സ്വര്‍ണക്കടത്ത്: സൂചനയും കുരുക്കുകളും ക്ലിഫ് ഹൗസില്‍ നിന്നും സെക്രട്ടേറിയറ്റ് വഴി ദുബായ് തുരങ്കവും കഴിഞ്ഞപ്പോള്‍ ബാക്കിയെന്തുണ്ട് ?
FB Notification
സ്വര്‍ണക്കടത്ത്: സൂചനയും കുരുക്കുകളും ക്ലിഫ് ഹൗസില്‍ നിന്നും സെക്രട്ടേറിയറ്റ് വഴി ദുബായ് തുരങ്കവും കഴിഞ്ഞപ്പോള്‍ ബാക്കിയെന്തുണ്ട് ?
പ്രമോദ് പുഴങ്കര
Wednesday, 14th October 2020, 12:23 pm

സൂചനകളും കുരുക്കുകളും സമ്മര്‍ദ്ദവും ആകെ അപകടത്തിലായ രാജ്യസുരക്ഷയും ക്ലിഫ് ഹൗസില്‍ നിന്നും സെക്രട്ടേറിയറ്റ് വഴി ദുബായിലേക്കുള്ള തുരങ്കവും ഒക്കെ കഴിഞ്ഞപ്പോള്‍, ബാക്കി നില്‍ക്കുന്നതെന്താണ്? കസ്റ്റംസ് കുറ്റപത്രം ഇതുവരെയും സമര്‍പ്പിച്ചില്ല. അതുകൊണ്ട് മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Prevention of Money Laundering Act പ്രകാരമെടുത്ത കേസിലും പ്രതിയായ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. അതും ഏറ്റവും താഴെത്തട്ടിലുള്ള കോടതികളില്‍ നിന്നാണ്. പ്രാഥമിക ജാമ്യാപേക്ഷകളിലാണ്. അതായത് പ്രതികള്‍ക്ക് ജാമ്യം കൊടുത്താലും അവര്‍ പുറത്തിറങ്ങിയാലും ഈ കേസില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും വരാനില്ലെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നും, തുടര്‍ കുറ്റകൃത്യത്തിന് സാധ്യതയില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു എന്നാണ് അര്‍ത്ഥം.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ഇപ്പോള്‍ ആരോപിച്ച കുറ്റത്തിന്റെ പേരിലും അതില്‍ അന്വേഷിച്ചു കണ്ടെത്തിയ തെളിവുകളുടെ പേരിലും ഇനിയും തടവില്‍ വെക്കാന്‍ ഒരു സാധ്യതയുമില്ല എന്ന് അന്വേഷണ ഏജന്‍സികള്‍ക്കും ബോധ്യമായിരിക്കുന്നു. അതുകൊണ്ടാണ് NIA ആദ്യഘട്ടത്തില്‍ത്തന്നെ ജാമ്യം കിട്ടാന്‍ ദുഷ്‌കരമായ-Unlawful Activities (Prevention) Act- UAPA അനുസരിച്ച് പ്രതി ചേര്‍ത്തത്.

അതായത് 180 ദിവസം വരെ പ്രതികളെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെത്തന്നെ അന്വേഷണത്തിന്റെ പേരില്‍ ജാമ്യം നിഷേധിച്ച് തടവിലിടാനാകും. നിസാരമായ കാരണങ്ങള്‍ കാണിച്ചുപോലും അതിനു ശേഷവും തടവ് നീട്ടാം. ഇപ്പോള്‍ സ്വപ്ന സുരേഷ് അടക്കമുള്ള മൂന്ന് പ്രതികളെ Conservation of Foreign Exchange and Prevention of Smuggling Act (COFEPOSA)-നു കീഴില്‍ കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുകയാണ്. അതായത് ഒരു വര്‍ഷം വരെ അവരെ പ്രത്യേക കാരണങ്ങളൊന്നും ബോധിപ്പിക്കാതെ, habitual smugglers എന്ന ഗണത്തില്‍പ്പെടുത്തി തടവില്‍ വെക്കാം.

