പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാന്‍ കേന്ദ്രം മുതിര്‍ന്നെങ്കില്‍ പിന്നില്‍ രണ്ട് കാരണങ്ങള്‍; സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ പ്രശാന്ത് ഭൂഷണ്‍
national news
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാന്‍ കേന്ദ്രം മുതിര്‍ന്നെങ്കില്‍ പിന്നില്‍ രണ്ട് കാരണങ്ങള്‍; സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 12:31 pm

ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സാധുത സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ മറികടന്നുകൊണ്ട് തറക്കല്ലിട്ട കേന്ദ്രത്തിന്റെ പ്രവൃത്തി അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു കേസായിരുന്നിട്ടു കൂടി ഇത്തരം ഒരു നടപടിയിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ വരാനിരിക്കുന്ന കോടതി വിധിയില്‍ സര്‍ക്കാരിന് അത്രമാത്രം ആത്മവിശ്വാസമുണ്ടാകണമെന്നും അല്ലെങ്കില്‍ തികച്ചും നിരുത്തരവാദപരമായ സമീപനം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷ കക്ഷികളുടെയും ഇന്ത്യന്‍ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം എതിര്‍ക്കുന്ന ഹരജികള്‍ തീര്‍പ്പാക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികള്‍ക്കും തടസമില്ലെന്ന പഴുത് ഉപയോഗിച്ചാണ് നിലവില്‍ ഭൂമിപൂജ നടത്തിയത്.

ഇരുന്നൂറോളം പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്, വിദേശ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവില്‍ രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക എന്നത്.

ത്രികോണ ആകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിയ്ക്കും, വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, തുടങ്ങി പത്തോളം കെട്ടിട നിര്‍മ്മാണ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.

തന്റെ സ്വകാര്യ താത്പര്യത്തിനല്ല കോടികള്‍ ഇത്തരമൊരു പദ്ധതിയെന്നാണ് മോദി പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പുതിയ ഒരു നാഴിക കല്ലായ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ശ്രമം എന്നാണ് പ്രധാമന്ത്രിയുടെ അവകാശവാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content highlights: Prashant Bushan About New Parliament Building