'എനിക്ക് മമ്മൂട്ടിയാകണം'; മാമാങ്കം വേദിയില്‍ വികാരഭരിതയായി പ്രാചി ടെഹ്‌ലാന്‍; എന്തുകൊണ്ടാണ് മാമാങ്കം കാണേണ്ടത് എന്നതിനുത്തരവുമായി ഉണ്ണി മുകുന്ദന്‍
Malayalam Cinema
'എനിക്ക് മമ്മൂട്ടിയാകണം'; മാമാങ്കം വേദിയില്‍ വികാരഭരിതയായി പ്രാചി ടെഹ്‌ലാന്‍; എന്തുകൊണ്ടാണ് മാമാങ്കം കാണേണ്ടത് എന്നതിനുത്തരവുമായി ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2019, 10:17 pm

ഷാര്‍ജ: മാമാങ്കം സിനിമയുടെ പുതിയ ട്രെയിലറും പാട്ടും ആദ്യമായി പ്രദര്‍ശിപ്പിച്ച വേദിയില്‍ വികാരഭരിതയായി നടി പ്രാചി ടെഹ്‌ലാന്‍. നടന്‍ എന്നതിലുപരി മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രാചി പറഞ്ഞു.

മാമാങ്കം ഷൂട്ടിങ്ങിനു ശേഷം ആരാകണമെന്നു തന്നോടൊരിക്കല്‍ ഒരാള്‍ ചോദിച്ചെന്നും അതിനു മറുപടിയായി തനിക്ക് മമ്മൂട്ടിയാകണമെന്നു താന്‍ പറഞ്ഞെന്നും പ്രാചി വെളിപ്പെടുത്തി. താന്‍ ഇത്രകാലം ആരുടെയും വലിയൊരു ഫാനായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

നിറകണ്ണുകളോടെയാണ് പ്രാചി സംസാരിച്ചത്. മാമാങ്കത്തില്‍ അഭിനയിക്കാനായതിലുള്ള തന്റെ സന്തോഷമാണു കണ്ണീരായി വരുന്നതെന്ന് പ്രാചി പറഞ്ഞു. മാമാങ്കം ടീം ഒരു കുടുംബമായിരുന്നെന്നും പ്രാചി പറഞ്ഞു.

എന്തുകൊണ്ടാണ് മാമാങ്കം എന്ന സിനിമ കാണേണ്ടത് എന്ന ചോദ്യത്തിനുത്തരം മമ്മൂക്ക ആണെന്നായിരുന്നു ചടങ്ങില്‍ സംസാരിക്കവേ നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല സിനിമയായിരിക്കും ഇതെന്നും ഉണ്ണി പറഞ്ഞു.

സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ പ്രാചിയെക്കൂടാതെ കനിഹ, അനു സിത്താര എന്നിവരും നായികമാരായി എത്തുന്നു.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എം. പദ്മകുമാറാണ്. തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ്. പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് മനോജ് പിള്ളയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തരുന്‍ രാജ് അറോറ, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.