Administrator
Administrator
അറസ്റ്റു ചെയ്യുന്നതിന് പകരം വെടിവെച്ചു: പി ബിജു സംസാരിക്കുന്നു
Administrator
Monday 10th October 2011 10:02pm

p-biju

നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പ് വിവാദമായിരിക്കയാണ്. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് നാല് റൗണ്ടാണ് വെടിയുതിര്‍ത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നുവെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി വെടിവെക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വെടിവെപ്പ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ലംഘിച്ചതായാണ് ദൃക്‌സാക്ഷികളും സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് പോകാന്‍ സംവിധാനമുണ്ടായിട്ടും അത് ചെയ്യാതെ പെട്ടെന്ന് തന്നെ വെടിവെപ്പ് നടത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. വിദ്യാര്‍ത്ഥി സമരം അക്രമാസക്തമാകുന്നത് കേരളത്തില്‍ ഇതാദ്യമല്ല. അതു തന്നെ വെടിവെക്കാന്‍ തക്ക സംഘര്‍ഷം അവിടെ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുമാണ്.

വെടിവെപ്പ് നടത്തിയ രാധാകൃഷ്ണപ്പിള്ളക്കെതിരെ നേരത്തെ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഐസ്‌ക്രീം കേസ് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ജെയ്‌സണ്‍ കെ എബ്രഹാമിനെ സ്ഥലം മാറ്റിയാണ് രാധാകൃഷ്ണപ്പിള്ളയെ ഇവിടെ നിയമിച്ചത്. ഭരണകക്ഷിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് ഇങ്ങിനെ നിയമിക്കപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജു സമരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും ഡൂള്‍ന്യൂസ് പ്രതിനിധികളുമായി സംസാരിക്കുന്നു.

കോളജിന് മുന്നില്‍ സംഭവിച്ചതെന്താണ്?
കഴിഞ്ഞ ഒന്നര മാസമായി കോഴിക്കോട് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സമരത്തിന് ആധാരമായ വിഷയം 2009ല്‍ 22787 ാം റാങ്കുകാരനെ ഗവണ്‍മെന്റ് എഞ്ചിനീറിങ് കോളജില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് കോളജുകളിലൊന്നായ കോഴിക്കോട് എഞ്ചിനീയറിങ് കോളജില്‍ സര്‍ക്കാറിന്റെ തെറ്റായ ഉത്തരവിനെതിരെയാണ് സമരം. ജനാധിപത്യ രീതിയിലാണ് സമരം നടക്കുന്നത്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ആ സമരത്തിന്റെ ഭാഗമായാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയും കോളജ് ഉപരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. 150 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇന്ന് സമരത്തിനുണ്ടായിരുന്നത്.

സാധാരണ ഉപരോധം പ്രഖ്യാപിച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണ് ചെയ്യാറ്. ഞങ്ങള്‍ ഇവിടെ സമരം ചെയ്യുമ്പോള്‍ പോലീസ് കോളജിന്റെ പിറകിലൂടെ വിദ്യാര്‍ത്ഥികളെ കയറ്റുകയായിരുന്നു. ഈ വിഷയത്തില്‍ പോലീസുമായി സംസാരിച്ചു തുടങ്ങിയ ഉടന്‍ തങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടാവുകയായിരുന്നു. സാധാരണ ഉപയോഗിക്കാറുള്ള ജലപീരങ്കിയോ ബാരിക്കേഡോ ഇവിടെ ഉപയോഗിക്കപ്പെട്ടില്ല. ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച ശേഷമാണ് സമരം നടത്തിയത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച സമരത്തെ നേരിടുന്ന രീതിയല്ല ഇവിടെ കണ്ടത്.

സാധാരണ ഗതിയില്‍ നേരത്തെ മാര്‍ച്ച് പ്രഖ്യാപിച്ചാല്‍ ഒരു ബാരിക്കേഡെങ്കിലും പോലീസ് നിരത്തും. സമരം നടക്കുമ്പോള്‍ ഞങ്ങള്‍ 70 ഓളം പേര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. 80 ഓളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. സ്വാഭാവികമായും ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ കഴിയുമായിരുന്നു. വേണമെങ്കില്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റാമായിരുന്നു. എന്നാല്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭീകരമായി ലാത്തി ചാര്‍ജ് നടത്തുകയാണ് പോലീസ് ചെയ്തത്. സാധാരണഗതിയില്‍ ക്യാംപിലെ പോലീസുകാരാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നേരിടാന്‍ നിയോഗിക്കപ്പെടാറ്. എന്നാല്‍ ഇവിടെ അങ്ങിനെയല്ലായിരുന്നു. എസ്.ഐ, സി.ഐ തുടങ്ങി പോലീസ് ഉദ്യാഗസ്ഥരാണ് ഞങ്ങളെ നേരിട്ടത്.

