എഡിറ്റര്‍
എഡിറ്റര്‍
‘തണുപ്പിന് വേണ്ടി കാത്തിരിക്കുകയാണോ ശീത കാല സമ്മേളനം തുടങ്ങാന്‍?’; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രകാശ് രാജ് ചോദിക്കുന്നു
എഡിറ്റര്‍
Saturday 25th November 2017 10:45pm

ചെന്നൈ: പാര്‍നിമെന്റില്‍ ശീതകാല സമ്മേളനം വൈകുന്നതില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ‘എന്ത്കൊണ്ടാണ് ശീതകാല സമ്മേളനം നടക്കാത്തത്, ആവശ്യത്തിന് തണുപ്പാകാത്തത് കൊണ്ടാണോ? നിങ്ങളെല്ലാം മറ്റെവിടെയെങ്കിലും തിരക്കിലാണോ? തിരഞ്ഞെടുപ്പിന് മുന്‍പ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതില്‍ ബുദ്ദിമുട്ടുള്ളത് കൊണ്ടാണോ? അതോ സമ്മേളനം ചൂടുപിടിക്കുമെന്ന് കരുതിയിട്ടാണോ?’ തുടങ്ങിയ ചോദ്യങ്ങളുമായി ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതിഷേധം അറിയിച്ചത്.

ഹാഷ്ടാഗിലൂടെ സര്‍ക്കാരിനേയും നേതാക്കളേയും കുറച്ച് നാളുകളായി താരം തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നുണ്ട്. ഈ കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന് മാപ്പ് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമോ എന്ന ചോദ്യത്തിലൂടെ നോട്ട് നിരോധനത്തിനെ അദ്ദേങം പരിഹസിച്ചിരുന്നു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു അത്.

ദേശീയ വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്ന് പറയുന്ന തെന്നിന്ത്യന്‍ താരമാണ് പ്രകാശ് രാജ്. ദേശീയഗാന വിവാദത്തിലും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ കമല്‍ഹാസന് പിന്തുണയുമായും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.

സാധാരണയായി നവംബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയോട് കൂടിയാണ് ശീത സമ്മേളനം തുടങ്ങാറ്. നിയമങ്ങള്‍ അനുസരിച്ച് സെഷന്‍ ആരംഭിക്കുന്നതിന് 15 ദിവസം മുന്‍പ് തീയതി പ്രഖ്യാപിക്കേണ്ടതുണ്ട്. മണ്ഡലങ്ങളില്‍ നിന്നും ഡെല്‍ഹിയിലേക്ക് എത്താന്‍ എം.പി.മാര്‍ക്ക് മതിയായ സമയം നല്‍കും. എന്നാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വലിയ താമസമാണ് ഉണ്ടായിട്ടുള്ളത്.

‘സെഷന്‍ ഈ മാസം ആരംഭിക്കുമെന്ന് തോന്നുന്നില്ല. ഡിസംബര്‍ 12 ന് ഗുജറാത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ശേഷമാകും ഈ സെഷന്‍ ആരംഭിക്കാനാവുക എന്നാണ് കരുതുന്നത് ‘എന്ന് കേന്ദ്ര മന്ത്രാലയ വക്താവ് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. ശീതകാല സമ്മേളനത്തിന്റെ കാലതാമസത്തെക്കുറിച്ച് പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുകയാണ്. പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കാനുള്ള ഒരു ന്യായീകരണമായി സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയൈണെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു.

Advertisement