എഡിറ്റര്‍
എഡിറ്റര്‍
പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ നിന്നും വീണ്ടും സമരപ്പന്തലിലേക്ക്; നിരാഹാരം അവസാനിപ്പിച്ചു; മന്ത്രി രാജിവയ്ക്കും വരെ സത്യാഗ്രഹം തുടരും
എഡിറ്റര്‍
Saturday 29th April 2017 9:51pm

മൂന്നാര്‍: അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്നും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറിലെ സമരപ്പന്തലിലേക്ക് തിരികെയെത്തി. സമരം ശക്തമായി തന്നെ തുടരുമെന്നും ഗോമതി അറിയിച്ചു. സ്വന്തം താല്‍പര്യ പ്രകാരമാണ് ഇവര്‍ ആശുപത്രി വിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിരാഹാരം അവസാനിപ്പിക്കാനും എന്നാല്‍ മന്ത്രി എം.എം മണി രാജിവെയ്ക്കും വരെ സത്യാഗ്രഹം തുടരനുമാണ് സമരക്കാരുടെ തീരുമാനം.

അതേസമയം, എന്തു വന്നാലും സമരം അവസാനിപ്പിക്കില്ലെന്നും പൊമ്പിളൈ ഒരുമൈയുടെ ശക്തി തെളിയിച്ച് കാണിക്കുമെന്നും മന്ത്രി മൂന്നാറിലെത്തി മാപ്പ് പറഞ്ഞ് രാജി വയ്ക്കുന്നതു വരെ സമരത്തില്‍ നിന്നും പിന്മാറിലെന്നും ഗോമതി പറഞ്ഞു.

നേരത്തെ, ആശുപത്രി അധികൃതരോട് സഹകരിക്കാതെ ഗോമതി പ്രതിഷേധിച്ചിരുന്നു. ചികിത്സ വേണ്ടെന്നും നിരാഹാരം തുടരുമെന്നും ഗോമതി പറഞ്ഞിരുന്നു. ചികിത്സ നല്‍കാന്‍ ശ്രമിക്കുന്ന ആശുപത്രി അധികൃതരോട് സഹകരിക്കാന്‍ ഗോമതി തയ്യാറാകുന്നില്ലായിരുന്നു.

മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സമരപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ഗോമതി അറിയിച്ചിരിക്കുകയാണ്.

നേരത്തെ, ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഗോമതിയേയും കൗസല്യയേയും ആശുപത്രിയിലേക്ക് മാറ്റിയത്. സമരക്കാരെ മാറ്റുന്നത് തടയാന്‍ പ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ഇവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

തങ്ങളെ ആശുപത്രിയിലേക്ക് മാറ്റരുതെന്ന് പൊലീസ് വാഹനത്തിലിരുന്ന് ഗോമതി വിളിച്ചുപറയുന്നുണ്ടായിരുന്നു. നിങ്ങളുടെ ജീവന്‍ നിലനിര്‍ത്താനാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് പൊലീസുകാര്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ ജീവനേക്കാള്‍ വില മാനത്തിനാണെന്നായിരുന്നു ഗോമതിയുടെ വക്കുകള്‍.

ഇത് ജീവന്റെ പ്രശ്‌നമല്ല പെണ്ണിന്റെ മാനത്തിന്റെ പ്രശ്‌നമാണ്. എം.എം മണിയെ വിടാന്‍ പോകുന്നില്ല. ഞങ്ങള്‍ ആശുപത്രിയിലും സമരം തുടരുമെന്നും ഗോമതി പറഞ്ഞു.


Also Read: കോടനാട് എസ്റ്റേറ്റ് കൊലപാതകം: രണ്ടാം പ്രതിയുടെ ഭാര്യയും മകളും മരണപ്പെട്ട വാഹന അപകടം കൊലപാതകമെന്ന് സംശയം


നാടകീയ രംഗങ്ങളാണ് സമരപ്പന്തലില്‍ അരങ്ങേറിയത്. വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടാനും ഗോമതി ശ്രമിച്ചു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തോട്ടം തൊഴിലാളി സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി മണി നേരിട്ടെത്തി മാപ്പുപറയുകയും, രാജിവെയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊമ്പിളൈ ഒരുമൈ നിരാഹാരസമരം നടത്തുന്നത്.

മന്ത്രി രാജിവെയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍. പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയും നിരാഹാര സമരം നടത്തിയിരുന്നു.

Advertisement