചാല്‍ മതി” അതിഥി തൊഴിലാഴികളില്‍ ഒരാള്‍ പറഞ്ഞു.

എന്നാല്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ പോകാന്‍ വിടില്ലെന്ന് പൊലീസ് വ്യക്തമക്കി.

” വ്യക്തികളുടെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തണം മെഡിക്കല്‍ സ്‌ക്രീനിംഗ് നടത്തണം ഭക്ഷണം നല്‍കണം. അവരുടെ ജന്മദേശങ്ങളിലേക്ക് പോകാന്‍ അനുവദിക്കുന്നതിന് മുമ്പ് കുറച്ച് സമയം ആവശ്യമാണ്… ആളുകള്‍ തിടുക്കത്തിലാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു,’സിവാന്‍ പൊലീസ് സൂപ്രണ്ട് അഭിനവ് കുമാര്‍ പറഞ്ഞു.