കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ വേദിയിലെ സ്‌ക്രീനില്‍ പോണ്‍ ക്ലിപ്പ്
national news
കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ വേദിയിലെ സ്‌ക്രീനില്‍ പോണ്‍ ക്ലിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd May 2022, 5:42 pm

ഗുവാഹത്തി: കേന്ദ്രമന്ത്രിയും അസം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിക്കിടയില്‍ വേദിയിലെ സ്‌ക്രീനില്‍ പോണ്‍ ക്ലിപ്പ്. ശനിയാഴ്ച അസമിലെ ടിന്‍സുകിയയില്‍ ഐ.ഒ.സി സംഘടിപ്പിച്ച മെഥനോള്‍ കലര്‍ന്ന എം-15 പെട്രോള്‍ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് സംഭവം.

കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തെലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിസാന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്ന സമയത്താണ് അശ്ലീല വീഡിയോ സ്റ്റേജിന് പിന്നില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ സ്ട്രീം ചെയ്തത്.

ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായാണ് വേദിക്ക് പിന്നിലായി സ്‌ക്രീന്‍ സ്ഥാപിച്ചത്. ഒരു ഐ.ഒ.സി ഉദ്യോഗസ്ഥന്‍ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് അശ്ലീല വീഡിയോ ദൃശ്യം പ്ലേ ചെയ്യാന്‍ തുടങ്ങിയത്.

സംഘാടകര്‍ ഉടന്‍ തന്നെ സ്‌ക്രീന്‍ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറ്റുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ സ്‌ക്രീനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ സദസ്സില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ അതിനകംതന്നെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ റെക്കോഡ് ചെയ്തിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തില്‍ ടിന്‍സുകിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലും തത്സമയം സ്ട്രീം ചെയ്തിരുന്നുവെന്നും ഒരു ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ സൂം മീറ്റിംഗ് ഐഡിയും പാസ്‌കോഡും ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മീറ്റിംഗ് ഐഡിയും പാസ്‌കോഡും മനസിലാക്കിയ കുറ്റവാളി ഇതുപയോഗിച്ച് സൂം മീറ്റിംഗില്‍ പങ്കാളിയാകുകയും തുടര്‍ന്ന് അശ്ലീല വീഡിയോകള്‍ സ്ട്രീം ചെയ്തതാകാമെന്ന് പൊലീസ് സൂപ്രണ്ട് ദേബോജിത് ദിയോറി പറഞ്ഞു.

Content Highlights :Porn Clip Disrupts Indian Oil Event Launched by Union Minister Teli in Assam’s Tinsukia, Probe On