മദ്യപിച്ച് വാഹനമോടിച്ച യാത്രക്കാരെ പിടികൂടുന്നതിനുള്ള ക്വാട്ട തികച്ചില്ല; പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്
Kerala News
മദ്യപിച്ച് വാഹനമോടിച്ച യാത്രക്കാരെ പിടികൂടുന്നതിനുള്ള ക്വാട്ട തികച്ചില്ല; പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2022, 11:28 pm

തൃശൂര്‍: മദ്യപിച്ച് വാഹനമോടിച്ച യാത്രക്കാരെ പിടികൂടാന്‍ നിശ്ചയിച്ച ക്വാട്ട തികയ്ക്കാത്ത പൊലീസുകാരന്
മേലുദ്യോഗസ്ഥന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തൃശൂര്‍ കണ്‍ട്രോള്‍ റൂമിലാണ് എ.എസ്.ഐക്ക് സി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഒക്ടോബര്‍ 14ന് രാത്രിയാണ് മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേരെയെങ്കിലും പിടികൂടാന്‍ മോഹനകുമാരന്‍ എന്ന എ.എസ്.ഐക്ക് സി.ഐ നിര്‍ദേശം നല്‍കിയത്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയായിരുന്നു മോഹനകുമാറിന്റെ ജോലി സമയം. എന്നാല്‍ ഒരാളെ മാത്രമേ എ.എസ്.ഐക്ക് പിടികൂടാനായുള്ളു. തുടര്‍ന്നാണ് സി.ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

രണ്ട് പേരെ പിടികൂടാനാവാത്തത് കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് പറയുന്നത്.

48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നു കണ്‍ട്രോള്‍ റൂം സി.ഐ ശൈലേഷ് കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.