പോണ്‍ വീഡിയോകള്‍ പൗരോഹിത്യ മനസിനെ ദുര്‍ബലപ്പെടുത്തും; ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുക: ഫ്രാന്‍സിസ് മാര്‍പ്പാപ്പ
World News
പോണ്‍ വീഡിയോകള്‍ പൗരോഹിത്യ മനസിനെ ദുര്‍ബലപ്പെടുത്തും; ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുക: ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2022, 7:45 pm

വത്തിക്കാന്‍ സിറ്റി: ഓണ്‍ലൈന്‍ പോണോഗ്രഫിയുടെ ‘അപകടങ്ങളെയും ഭീഷണികളെയും’ കുറിച്ച് റോമിലെ സെമിനാരിയില്‍ പഠിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

സോഫ്റ്റ് പോണ്‍ (soft porn) പൗരോഹിത്യ ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രലോഭനമാണെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്.

തിങ്കളാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ റോമില്‍ പഠിക്കുന്ന വൈദികരില്‍ നിന്നും സെമിനാരിയന്‍സില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

ഇക്കൂട്ടത്തില്‍, ‘ക്രിസ്ത്യാനികള്‍ ആയിരിക്കുന്നതിന്റെ സന്തോഷം പങ്കിടാന്‍’ (to share the joy of being Christians) ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കണമെന്ന ചോദ്യത്തിന് മറുപടി പറയവെ, ഒബ്‌സസീവായ രീതിയില്‍ വാര്‍ത്തകള്‍ കാണുന്നതിനെയും ജോലിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന രീതിയില്‍ സംഗീതം കേള്‍ക്കുന്നതിനെയും കുറിച്ച് മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി. പിന്നീടാണ് പോണോഗ്രഫിയുടെ ‘അപകടസാധ്യതകളെ’ കുറിച്ച് സംസാരിച്ചത്.

”ഇതില്‍ നിങ്ങള്‍ക്ക് നന്നായി അറിയാവുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. ഡിജിറ്റല്‍ പോണോഗ്രഫി (digital pornography). ഡിജിറ്റല്‍ പോണോഗ്രഫിയുടെ അനുഭവമോ പ്രലോഭനമോ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ എന്ന് നിങ്ങള്‍ ഓരോരുത്തരും ചിന്തിക്കുക. നിരവധി ആളുകള്‍ക്ക്, നിരവധി സാധാരണക്കാര്‍ക്ക്, സ്ത്രീകള്‍ക്ക്, വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വരെ ഇതുണ്ടായിട്ടുണ്ട്. ഇതൊരു ദുഷ്പ്രവൃത്തിയാണ്.

കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പോലെയുള്ള ക്രിമിനല്‍ പോണോഗ്രഫിയെക്കുറിച്ച് മാത്രമല്ല ഞാന്‍ സംസാരിക്കുന്നത്. മറിച്ച് കൂടുതല്‍ ‘സാധാരണമായ’ പോണോഗ്രഫിയെ കുറിച്ചാണ്,” ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

”ശുദ്ധമായ ഹൃദയത്തിന്, എല്ലാ ദിവസവും യേശുവിനെ സ്വീകരിക്കുന്ന ഹൃദയത്തിന്, ഈ അശ്ലീല വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല. നിങ്ങളുടെ സെല്‍ ഫോണുകളില്‍ നിന്ന് ഇത് ഡിലീറ്റ് ചെയ്യുക.

പിശാച് അവിടെ നിന്നാണ് പ്രവേശിക്കുന്നത്. അത് പൗരോഹിത്യ ഹൃദയത്തെ ദുര്‍ബലമാക്കുന്നു. പോണോഗ്രഫിയുടെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് എന്നോട് ക്ഷമിക്കുക. പക്ഷേ ഇതൊരു യാഥാര്‍ത്ഥ്യമാണ്, വൈദികരെയും സെമിനാരിക്കാരെയും കന്യാസ്ത്രീകളെയും സമര്‍പ്പിത ആത്മാക്കളെയും ബാധിക്കുന്ന ഒരു യാഥാര്‍ത്ഥ്യം,” ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും പോണോഗ്രഫിക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംസാരിച്ചിട്ടുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും അന്തസ്സിനുമേലുള്ള സ്ഥിരമായ ആക്രമണമാണ് പോണോഗ്രഫിയെന്നും അത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു പോപ് പറഞ്ഞിരുന്നത്.

‘ശാസ്ത്രവും വിശ്വാസവും തമ്മില്‍ പൊരുത്തപ്പെടുത്തുന്നത് മുതല്‍ വ്യക്തിപരമായ പോരായ്മകള്‍ക്കിടയില്‍ മൂല്യങ്ങളോടെ ജീവിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച്’ വരെയുള്ള വിവിധ ചോദ്യങ്ങളായിരുന്നു കൂടിക്കാഴ്ചക്കിടെ ഉയര്‍ന്നത്.

Content Highlight: Pope Francis tells to Priests that porn videos weakens priestly heart and asks to delete it from phones