എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് ആള്‍ക്കൂട്ട വിചാരണ നടത്തി നാട്ടുകാര്‍ ഇറക്കിവിട്ട കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് പൊലീസ്
എഡിറ്റര്‍
Tuesday 3rd October 2017 11:03am

 

കൊല്ലം: അഞ്ചലില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്ന് പൊലീസ്. വീട്ടില്‍ തിരിച്ചെത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന് പൊലീസ് കുടുംബത്തെ നേരിട്ടറിയിച്ചു.

അഞ്ചലില്‍ ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയേയും ബന്ധുക്കളെയുമാണ് ആള്‍ക്കൂട്ടം നാടുകടത്തിയിരുന്നത്. ദുര്‍നടപ്പുകാരെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ വിചാരണ. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അമ്മയെ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു നാട്ടുകാരുടെ നടപടി.

വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നെന്നും, വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണം. കുറവസമുദായത്തില്‍പ്പെട്ട ഏരൂര്‍ സ്വദേശികളാണിവര്‍.
മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാനും അനുവദിച്ചില്ല. പിന്നീട് മൂന്ന് കിലോമീറ്റര്‍ മാറി പാണയം കച്ചിട്ടയിലുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്.

ജനപ്രതിനിധികളും തിരിഞ്ഞുനോക്കിയില്ലെന്നും തിരിച്ചുവന്നാല്‍ കൊല്ലുമെന്നാണ് നാട്ടുകാരുടെ ഭീഷണിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് അഞ്ചലില്‍ ഏഴുവയസുകാരിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നത്.

ട്യൂഷന്‍ സെന്ററിലേയ്ക്കു കൊണ്ടു പോകും വഴിയായിരുന്നു കുട്ടിയെ ബന്ധുവായ രാജേഷ് കൊലപ്പെടുത്തിയത്.മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisement