കഴുതച്ചാണകം കൊണ്ട് മസാലപ്പൊടികള്‍ നിര്‍മ്മിച്ച് യു.പിയിലെ ഫാക്ടറി; യോഗിയുടെ തലയില്‍ എന്താണെന്ന് മനസ്സിലായില്ലേയെന്ന് പ്രശാന്ത് ഭൂഷണ്‍
national news
കഴുതച്ചാണകം കൊണ്ട് മസാലപ്പൊടികള്‍ നിര്‍മ്മിച്ച് യു.പിയിലെ ഫാക്ടറി; യോഗിയുടെ തലയില്‍ എന്താണെന്ന് മനസ്സിലായില്ലേയെന്ന് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 3:27 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ സംഘടനയുടെ അംഗം നടത്തുന്ന ഫാക്ടറിയില്‍ വ്യാജ മസാലപ്പൊടികള്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ നാണംകെട്ട് ബി.ജെ.പിയും യോഗി ആദിത്യനാഥും.

ഉത്തര്‍പ്രദേശിലെ ഹാത്രാസിലെ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡിലാണ് ഭക്ഷ്യയോഗ്യമല്ലാത്തതും അപകടകരവുമായ വസ്തുക്കള്‍ ഉപയോഗിച്ച് മസാലപ്പൊടികള്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തിയത്. വൈക്കോലും കഴുതച്ചാണകവും ആസിഡും ഭക്ഷ്യയോഗ്യമല്ലാത്ത നിറങ്ങളും ചേര്‍ത്തായിരുന്ന ഈ ഫാക്ടറിയില്‍ കൃത്രിമ പൊടികള്‍ നിര്‍മ്മിച്ചിരുന്നത്.

ഇത്തരത്തില്‍ നിര്‍മ്മിച്ച മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും മഞ്ഞളുമെല്ലാം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.

അനൂപ് വര്‍ഷ്‌ണേയ് എന്നയാളാണ് ഈ ഫാക്ടറി നടത്തുന്നത്. അനൂപ് തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയിലെ സജീവ പ്രവര്‍ത്തകനാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002ല്‍ സ്ഥാപിച്ച സംഘപരിവാര്‍ സംഘടനായാണ് യുവവാഹിനി. അനൂപിനെ കുറിച്ചുള്ള ഈ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ നിരവധി പേരാണ് യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചും ട്രോളിയും രംഗത്തെത്തിയത്.

മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും യോഗി ആദിത്യനാഥിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ‘ആഹാ, ആദിത്യനാഥിന്റെ ആള്‍ക്കാര്‍ കഴുതച്ചാണകവും വൈക്കോലും ആസിഡും ഉപയോഗിച്ച് കൃത്രിമ മസാലപ്പൊടികള്‍ നിര്‍മ്മിക്കുകയാണ്. ഇവരുടെയൊക്കെ തലയില്‍ എന്താണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ.’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

നിലവില്‍ ഫാക്ടറിയുടെ ഉടമയായി അനൂപ് വര്‍ഷ്‌ണേയ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവിടെ നിന്നും പിടിച്ചെടുത്ത മസാലപ്പൊടികള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്ന ശേഷമായിരിക്കും ഭക്ഷ്യ സുരക്ഷാലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan against Yogi Adityanath, after a factory making fake spices with donkey dung was found