എഡിറ്റര്‍
എഡിറ്റര്‍
‘മകന്‍ മരിച്ചു കിടക്കുമ്പോള്‍ പ്രകാശ് രാജ് നര്‍ത്തകിയ്ക്ക് പിന്നാലെ പോയി’; ബി.ജെ.പി എം.പിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് താരം
എഡിറ്റര്‍
Saturday 25th November 2017 8:18pm

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് തനിക്കെതിരെ വ്യക്തി വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പിയ്ക്ക് മറുപടിയുമായി പ്രകാശ് രാജ്. മൈസൂരില്‍ നിന്നുമുള്ള ബി.ജെ.പി എം.പിയായ പ്രതാപ് സിംഗിനെതിരെയാണ് പ്രകാശ് രാജ് ഇപ്പോള്‍ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരവും അപമാനിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് എം.പിയ്‌ക്കെതിരെ താരം രംഗത്തെത്തിയത്.

തന്നെ പരിഹസിക്കുക മാത്രമല്ല, വ്യക്തിപരമായി അധിക്ഷേപിക്കുകയും കുടുംബത്തെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്ത എം.പി പത്തു ദിവസത്തിന് അകം മാപ്പ് പറയണമെന്നാണ് പ്രകാശ് രാജ് പറയുന്നത്. അല്ലാത്ത പക്ഷം എം.പിയ്‌ക്കെതിരെ കേസ് നല്‍കുമെന്നും പ്രകാശ് രാജ് വ്യക്തമാക്കുന്നു.

മോദിയെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിനെതിരെ ബി.ജെ.പി എം.പി രംഗത്തെത്തിയത്. തന്റെ മകന്‍ മരിച്ചു കിടക്കുമ്പോള്‍ പ്രകാശ് രാജ് നര്‍ത്തകിയ്ക്ക് പുറകെ പോയെന്നായിരുന്നു പ്രതാപ് സിംഗിന്റെ പ്രസ്താവന. ഇതിനെതിരെയാണ് പ്രകാശ് രാജ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഞാന്‍ രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങള്‍ക്കെന്നെ പരിഹസിക്കാനോ കഥകള്‍ പ്രചരിപ്പിക്കാനോ കഴിയില്ല. ഞാന്‍ മോദിയുടെ നിശബ്ദതയെ കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ മകന്‍ മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ നര്‍ത്തകിയ്ക്ക് പിന്നാലെ പോയെന്നാണ് അയാള്‍ പറയുന്നത്.’ പ്രകാശ് രാജ് പറയുന്നു.

2004 ലായിരുന്നു പ്രകാശ് രാജിന്റെ നാലു വയസുകാരന്‍ മകന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിക്കുന്നത്. താന്‍ ലൈംഗികതയ്ക്ക് അടിമപ്പെട്ടിരിക്കുകയാണെന്നാണ് എം.പി പറയുന്നതെന്നും തന്റെ മകന്റെ വിയോഗത്തിലുള്ള ദുഖത്തെയും എം.പി അപമാനിച്ചതായി പ്രകാശ് രാജ് പറഞ്ഞു.

തനിക്കൊരു മകള്‍ ഉണ്ടെന്നും അവള്‍ തന്നോട് എല്ലാം ചോദിക്കുന്നുണ്ടെന്നും പറഞ്ഞ താരം താനും ഭാര്യയും ഇന്നും മകന്റെ മരണത്തില്‍ നിന്നും മുക്തരായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement