കോഴിക്കോട് മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു
kERALA NEWS
കോഴിക്കോട് മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 10:59 am

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോഴിക്കോടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയതിന്റെ പേരില്‍ ഇന്നലെ അറസ്റ്റ് ചെയ്ത കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ ഇന്നലെ കസബ പൊലീസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. ഇതിന് ശേഷം രാത്രി 11.30 ന് ഐ.പി.സി 151 പ്രകാരം കേസെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.

സമാധാനപരമായും ജനാധിപത്യപരമായും ആശയയ പ്രചരണം നടത്തി തങ്ങളെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് കര്‍ഷക സംഘടന പ്രവര്‍ത്തകന്‍ കെ.വി ബിജു പറഞ്ഞു.

‘ മോദി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ എന്ന തലക്കെട്ടില്‍ മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളേയും വ്യാജ വാഗ്ദാനങ്ങളേയും തുറന്നു കാട്ടുന്ന നോട്ടീസായിരുന്നു സംഘടനാ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

ഇതിന് പിന്നാലെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തിയത്. ഇതിന് മുന്നോടിയായിട്ടായിരുന്നു അറസ്റ്റ്.