ചുരുക്കം ഇതാണ്, UAE consulate-നെ മറയാക്കി നടന്ന സ്വര്‍ണകള്ളക്കടത്ത് അന്വേഷണം പ്രാഥമികമായ ചില ഘട്ടങ്ങളില്‍ നിന്നുകൊണ്ട് ചുറ്റിത്തിരിയുകയാണ്. പ്രതികള്‍ക്കെതിരെ സ്വര്‍ണകള്ളക്കടത്തില്‍ കവിഞ്ഞ ഒരു കുറ്റവും ആരോപിക്കാന്‍ പോലുമുള്ള തെളിവുകള്‍ ഇപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ പക്കലില്ല. കള്ളക്കടത്ത് ഒരു അപൂര്‍വ കുറ്റകൃത്യം അല്ലാത്തതിനാല്‍ അത് കൈകാര്യം ചെയ്യാനുള്ള നിയമങ്ങളും അവയിലെ നടപടികളും അനുസരിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് പ്രതികള്‍ ജാമ്യം നേടി പുറത്താകുന്നത് തടയാന്‍ വളഞ്ഞ വഴിയില്‍ ശ്രമിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍.

ഈ കേസില്‍ UAPA ചുമത്താന്‍ എങ്ങനെയാണ് സാധിക്കുക, എന്താണ് അതിനാസ്പദമായ കുറ്റകൃത്യം, തെളിവുകള്‍ എന്ന കോടതിയുടെ ചോദ്യത്തിന് അതൊക്കെയുണ്ട്, പിന്നെപ്പറയാം ഇപ്പോള്‍ ബുദ്ധിമുട്ടിക്കരുത് എന്നല്ലാതെ മറ്റൊരു മറുപടിയും നല്‍കാന്‍ NIAക്ക് കഴിഞ്ഞിട്ടില്ല. ജൂലായ് 5-നു 14.8 കോടി രൂപ വില വരുന്ന 30 kg സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്ത കസ്റ്റംസിന് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.

ED-യുടെ കേസിന്റെ കാര്യം അതിലും ദുര്‍ബലമാണ്. പ്രതി അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന മൊഴി പ്രാഥമിക തെളിവായി കോടതിയില്‍ നല്‍കാം എന്ന ജനാധിപത്യവിരുദ്ധമായ ഒരു വകുപ്പുള്ള PMLA വെച്ച് കേസ് charge ചെയ്തിട്ട് പോലും ഇക്കഴിഞ്ഞ ദിവസം ED കേസില്‍ സ്വപ്നക്ക് ജാമ്യം കിട്ടി. അതായത് ED യുടെ അന്വേഷണം അത്രയേറെ പരിതാപകരമാണ്.

എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്? അന്വേഷണത്തിന്റെ പ്രധാന താത്പര്യം സ്വര്‍ണക്കടത്ത് നടത്തിയവരെ പിടികൂടുക എന്നതല്ല എന്നതുകൊണ്ടാണ്. അങ്ങനെയാണെങ്കില്‍ ജൂലായ് 9-നു NIA അന്വേഷണം ഏറ്റെടുത്ത കേസില്‍, ജൂലായ് 16-നു UAE Consulate attache റഷീദ് അല്‍-സലാമി രാജ്യം വിടില്ലായിരുന്നു. ജൂലായ് 5-നു സ്വര്‍ണവുമായി വന്ന baggage attache-യുടെ പേരിലായിരുന്നു എന്നോര്‍ക്കണം. ഇനി നയതന്ത്ര സങ്കീര്‍ണതകള്‍ മൂലം അത് തടയാന്‍ സാധിച്ചില്ല എന്നാണെങ്കില്‍ attache-യെ ചോദ്യം ചെയ്യാനുള്ള അനുമതി UAE സര്‍ക്കാരില്‍ നിന്നും NIA തേടേണ്ടതായിരുന്നു. അതും ചെയ്തില്ല.

ജൂലായ് 16-നു രാജ്യം വിട്ട attacheയുടെ അംഗരക്ഷകന്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കാണപ്പെട്ടു. അതിന്റെ തുടരന്വേഷണം എങ്ങുമെത്തിയില്ല. Attache പോയ ദുഖത്തിലാണോ Gunman ആത്മഹത്യക്ക് (നാടകം?) ശ്രമിച്ചത്? ജൂലായ് 19-നു ഫൈസല്‍ ഫരീദ് എന്ന സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ UAEയില്‍ പിടിയിലായതായി നമ്മളെ അറിയിച്ചു. ഇത്രയും നാളായി, ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരു ഔദ്യോഗിക നടപടിക്രമവും വേണ്ടവിധത്തില്‍ നടന്നിട്ടില്ല.

