പ്രഭാസിന് പിറന്നാള്‍; എക്‌സില്‍ ട്രെന്‍ഡിന്‍ങ്ങായി സലാര്‍
Entertainment news
പ്രഭാസിന് പിറന്നാള്‍; എക്‌സില്‍ ട്രെന്‍ഡിന്‍ങ്ങായി സലാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 8:39 am

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസ് ഇന്ന് 44 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന അടുത്ത ചിത്രം.

പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഇപ്പോള്‍ എക്‌സില്‍ ട്രെന്‍ഡിന്‍ങ്ങായിരിക്കുകയാണ് സലാര്‍. സലാര്‍ എക്സ് ഇമോജിക്കൊപ്പമാണ് ഇപ്പോള്‍ ആരാധകര്‍ താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്.

പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ പ്രഭാസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വലിയ ആഘോഷ പരിപാടിയാണ് പിറന്നാളിനോട് അനുബന്ധിച്ച് ആരാധകര്‍ ഒരുക്കിയിട്ടുള്ളത്.

ഡിസംബര്‍ 22നാണ് സലാര്‍ തിയേറ്ററില്‍ എത്തുക. കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയാണ് സലാര്‍. ബാഹുബലി 2വിന് ശേഷം വന്ന സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഡിസാസ്റ്ററുകളായിരുന്നു.

സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്.

ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി ഡിസംബര്‍ 21 നാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമ ലോകം കാണാന്‍ പോകുന്ന വലിയൊരു ക്ലാഷ് ആകും സാലറും ഡങ്കിയും.

Content Highlight: Prabhas celebrating birthday today & salaar is now trending on x