എഡിറ്റര്‍
എഡിറ്റര്‍
അപകടത്തില്‍പ്പെട്ട വൃദ്ധനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്ന് പൊലീസ്: ചികിത്സ കിട്ടാതെ വൃദ്ധന്‍ മരിച്ചു
എഡിറ്റര്‍
Saturday 19th August 2017 8:47am

കൊല്ലം : കൊല്ലത്ത് വാഹനാപകടത്തില്‍പ്പെട്ട വൃദ്ധനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കാതെ പൊലീസ്. പ്രതിപക്ഷ നേതാവിന് അകമ്പടി പോകാനുണ്ടെന്ന് പറഞ്ഞ് പൊലീസ് കൈയൊഴിയുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം മരിയ്ക്കുകയും ചെയ്തു.

ഇന്നലെ രാത്രി 11.30 ഓടെ നീണ്ടകരയിലായിരുന്നു സംഭവം. വൃദ്ധനെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടുകയും ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വാഹനമൊന്നും കാണാതായതോടെ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സമീപത്തുകണ്ട പൊലീസ് കണ്‍ട്രോള്‍ റൂം വെഹിക്കിളിന്റെ സഹായം തേടുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന് അകമ്പടി പോകാനുണ്ടെന്ന് പറഞ്ഞ് പൊലീസ് കൈയൊഴിഞ്ഞു. ഇതോടെ ചില വാഹനങ്ങള്‍ക്കുനേരെ കൈനീട്ടിയെങ്കിലും അവയും കനിഞ്ഞില്ല. ഒടുക്കം ആംബുലന്‍സ് വിളിച്ചാണ് വൃദ്ധനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കൊല്ലംമെഡിക്കല്‍ കോളജിലേക്കുള്ള വഴിയെ പാരിപ്പള്ളിയില്‍വെച്ച് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായി.

പൊലീസെങ്കിലും സഹായിച്ചിരുന്നെങ്കില്‍ വൃദ്ധന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം കൊല്ലം മെഡിക്കല്‍ കോളേജില്‍ വെച്ചിരിക്കുകയാണ്.

വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സമാനമായ ഈ സംഭവവും നടന്നിരിക്കുന്നത്.

Advertisement