സുനിതാ ദേവദാസിന്റെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസ്; അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡി.ജി.പി
kERALA NEWS
സുനിതാ ദേവദാസിന്റെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസ്; അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡി.ജി.പി
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 9:21 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസിന്റെ പരാതി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം. പോലീസ് മേധാവി ലോക്നാഥ് ബഹ്‌റയാണ് നിര്‍ദ്ദേശം നല്‍കിയത്. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്കായിരിക്കും കേസിന്റെ അന്വേഷണ ചുമതല.

നേരത്തെ സുനിത നല്‍കിയ പരാതിയില്‍ ഹൈടെക് സെല്‍ പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്നു എന്ന രീതിയില്‍ വ്യാജവാര്‍ത്ത വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചു എന്നാണ് സുനിതയുടെ പരാതി.

 Read Alsoപട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലാന്‍ വെട്ടിയ വടികള്‍ സൂക്ഷിച്ചു വെക്കുക; കാലം ഇതിനെല്ലാം മറുപടി നല്‍കുമെന്ന് പി.സി ജോര്‍ജ്ജിനോട് ജാസ്മിന്‍ ഷാ

“ന്യൂസ് ട്രൂത്ത്” എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലോഗോയും ലിങ്കും ഉപയോഗിച്ചുള്ള ഒരു ചിത്രത്തില്‍ ഒരു സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ സ്‌ക്രീന്‍ ഷോട്ട് സുനിതാ ദേവദാസിന്റെ സെക്സ് ചാറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് സുനിത പരാതി നല്‍കിയത്.

സുനിത തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. “സംഘികളേ സഹസ്രം സമര്‍പ്പയാമി. ചിലപ്പൊ സംഘികളല്ലാത്ത ചിലരും കൂട്ടത്തില്‍ ശതം സമര്‍പ്പിക്കേണ്ടി വരും. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. നമ്മള്‍ മുന്നോട്ട്” എന്നായിരുന്നു സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.