Administrator
Administrator
പോലീസിലെ ക്രിമിനലുകള്‍: വിവരാവകാശ കമ്മീഷന് ഹൈക്കോടതി നോട്ടീസ്
Administrator
Tuesday 7th June 2011 3:56pm

joseph-m-puthusseryകൊച്ചി: സംസ്ഥാനത്തെ ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരെക്കുറിച്ച് വിവരം നല്‍കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിവരാവകാശ കമ്മീഷന്‍ അപ്പല്ലറ്റ് അതോറിട്ടിക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോനാണ് നോട്ടീസ് നല്‍കിയത്.

ഹരജി സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരിയാണ് ഹരജി നല്‍കിയത്.

സംസ്ഥാനത്തെ ക്രിമിനല്‍ ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് എ.ഡി.ജി.പി സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു പുതുശ്ശേരിയുടെ ആവശ്യം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമസഭയിലാണ് പുതുശ്ശേരി ഇത് ആദ്യം ആവശ്യപ്പെട്ടത്.

എന്നാല്‍ സിബിമാത്യൂസ് റിപ്പോര്‍ട്ട് ഡി.ജി.പിക്കാണ് സമര്‍പ്പിച്ചതെന്നും സര്‍ക്കാറിന്റെ കൈവശമില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് മറുപടി പറഞ്ഞത്. ഇതെ തുടര്‍ന്ന് പുതുശ്ശേരി ഡി.ജി.പിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആര്‍.ടി.ഐ നിയമം സെക്ഷന്‍ 24 പ്രകാരം വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നാണ് ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചത്.

ആര്‍.ടി.ഐ ഓഫീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം എം.എന്‍ ഗുണവര്‍ധന്‍ ജോസഫ് എം പുതുശ്ശേരിയെയും പോലീസുകാരെയും വിളിപ്പിച്ച് വാദം കേട്ടെങ്കിലും കമ്മീഷന്‍ പോലീസ് വാദം അംഗീകരിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പുതുശ്ശേരി ഹൈക്കോടതിയെ സമീപിച്ചത്.

Advertisement