അന്താരാഷ്ട്ര കോഴിക്കോടന്‍ സ്‌കൂളുകള്‍; പ്രിസം പദ്ധതി ഫലപ്രാപ്തിയിലേക്ക്
ന്യൂസ് ഡെസ്‌ക്

സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പ്രിസം പദ്ധതി ആവിഷ്്കരിച്ചിട്ട് പത്ത് വര്‍ഷം തികയുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള പത്ത് സ്‌കൂളുകളാണ് കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങുന്നത്. 2007ല്‍ കോഴിക്കോട് എം.എല്‍ ആയിരുന്ന എ. പ്രദീപ്കുമാറിന്റെ സ്വപ്ന പദ്ധതിയായിരുന്നു പ്രദേശത്തെ ഗവ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്ന പ്രിസം. പ്രിസം പദ്ധതിയിലൂടെ രാജ്യത്തിനു തന്നെ മാതൃകയായ കോഴിക്കോട് നടക്കാവ് സ്‌കൂള്‍ മാതൃകയില്‍ കാരപറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മെഡിക്കല്‍ കോളെജ് കാമ്പസ്സ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിങ്ങനെ മറ്റ് രണ്ട് സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരം കൈവരിച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ ഫണ്ടും ഐ.എസ്.ആര്‍.ഒ, ഐ.ഐ.എം തുടങ്ങിയ മറ്റ് സ്ഥാപനങ്ങളുടെയും ഏജന്‍സികളുടേയും സഹായവും ഉപയോഗിച്ചാണ് സ്‌കൂളിലെ അടിസ്ഥാന സൗകര്യമുള്‍പ്പടെ വികസിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്മുറികള്‍, അന്താരാഷ്ട്ര നിലവാരമുള്ള ലാബുകള്‍, 150 ല്‍ പരം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുകള്‍, ആസ്‌ട്രോ ടറഫ് മൈതാനം, ഹൈ ടെക്ക് ഇന്‍ഡസ്ട്രിയല്‍ കിച്ചണ്‍ ആന്റ് ക്യാന്റീന്‍, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, ജിംനേഷിയം, വിശാലമായ ലൈബ്രറി എന്നിങ്ങനെ എല്ലാ സാങ്കേതിക സൗകര്യങ്ങളും വികസിപ്പിച്ചിരിക്കുകയാണ് സ്‌കൂളുകളില്‍.

പദ്ധതി നടപ്പിലായതിന് ശേഷം പത്താം ക്ലാസ്, പ്ലസ് ടു, വി.എച്ച്.എസ്.സി വിജയശതമാനം വലിയ തോതില്‍ വര്‍ദ്ധിച്ചതായി പ്രിസം കോര്‍ഡിനേറ്ററും നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പലുമായ ജെലൂഷ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കാരപ്പറമ്പ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 9 ാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.പ്രിസം പദ്ധതിയുടെ ഭാഗമായി 12 കോടി മുതല്‍മുടക്കിലാണ് സ്‌കൂള്‍ നവീകരിച്ചത്. പൂര്‍ണമായും സൗരോര്‍ജ്ജത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഹരിതസൗഹൃദ വിദ്യാലയമായിരിക്കും കാരപ്പറമ്പ് സ്‌കൂളെന്നതും പ്രത്യേകതയാണ്.

അക്കാദമിക മികവിനപ്പുറത്ത് വ്യക്തിയുടെ സമ്പൂര്‍ണ്ണ വളര്‍ച്ചയാണ് പദ്ധതി ലക്ഷ്യമിടുന്നത് എന്ന് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ഇതിനായി മാസംതോറും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.