എഡിറ്റര്‍
എഡിറ്റര്‍
വിചാരണ തടവുകാരന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ്? മഅ്ദനി കേസില്‍ ജഡ്ജിമാരെ ഉത്തരംമുട്ടിച്ച് പ്രശാന്ത് ഭൂഷണ്‍
എഡിറ്റര്‍
Tuesday 1st August 2017 9:00am

ന്യൂദല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയെ ഉത്തരംമുട്ടിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ ചോദ്യങ്ങള്‍. ബംഗളുരവില്‍ നിന്നും കേരളത്തിലേക്ക് അകമ്പടി വരുന്ന പൊലീസിന്റെ സുരക്ഷാ ചിലവ് മഅ്ദനി വഹിക്കണമെന്ന കോടതി നിലപാടിനെയാണ് പ്രശാന്ത് ഭൂഷണ്‍ ചോദ്യം ചെയ്തത്.

ഒരു തവണ നിരപരാധിത്വം തെളിയിച്ച മനുഷ്യനെ വീണ്ടും വിചാരണത്തടവിലിട്ടശേഷം നല്‍കുന്ന പൊലീസ് സുരക്ഷയുടെ ചിലവ് വഹിക്കണമെന്നു പറയുന്നതില്‍ നിയമവശം എന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെക്കും നാഗേശ്വര റാവുവിനും കഴിഞ്ഞില്ല.


Must Read: ‘എന്നാ പിന്നെ അകത്തോട് കയറി ഇരിക്കായിരുന്നില്ലേ’; ഗസ്റ്റ് ഹൗസിനുള്ളില്‍ കയറിയതിന് കലി തുള്ളിയ പിണറായി വിജയനെ ഓര്‍ത്തെടുത്ത് മാധ്യമ പ്രവര്‍ത്തകന്‍, വീഡിയോ കാണാം


പ്രശാന്ത് ഭൂഷണെപ്പോലുള്ള പ്രഗത്ഭരായ അഭിഭാഷകരെ നിര്‍ത്തി കേസ് വാദിക്കാന്‍ മഅ്ദനി ഫീസ് നല്‍കുന്നില്ലേ എന്ന മറുചോദ്യമായിരുന്നു ജസ്റ്റിസ് ബോബ്‌ഡേ ചോദിച്ചത്. ഇതിന് പതിഞ്ഞ സ്വരത്തില്‍ വികാര നിര്‍ഭരമായ മറുപടിയാണ് പ്രശാന്ത് ഭൂഷണ്‍ നല്‍കിയത്.

മഅദ്‌നി അനുഭവിച്ച പീഡനങ്ങള്‍ വിവരിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്വന്തം കൈപ്പടയില്‍ തനിക്ക് ഒരു കത്തെഴുതി നല്‍കിയിരുന്നെന്നും അതുകൊണ്ടാണ് മഅ്ദനിക്കുവേണ്ടി ഹാജരായതെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ മറുപടി. ഇതോടെ ജഡ്ജിമാര്‍ നിശബ്ദരായി.

എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ വാദം തുടര്‍ന്നു. ഒരു വിചാരണ തടവുകാരന്റെ സുരക്ഷാ ചിലവിന്റെ ഉത്തരവാദിത്തം ആ തടവുകാരനോ അതോ സര്‍ക്കാറിനോ എന്ന് കോടതി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ‘ഈ ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസമാണ്’എന്നായിരുന്നു ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ മറുപടി.

തുടര്‍ന്ന് ഇതേക്കുറിച്ച് ജഡ്ജിമാര്‍ കര്‍ണാടക സര്‍ക്കാറിന്റെ അഭിപ്രായം തേടി. എന്നാല്‍ സുരക്ഷ ചിലവു വഹിക്കില്ലെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതോടെ മഅ്ദനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുമെന്ന വ്യക്തമാക്കിയ കോടതി തിയ്യതിയെക്കുറിച്ചും മറ്റും അന്വേഷിച്ചു.

ഒമ്പതിനു നടക്കുന്ന വിവാഹത്തിനും 13നുള്ള വിവാഹ സല്‍ക്കാരത്തിലും പങ്കെടുക്കാന്‍ അനുമതി വേണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ ആവശ്യം അംഗീകരിച്ചതായി കോടതി അറിയിക്കുകയായിരുന്നു.

Advertisement