സീതാ രാമത്തില്‍ ദുല്‍ഖറിന്റെ നായികയാവേണ്ടിയിരുന്നത് പൂജ ഹെഗ്‌ഡേ
Film News
സീതാ രാമത്തില്‍ ദുല്‍ഖറിന്റെ നായികയാവേണ്ടിയിരുന്നത് പൂജ ഹെഗ്‌ഡേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th August 2022, 9:24 am

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സീതാ രാമം നിറഞ്ഞ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ചിത്രത്തിനായി തിയേറ്റുകളില്‍ പ്രേക്ഷകരുടെയും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെയും എണ്ണം കൂടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.

സീതാ രാമത്തിലെ ഏറ്റവും വലിയ പോസിറ്റീവ് ഘടകമായി വിലയിരുത്തപ്പെട്ടത് ദുല്‍ഖര്‍- മൃണാള്‍ കെമിസ്ട്രി ആയിരുന്നു. ലെഫ്. റാമായും സീതാമഹാലക്ഷ്മിയായുമുള്ള ഇരുവരുടെയും കോമ്പോ പ്രേക്ഷകഹൃദയങ്ങളിലാണ് ഇടംപിടിച്ചത്. ഇതിനോടകം തന്നെ ഹൃത്വിക് റോഷന്റെയും ഷാഹിദ് കപൂറിന്റെയും ഉള്‍പ്പെടെയുള്ള ബോളിവുഡ് സിനിമകളില്‍ നായികയായ മൃണാളിന്റെ ആദ്യ തെന്നിന്ത്യന്‍ സിനിമയായിരുന്നു സീതാ രാമം.

എന്നാല്‍ സീതയായി ആദ്യം കാസ്റ്റ് ചെയ്തത് പൂജ ഹെഗ്‌ഡേയെ ആയിരുന്നു. ദുല്‍ഖറിന്റെ നായികയായി പൂജ ഹെഗ്‌ഡേയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ 2020ല്‍ തന്നെ പുറത്ത് വന്നതാണ്. ചിത്രത്തിനായി താരം പ്രതിഫലം കുറച്ചതായും അന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സീതാ രാമത്തില്‍ പൂജ മാറുകയും മൃണാളിനെ അണിയറപ്രവര്‍ത്തകര്‍ സമീപിക്കുകയുമായിരുന്നു.

രാം ചരണ്‍ തേജ നായകനായ ആചാര്യ, വിജയ് നായകനായ ബീസ്റ്റ് എന്നിവയാണ് ഒടുവില്‍ പുറത്ത് വന്ന പൂജ ഹെഗ്‌ഡേയുടെ ചിത്രങ്ങള്‍. വിജയ് ദേവരകൊണ്ട നായകനാവുന്ന ജനഗണമനയിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്.

അതേസമയം സീതാ രാമം ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 25 കോടി പിന്നിട്ടിരിക്കുകയാണ്. ദുല്‍ഖര്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഇത് നിങ്ങളുടെ സ്‌നേഹം മാത്രമാണ്’, എന്ന് കുറിച്ചു കൊണ്ടാണ് ദുല്‍ഖര്‍ ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

റിലീസ് ചെയ്ത ആദ്യ ദിവസം ഇന്ത്യയില്‍ നിന്നും 5.25 കോടിയാണ് സീതാ രാമം നേടിയത്. യു.എസ്. പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം ചിത്രം കരസ്ഥമാക്കിയത്. യു.എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡും ഇതോടെ ദുല്‍ഖര്‍ കരസ്ഥമാക്കിയിരുന്നു.

Content Highlight: Pooja Hegde was supposed to be Dulquer’s heroine in Sita Ramam