'വന്നുവന്ന് ഞാനിപ്പൊ വീട്ടിലെ ഒരു ബംഗാളിയായിട്ടുണ്ട്; മടുത്തച്ഛാ മടുത്ത്'; പ്രകാശന്‍ പറക്കട്ടെ സ്‌നീക് പീക്
Entertainment news
'വന്നുവന്ന് ഞാനിപ്പൊ വീട്ടിലെ ഒരു ബംഗാളിയായിട്ടുണ്ട്; മടുത്തച്ഛാ മടുത്ത്'; പ്രകാശന്‍ പറക്കട്ടെ സ്‌നീക് പീക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th June 2022, 7:59 pm

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രം പ്രകാശന്‍ പറക്കട്ടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ 17ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്.

ഒരു കോമഡി ഫാമിലി ഇമോഷണല്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സ്‌നീക് പീക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ദിലീഷ് പോത്തന്റെയും മകനായെത്തുന്ന മാത്യു തോമസിന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതിന്റെ രസകരമായ ഒരു വീഡിയോയാണ് മൂവിബഫ് മലയാളം ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

തന്നെക്കുറിച്ച് അമ്മയും നാട്ടുകാരിയും ചേര്‍ന്ന് ‘അപവാദങ്ങള്‍’ പറഞ്ഞുപരത്തുന്നതായി അച്ഛനോട് മകന്‍ പരാതി പറയുന്നതിന്റെ രസകരമായ രംഗമാണ് സ്‌നീക് പീക് വീഡിയോയിലുള്ളത്.

”അച്ഛാ എനിക്ക് സീരിയസായി ഒരു കാര്യം പറയാനുണ്ട്. വന്നുവന്ന് ഞാനിപ്പൊ വീട്ടിലെ ബംഗാളിയായെന്നാണ് എനിക്ക് തോന്നുന്നത്. അമ്മയെക്കൊണ്ട് തോറ്റച്ഛാ.

കുത്തിക്കുത്തി പറയുക, പഠിക്കാത്തതിന് ചീത്ത പറയുക. സ്വന്തം അമ്മ തന്നെ അപവാദങ്ങള്‍ പറയാ. മടുത്തച്ഛാ മടുത്ത്.

ഞാനിന്ന് കോഴിക്കോട് ബീച്ചില്‍ പോയത്രേ, ഗിരിജേച്ചി അത് കണ്ടത്രേ,” മാത്യു തോമസിന്റെ കഥാപാത്രം പറയുന്നു.

അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന്‍ പറക്കട്ടെ നിര്‍മിച്ചിരിക്കുന്നത്.

നിഷ സാരംഗ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, ഗോവിന്ദ് പൈ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം, ചിത്രത്തിലെ ടോക്‌സിക്- സ്ത്രീ വിരുദ്ധ തമാശകള്‍ക്കും പീഡോഫീലിക് കണ്ടന്റുകളെ കോമഡിയാക്കി കാണിക്കുന്ന തരത്തിലുള്ള അവതരണത്തിനുമെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

Content Highlight: Prakashan Parakkatte sneak Peak video starring Mathew Thomas and Dileesh Pothan