അന്ന് കോളേജിൽ നിന്ന് പരിപാടി അവതരിപ്പിക്കാൻ വന്ന ആളായിരുന്നു ഡയാന കുര്യൻ, ഇന്നത്തെ നയൻ‌താര: പ്രശാന്ത് അലക്സാണ്ടർ
Entertainment
അന്ന് കോളേജിൽ നിന്ന് പരിപാടി അവതരിപ്പിക്കാൻ വന്ന ആളായിരുന്നു ഡയാന കുര്യൻ, ഇന്നത്തെ നയൻ‌താര: പ്രശാന്ത് അലക്സാണ്ടർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd November 2023, 8:20 pm

ടെലിവിഷൻ പരിപാടികളിലൂടെ അവതാരകനായി കരിയർ തുടങ്ങി ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് നിലവിൽ മലയാള സിനിമയിലെ ശ്രദ്ധേയനായ നടനായി മാറിയ താരമാണ് പ്രശാന്ത് അലക്സാണ്ടർ.

വാൽകണ്ണാടി എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകനായിരുന്ന സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം.

ഒരിക്കൽ പരിപാടിയിൽ പങ്കെടുക്കാൻ നടി നയൻ‌താര കോളേജിലെ കൂട്ടുകാരോടൊപ്പം വന്നിരുന്നുവെന്നും അന്നവർ തന്റെ ഭാര്യയുടെ ജൂനിയർ ആയിരുന്നുവെന്നും പ്രശാന്ത് പറയുന്നു. കാൻചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊറേ അധികം പേർക്ക് അവരുടെ സ്കിൽ കാണിക്കാനുള്ള ഒരു വേദി ആയിരുന്നു വാൽകണ്ണാടി. പാടാൻ അറിയുന്നവർക്കും ഡാൻസ് ചെയേണ്ടവർക്കും മിമിക്രി കാണിക്കുന്നവർക്കുമെല്ലാം അവസരം ആ പരിപാടിയിൽ ഉണ്ടായിരുന്നു. അവസരം ചോദിക്കുന്ന എല്ലാവർക്കും വാൽകണ്ണാടിയിൽ അവസരം കൊടുക്കുമായിരുന്നു.

അങ്ങനെ ഒരു ദിവസം കൂട്ടുകാരോടൊപ്പം പരിപാടി അവതരിപ്പിക്കാൻ വന്ന ആളായിരുന്നു ഡയാന കുര്യൻ. കോളേജിൽ എന്റെ ഭാര്യയുടെ ജൂനിയർ ആയിരുന്നു ഡയാന. ക്രിസ്മസിന് തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഒരു ഗ്രൂപ്പ്‌ വാൽകണ്ണാടിയിലേക്ക് പാടാൻ വേണ്ടി വന്നു. അങ്ങനെയാണ് ഡയാന അവിടെ എത്തുന്നത്.

അതേ സമയം തന്നെ പാരലലായി കൈരളി ചാനലിലും ചമയം എന്ന പേരിൽ പുള്ളിക്കാരി ഒരു പരിപാടി ചെയുന്നുണ്ടായിരുന്നു. ഇതിൽ ഏതാണ് ആദ്യം ടി.വിയിൽ വന്ന പരിപാടിയെന്ന് എനിക്കറിയില്ല. പാടാൻ വന്ന ഡയാന ഒരുപാട് ഉയരത്തിൽ എത്തിയത് കൊണ്ടല്ലേ അവരെ ആദ്യമായി ടെലിവിഷനിൽ കൊണ്ട് വന്നതെന്ന് നമ്മൾ അവകാശപ്പെടുന്നത്, അല്ലെങ്കിൽ മിണ്ടില്ലല്ലോ(ചിരി).

അങ്ങനെ ഒത്തിരി പേര് അവിടെ വന്നിട്ടുണ്ട്. ഞാനും ജ്യോതിർമയിയും കൂടെയാണ് ആ പരിപാടിയുടെ ആങ്കറിങ് തുടങ്ങുന്നത്. ജ്യോതി പിന്നെ മീശ മാധവൻ വന്ന് തിരക്കായി അങ്ങനെ പോയി. അങ്ങനെ ഒരുപാട് ആളുകൾ ആ പരിപാടിയുടെ ഭാഗമായിട്ടുണ്ട്,’ പ്രശാന്ത് അലക്സാണ്ടർ പറയുന്നു.

Content Highlight: Prasanth Alexander Talk About Nayanthara