Administrator
Administrator
പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് പരസ്യമായി മൊഴിയെടുത്ത എസ്.ഐയെ സ്ഥലം മാറ്റി
Administrator
Wednesday 14th September 2011 11:51am

ആലപ്പുഴ: പീഡനശ്രമത്തിന് ഇരയായ പത്തുവയസ്സുകാരിയോട് നടുറോഡില്‍വെച്ച് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംഭവത്തില്‍ കുറ്റക്കാരായ രാമങ്കരി എസ്.ഐ ബിനു, എ.എസ്.ഐ സരസന്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ബിനുവിനെ കോഴിക്കോട് റൂറലിലേക്കും സരസനെ മലപ്പുറത്തേക്കുമാണ് മാറ്റിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ജി.പി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് ചീഫ് ജയിംസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി കെ. മഹേഷ്‌കുമാര്‍ അന്വേഷണം നടത്തി ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഡി.വൈ.എസ്.പി മഹേഷ്‌കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തി.

ആലപ്പുഴ -ചങ്ങനാശേരി റോഡില്‍ വേഴപ്ര പാക്കളി പാലത്തിന് സമീപം കട നടത്തുന്ന വേഴപ്ര ഒറ്റത്തെങ്ങ് വീട്ടില്‍ മോഹനന് (58) എതിരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാമങ്കരി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ചങ്ങനാശേരിയിലെ സ്‌കൂളില്‍ ആറാംക്‌ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസിറങ്ങി വീട്ടിലേക്ക് പോകുംവഴി മോഹനന്‍ വിളിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ നാലിനായിരുന്നു സംഭവം. പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമങ്കരി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പൊലീസ് സഹായിച്ചതിനാല്‍ ഉടന്‍ ജാമ്യം ലഭിച്ചു.

പിന്നീട് എസ്.ഐയും ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും പിതാവിനെ ഫോണില്‍വിളിച്ച് മോശമായി സംസാരിക്കുകയും നാല് സാക്ഷികളെയും കൂട്ടി സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് കുട്ടിയുമായി എത്തിയപ്പോഴാണ് നടുറോഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പൊലീസുകാര്‍ കുട്ടിയെക്കൊണ്ട് സംഭവങ്ങള്‍ വിവരിപ്പിച്ചത്. ഇതെതുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി.

സംഭവം സംബന്ധിച്ച് അന്വേഷിച്ച ഡിവൈ.എസ്.പി മഹേഷ്‌കുമാര്‍ മാതാപിതാക്കളില്‍ നിന്നും പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. എന്നാല്‍, എസ്.ഐ ബിനുവും ആരോപണ വിധേയരായ പൊലീസുകാരും കുറ്റം നിഷേധിച്ചു. ശിശുക്ഷേമസമിതി സ്വമേധയാ കേസെടുക്കുകയും ഭാരവാഹികള്‍ ചൊവ്വാഴ്ച സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. സെക്രട്ടറി അഡ്വ. ലില്ലി, കോ ഓഡിനേറ്റര്‍ എ.എന്‍.പുരം ശിവകുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. നാസര്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും സ്‌റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.

കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ ഉപയോഗിച്ചാണെന്ന് എഫ്.ഐ.ആര്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി ഭാരവാഹികള്‍ പറഞ്ഞു. ഇതുകൂടാതെ പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളും പാലിച്ചില്ല. വനിതാ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണം. അല്ലെങ്കില്‍ പൊതുപ്രവര്‍ത്തകയുടെയോ മുതിര്‍ന്ന ബന്ധുവിന്റെയോ സാന്നിധ്യമുണ്ടാകണം എന്ന വ്യവസ്ഥകളൊക്കെ ലംഘിച്ചായിരുന്നു തെളിവെടുപ്പ്. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ശിശുക്ഷേമസമിതി ഭാരവാഹികള്‍ അറിയിച്ചു.

Advertisement