ഗോള്‍ വേട്ട തുടര്‍ന്ന് റൊണാള്‍ഡോ; പോര്‍ച്ചുഗല്‍ കുതിക്കുന്നു
Football
ഗോള്‍ വേട്ട തുടര്‍ന്ന് റൊണാള്‍ഡോ; പോര്‍ച്ചുഗല്‍ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th November 2023, 8:45 am

2024 യൂറോ യോഗ്യത മത്സരത്തില്‍ ലിച്ചെന്‍സ്റ്റീനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ലിച്ചെന്‍സ്റ്റീന്റെ ഹോം ഗ്രൗണ്ടായ റൈന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പോര്‍ച്ചുഗല്‍ അവിസ്മരണീയമായ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ 46ാം മിനിട്ടില്‍ ആയിരുന്നു ആയിരുന്നു റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. എതിര്‍ പോസ്റ്റിലേക്ക് വന്ന ഒരു ത്രൂ ബോളിന് അതിവേഗത്തില്‍ ഓടിയ റൊണാള്‍ഡോ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ലക്ഷ്യം കാണുകയായിരുന്നു.

യോഗ്യത മത്സരങ്ങളില്‍ എട്ട് മത്സരങ്ങളില്‍ നിന്നും പത്ത് ഗോളുകളുമായി മുന്നേറുകയാണ് റോണോ.

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 50 മത്സരങ്ങളില്‍ നിന്നും 46 ഗോളുകളും 12 അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. പോര്‍ച്ചുഗലിനായി തുടര്‍ച്ചയായ ആറാം വര്‍ഷവും 10+ ഗോള്‍ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമായി.

56ാം മിനിട്ടില്‍ ജാവോ കാന്‍സെലോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ റോണോയും കൂട്ടരും 2-0ത്തിന് മറ്റൊരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ സര്‍വാധിപത്യമായിരുന്നു പോര്‍ച്ചുഗല്‍ നടത്തിയത്. 84 ശതമാനം പന്തും കൈവശം വെച്ചുകൊണ്ടായിരുന്നു പോര്‍ച്ചുഗലിന്റെ ആധിപത്യം. 29 ഷോട്ടുകളാണ് റോണോയും കൂട്ടരും എതിര്‍ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.

നേരത്തേ തന്നെ അടുത്ത വര്‍ഷം ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് റോണോയും കൂട്ടരും യോഗ്യത നേടിയിരുന്നു.

നവംബര്‍ 20ന് ഐസ്ലാന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.

Content Highlight: Portugal won in euro qualifiers with Cristaino Ronaldo good performance.