എഡിറ്റര്‍
എഡിറ്റര്‍
‘വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയട്ടെ ആ ജീര്‍ണമസ്തിഷ്‌കങ്ങള്‍’; മംഗളത്തിന്റെ കുറ്റസമ്മതത്തിനെതിരെ തുറന്നടിച്ച് പ്രമോദ് രാമന്‍
എഡിറ്റര്‍
Friday 31st March 2017 7:30am

കൊച്ചി: മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലെത്തിച്ച വിവാദ ഫോണ്‍ കോള്‍ ചാനലിന്റെ ഹണി ട്രാപ്പാണെന്ന് ചാനല്‍ സിഇഒ തുറന്ന് സമ്മതിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ രംഗത്ത്. ഞെട്ടിക്കുന്ന ബ്രേക്കിംഗ് രാവിലെ 11 മണിക്ക് കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും രാത്രി 10 മണിക്ക് സാധിച്ചു എന്നായിരുന്നു പ്രമോദ് രാമന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് അവര്‍ തിരിച്ചറിയട്ടെ എന്നും പ്രമോദ് രാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഞെട്ടിക്കുന്ന രണ്ടാമത്തെ വാര്‍ത്ത ഇന്ന് രാവിലെ പുറത്തുവിടുമെന്ന് വിവാദ ചാനല്‍ അറിയിച്ചെങ്കിലും മറ്റ് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത ജില്ലാ കോടതി ജഡ്ജി നിയമനത്തിലെ ക്രമകേടിനെപ്പറ്റിയായിരുന്നു അത്. അതിനാല്‍ തന്നെ പ്രതീക്ഷിച്ച കോളിളക്കം ഉണ്ടാക്കാന്‍ വാര്‍ത്തയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീടായിരുന്നു ഇന്നലെ രാത്രിയോടെ കുറ്റസമ്മതവുമായി ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ രംഗത്തെത്തിയത്.

അജിത് കുമാറിന്റെ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും രണ്ട് പേര്‍ രാജി വയ്ക്കുകയും ചെയ്തു. ഡെപ്യൂട്ടി എഡിറ്റര്‍ എം.എം. രാഗേഷ്, വയനാട് റിപ്പോര്‍ട്ട് ദീപക് മലയമ്മ എന്നിവരായിരുന്നു രാജി വച്ചത്. ചാനല്‍ സി.ഇ.ഒയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇരുവരും രാജി വച്ചതും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.


Also Read: ‘ ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന് ‘;മംഗളം സി.ഇ.ഒയ്‌ക്കെതിരെ പൊട്ടിത്തെറിച്ചും  പിന്നാലെ രാജിവെച്ചും ഡെപ്യുട്ടി എഡിറ്റര്‍


പ്രമോദ് രാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞെട്ടിക്കുന്ന ബ്രേക്കിംഗ് രാവിലെ 11 മണിക്ക് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാത്രി 10 മണിക്ക് കൊടുത്തു. സമസ്താപരാധങ്ങള്‍ക്കും മാപ്പ്. വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയട്ടെ ആ ജീര്‍ണമസ്തിഷ്‌കങ്ങള്‍.

Advertisement