സര്‍ക്കാര്‍ ഒരു നിയമവിരുദ്ധ ഉത്തരവിറക്കുക, പ്രശസ്തമായ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് രണ്ടരമാസം അടച്ചിടുന്ന സാഹചര്യമുണ്ടാവുക, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി നേരിടുക എന്നതാണ് ഇവിടെയുണ്ടായ സ്ഥിതി.

ഞങ്ങള്‍ പ്രകോപനമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്ത് പ്രകോപനമുണ്ടാക്കിയാലും തങ്ങള്‍ ചുരുക്കം ചിലര്‍ മാത്രമേ അവിടെയുള്ളൂ. ബാരിക്കേഡോ ജലപീരങ്കിയോ അവിടെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാവുന്നതേയുണ്ടായിരുന്നുള്ളൂ. ഒന്നരമാസമായി സമരത്തിലുള്ള വിഷയമാണിത്.

sfi-students

പോലീസ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിക്കാന്‍ കാരണം?

സര്‍ക്കാറിന് ഒരു നിയമവും ബാധകമല്ല എന്നുള്ളതാണ് സ്ഥിതി. നിയമവിരുദ്ധമായ ഉത്തരവിറക്കിയ സര്‍ക്കാര്‍ അതിനെതിരെ സമരം ചെയ്യുന്നവെരെ പോലീസിനെ ഉപയോഗിച്ച് ആക്രമിക്കുകയാണ് ചെയ്യുന്നത്. 150 ഓളം പേര്‍ വരുന്ന സമരസംഘത്തെ പോലീസ് ഇങ്ങിനെയാണോ നേരിടേണ്ടത്. ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതിയുണ്ടാക്കി സമരം അവസാനിപ്പിക്കാനാണ് നീക്കം. അത് നടക്കില്ല.

വെടിവെപ്പ് നടത്തിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഇത്തരത്തില്‍ ഇടപെടാന്‍ കാരണം? അദ്ദേഹത്തിന് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ടോ?

പോലീസ് ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യമുണ്ട്. നടക്കാവ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. അല്ലാതെ ഇത്രയും ചെറിയ സംഘമായ ഞങ്ങളെ ഇങ്ങിനെ അക്രമിക്കാന്‍ ധൈര്യം ലഭിക്കുമായിരിന്നില്ല. ഒന്നാമതായി ഞങ്ങളുടെ നമ്പര്‍ വളരെ ചെറുതാണ്. ആയിരമോ പതിനായിരമോ ഉണ്ടെങ്കില്‍ പ്രശ്മമില്ല. സമരത്തെ എങ്ങിനെയും നേരിടാം, തന്നെ സര്‍ക്കാര്‍ സംരക്ഷിച്ചുകൊള്ളുമെന്ന ബോധ്യമാണത്. ധാര്‍ഷ്ഠ്യമാണ്.

എല്ലാവര്‍ക്കും അറിയാമത്. ഒരു എ.സിക്ക് നൂറ് പേര്‍ വരുന്ന സമര സംഘത്തിന് നേരെ വെടിയുതിര്‍ക്കാന്‍ സ്വന്തം നിലയില്‍ കഴിയില്ല. അതിന് മുകളില്‍ നിന്ന് പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടുണ്ടാവും. എസ്.എഫ്്.ഐ ഭീകര സംഘടനയൊന്നുമല്ലല്ലോ… ഞങ്ങള്‍ ഇതിന് മുമ്പും സമരം ചെയ്തിട്ടുണ്ടല്ലോ…സര്‍ക്കാറും യു.ഡി.എഫും ഇതിന് മറുപടി പറയേണ്ടി വരും. ഇത്തരം വെടിവെപ്പ് കൊണ്ടൊന്നും എസ്.എഫ്.ഐയുടെ സമരത്തെ തകര്‍ക്കാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ സംഘടനയും ഇടതുപക്ഷ യുവജയ സംഘടനകളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരും. ഐ.പി.എസ് കാഡറിലുള്ളവര്‍ പോലും ഇത്തരത്തില്‍ സാധാരണ ചെയ്യാറില്ല.ഇത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. കുട്ടികളെ പേടിപ്പിക്കുകയാണ്.

നാളെ നിയമസഭയായത് കൊണ്ട് വിദ്യാര്‍ത്ഥികളെ ഉടന്‍ ഇറക്കിവിടണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. സൂപ്രണ്ട് ഇതിനായി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായ നിലപാടാണിത്. അധികാരത്തിലിരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നുള്ള നിലപാടാണിത്. സര്‍ക്കാറിന് ഇതില്‍ നിന്ന് പിന്‍മാറേണ്ടി വരും. പിന്‍മാറുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പിന്‍മാറുന്ന പ്രശ്‌നമില്ല. പി.ടി തോമസിന്റെ പി.എ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തീര്‍ക്കേണ്ട പ്രശ്‌നമാണ്. അതിന് വേണ്ടി നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിക്കില്ല. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടി വരും. ഇത്തരം ഭീഷണിക്കു മുമ്പില്‍ വഴങ്ങിക്കൊടുത്താല്‍ അത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും.

Advertisement