സ്വര്‍ണം ആരയച്ചു, ആര്‍ക്കയച്ചു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇടനിലക്കാരോ, കടത്തുകാരോ മാത്രമാണ് പിടിയില്‍. എന്നാല്‍ ED ചെയ്യുന്നതാകട്ടെ സ്വര്‍ണക്കടത്തിലെ പ്രതി Consulate-മായി ബന്ധപ്പെട്ട് നടത്തിയ സ്വകാര്യ കരാര്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെ കുടുക്കാന്‍ വകുപ്പുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

ഇന്ന് അത് സംബന്ധിച്ച CBI അന്വേഷണത്തിന്റെ കാര്യത്തില്‍ FCRA violation ഇല്ല എന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ വരാന്‍ സാമാന്യമായി യാതൊരു നിയമ പിന്‍ബലവുമില്ല എന്നും ഹൈക്കോടതി പറഞ്ഞതോടെ അക്കാര്യത്തില്‍ നടന്നത് വെറും രാഷ്ട്രീയക്കളിയാണ് എന്ന് തെളിയുകയാണ്.

FCRA ലംഘനം ഇല്ലെങ്കില്‍ സ്വകാര്യ നിര്‍മ്മാണ കമ്പനിയെപ്പോലും പ്രതിചേര്‍ക്കാനാവില്ല എന്നാണ് അവസ്ഥ. അപ്പോള്‍ Peoensâ Protocol ലംഘനം? ഈന്തപ്പഴത്തില്‍ കടത്തിയ സ്വര്‍ണം? ഈന്തപ്പഴം അയച്ച UAE സര്‍ക്കാരിന്റെ താത്പര്യം? ഖുര്‍ആന്‍ അയച്ചത് UAE സര്‍ക്കാരാണെങ്കില്‍ ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ സഹായിച്ചു എന്നാണോ NIA പറയുന്നത്?

UAE conuslate വഴി ഭീകരവാദത്തിന് ധനസഹായമായി സ്വര്‍ണക്കടത്ത് നടത്തുന്നത് UAE-യില്‍ നിന്നും ആരാണ്? Attache ഭീകരവാദിയാണോ? UAE-യുമായി ഇത്രയും നിര്‍ണായകമായ ഭീകരവാദ ധനസഹായ വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം എന്തെങ്കിലും ആശയവിനിമയം നടത്തിയോ? UAEയുടെ പ്രതികരണം എന്താണ്? പ്രാഥമികമായി ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായില്ലെങ്കില്‍ പിന്നെങ്ങനെയാണ് സ്വര്‍ണക്കടത്തിലെ ഭീകരവാദബന്ധം നിലനില്‍ക്കുക?

അതുകൊണ്ടാണ്, പ്രതികളെ habitual smugglers എന്ന മട്ടില്‍ തടവിലിടാന്‍ COFEPOSA ചുമത്തിയത്. ഈ നിയമം തന്നെ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ 1974-ലെ ജനാധിപത്യ വിരുദ്ധ നിയമമാണ്. അന്നുണ്ടാക്കിയ MISA അടക്കമുള്ള ഇത്തരം നിയമങ്ങള്‍ പോയെങ്കിലും ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ പെടുത്തിയ COFEPOSAയും Smugglers and Foreign Exchange Manipulators Act (SAFEMA) 1976ഉം നിലനില്‍ക്കുകയാണ്.

ഈ കേസില്‍ Proceeds of crime കൈകാര്യം ചെയ്യുകയോ അത് തിരിമറി ചെയ്യാന്‍ സഹായിക്കുകയോ ചെയ്തതായി തെളിവില്ലെങ്കില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ ഈ കേസില്‍ പ്രതിയാക്കാനുള്ള ഒരു വഴിയും ഉണ്ടാകില്ല. Bank Locker എടുത്തതിനുള്ള സഹായമൊക്കെ ഈ കള്ളക്കടത്ത് പണമാണ് അതില്‍ വെച്ചത് എന്നല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ട ഔദ്യോഗിക പദവിക്ക് ചേരാത്ത നടപടികളില്‍പ്പെടുന്നവ മാത്രമാകും.

അപ്പോള്‍ UAE consulate മറയാക്കി നടത്തിയ ഒരു കള്ളക്കടത്തിന് സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണം എന്ന ആവശ്യത്തിനു വേണ്ട തെളിവുകള്‍ക്കായി അന്വേഷണം നടത്തുമ്പോള്‍ വരുന്ന പങ്കപ്പാടുകളാണ് ഇപ്പോള്‍ NIA, ED, CBI കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികള്‍ അനുഭവിക്കുന്നത്. അവര്‍ക്കത് എത്രയോ കാലമായി ശീലമായതുകൊണ്ട് ഈ കോമാളി നാടകം ഉടനെയൊന്നും അവസാനിക്കാനും പോകുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Problems and absurdities in the Gold smuggling Case,  Pramod Puzhankara writes

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