പോളിങ് ഏജന്റിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
D' Election 2019
പോളിങ് ഏജന്റിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 6:48 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനജ്പൂരില്‍ പോളിങ് ഏജന്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാബുലാല്‍ മൂര്‍മു എന്ന ആളിനെയാണ് ബുനിയദ്പൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ അഞ്ച് സീറ്റുകളില്‍ വോട്ടിങ് നടക്കുന്നുണ്ട്. ഇതിനിടെയാണ് പോളിങ് ഏജന്റായ ബാബുലാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു വോട്ടര്‍ കുത്തേറ്റു മരിച്ചിരുന്നു

പിയറുല്‍ ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. മുര്‍ഷിദാബാദിലെ ഭാഗ്വന്‍ഗോളയില്‍ വോട്ടു ചെയ്യാനായി ക്യൂ നില്‍ക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലും പലയിടങ്ങളിലും സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പി ക്യാമ്പ് ഓഫീസ് കൊള്ളയടിച്ചതായും ആരോപണമുണ്ട്. മോത്തിഗുഞ്ച് മേഖലയിലെ ഓഫീസ് കൊള്ളയടിച്ചെന്നാണ് ആരോപണം.

ഉത്തര്‍ദിനാജ്പൂരിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

പശ്ചിമബംഗാളിലെ ആദ്യ വോട്ടെടുപ്പിനിടയിലും വ്യാപകമായ അക്രമസംഭവങ്ങല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. റായ്ഗുഞ്ചിലെ ചോപ്രയില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബൂത്ത് നമ്പര്‍ 112ലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകര്‍ത്തിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തെന്നും വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ഒരു കൂട്ടം വോട്ടര്‍മാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

വടക്കന്‍ ദിനാജ്പൂരിലെ ചോപ്രയിലെ ഡിഗിര്‍പര്‍ പോളിങ് ബൂത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തെന്ന് ആരോപിച്ചാണ് വോട്ടര്‍മാര്‍ പ്രതിഷേധിച്ചത്. ദേശീയപാത 34 ലെ വാഹനഗതാഗതം തടസപ്പെടുത്തി പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണൂര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

മൂന്നാം ഘട്ടത്തില്‍ 116 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ 11നും ഏപ്രില്‍ 18 നും നടന്ന ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് 91 ഉം 96 ഉം സീറ്റിലേക്കാണ് നടന്നത്.