ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
mob attack
‘ഏഴുപേരാണ് മര്‍ദ്ദിച്ചത്, കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചത്’; മധുവിന്റെ മരണമൊഴി പുറത്ത്
ന്യൂസ് ഡെസ്‌ക്
Friday 23rd February 2018 6:19pm

പാലക്കാട്: അട്ടപ്പാടി അഗളിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി പുറത്ത്. നാട്ടുകാരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള മൊഴികളാണ് പുറത്ത് വന്നിരിക്കുന്നത്. തന്നെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നതായി മരിക്കുന്നതിന് തൊട്ടു മുമ്പാണ് മധു പൊലീസുകാര്‍ക്ക് മൊഴി നല്‍കിയത്.

‘ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത്. കാട്ടില്‍ നിന്നും പിടികൂടിയ തന്നെ കള്ളനെന്ന് പറഞ്ഞാണ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്നും’ മധുവിന്റെ മൊഴിയില്‍ പറയുന്നു. ഈ മൊഴി നല്‍കി അല്‍പ്പ സമയത്തിനകം തന്നെ മധു മരിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഹുസൈന്‍, മാത്തച്ചന്‍, മനു,അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, എ.പി ഉമ്മര്‍ എന്നിവരാണ് മധുവിനെ പൊലീസിന് കൈമാറിയത്. മാത്രമല്ല മധു മോഷ്ടിച്ചതാണെന്ന് പറഞ്ഞ് കുറച്ച് അരിയും പൊലീസ് വാഹനത്തില്‍ കയറ്റിയതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ എവിടെയും മധുവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറയുന്നില്ല.

അഗളി പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ പ്രസാദ് വര്‍ക്കിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. കാട്ടില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന മധുവിനെ വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മുക്കാലി ജംഗ്ഷനിലെ സി.ഐ.ടി.യു വെയിറ്റിംഗ് ഷെഡിലെത്തിച്ചത്.

തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്നും എഫ്.ഐ.ആര്‍ പറയുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്ന വഴിക്ക് മധു ഛര്‍ദിക്കുകയും അവശ നിലയിലാവുകയും ചെയ്തു. ബോധമില്ലാതായ മധുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

അതിനിടെ മധുവിന്റെ ഘാതകരെ ഇന്ന് തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ വിവിധ ഊരുകളില്‍ നിന്നെത്തിയ ആദിവാസികള്‍ റോഡ് ഉപരോധിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ കാണാന്‍ അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം ആദ്യം പൊലീസ് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധം റോഡ് ഉപരോധത്തിലേക്ക് നീങ്ങിയത്.

അതേസമയം പോസ്റ്റുമോര്‍ട്ടം നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Advertisement