കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ദേശീയപാതാ വികസന സര്‍വ്വേ; തടഞ്ഞ ഭിന്നശേഷിക്കാരനായ വീട്ടുടമസ്ഥനെ കയ്യേറ്റം ചെയ്ത് പൊലീസ്, ദൃശ്യങ്ങള്‍ പുറത്ത്
Kerala News
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ദേശീയപാതാ വികസന സര്‍വ്വേ; തടഞ്ഞ ഭിന്നശേഷിക്കാരനായ വീട്ടുടമസ്ഥനെ കയ്യേറ്റം ചെയ്ത് പൊലീസ്, ദൃശ്യങ്ങള്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 6:45 pm

മലപ്പുറം: ദേശീയപാതാ വികസനത്തിന്റെ സര്‍വേയെടുക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ സര്‍വേ ഉദ്യോഗസ്ഥരും പൊലീസുകാരും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വീട്ടുടമസ്ഥനെ കയ്യേറ്റം ചെയ്തതായി പരാതി. വെന്നിയൂര്‍ സ്വദേശിയും ദേശീയപാതാ ആക്ഷന്‍ കമ്മിറ്റിയുടെ ജില്ലാ സെക്രട്ടറിയുമായ നൗഷാദിന്റെ വീട്ടിലേക്ക് സര്‍വേ എടുക്കുന്നതിനിടെയാണ് സംഭവം.

സര്‍വേയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ പൊലീസുകാര്‍ക്കൊപ്പം എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഒരു ബസിലും ജീപ്പിലുമായി പൊലീസുകാരും 20 സര്‍വ്വേ ഉദ്യോഗസ്ഥരുമാണ് വീട്ടിലേക്കത്തിയതെന്ന് നൗഷാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൊവിഡായതിനാല്‍ സര്‍വേ എടുക്കാന്‍ പറ്റില്ലെന്ന് നൗഷാദ് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. ഭിന്നശേഷിക്കാരന്‍ കൂടിയായ നൗഷാദിനെ പൊലീസ് കയ്യേറ്റം ചെയ്യുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് ദേശീയ പാതാ ഉദ്യോഗസ്ഥര്‍ നൗഷാദിന്റെ വീട്ടില്‍ എത്തുകയും സര്‍വേ എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡായതിനാല്‍ വീട്ടില്‍ കയറാന്‍ പറ്റില്ലെന്നും സര്‍വേ എടുക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി പോവുകയായിരുന്നു.

പിന്നീട് ഇന്ന് രാവിലെ എട്ടു മണിയോട് കൂടി ഉദ്യോഗസ്ഥര്‍ പൊലീസ് അകമ്പടിയോടെ വീട്ടിലേക്കെത്തുകയായിരുന്നുവെന്ന് നൗഷാദ് വെന്നിയൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കൊവിഡായതിനാല്‍ ഇവര്‍ എവിടെ നിന്ന് വരുന്നവരാണെന്ന് അറിയാത്തതിനാല്‍ സര്‍വേ എടുക്കാനോ വീട്ടില്‍ കയറാനോ അനുവദിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് അവര് മടങ്ങി പോയി. എന്നാല്‍ ഇന്ന് രാവിലെ അവര്‍ പൊലീസുകാരുടെ അകമ്പടിയോടെ വീണ്ടും വീട്ടില്‍ വരികയായിരുന്നു. വീണ്ടും ഞങ്ങള്‍ തടഞ്ഞതോടെ എന്നെയും ഭാര്യയെയും അവര്‍ ശാരീരികമായി ഉപദ്രവിക്കുകയും തുടര്‍ന്ന് സര്‍വേ എടുത്ത് പോവുകയും ചെയ്തു,’ നൗഷാദ് പറഞ്ഞു.

സര്‍വേ അവര്‍ എടുത്തോട്ടെ, പക്ഷേ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്ന ഘട്ടത്തില്‍ വീട്ടില്‍ കയറുന്നത് ശരിയല്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ സ്റ്റേഷനില്‍ നിന്നും തിരൂരങ്ങാടി സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തിയിട്ടുണ്ടെന്നും നൗഷാദ് ആരോപിക്കുന്നു.

തിരൂര്‍ സ്റ്റേഷനില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ പൊലീസ് കയ്യേറ്റം ചെയ്തതില്‍ കൊവിഡ് വ്യാപനമുണ്ടാവുമോ എന്ന് സംശയിക്കുന്നതായും നൗഷാദ് പറഞ്ഞു.

പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള പുതിയ വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ഇത്രയധികം ആളുകള്‍ തന്റെ വീട്ടിലേക്കെത്തിയതെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ലേ എന്നും നൗഷാദ് ചോദിക്കുന്നു.

വിഷയവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്ത പൊലീസുദ്യോഗസ്ഥന്‍ ആദ്യം അങ്ങനെയൊരു വിഷയം ഉണ്ടായിട്ടില്ലന്നാണ് പ്രതികരിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേരിട്ട് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സി. ഐ വിനോദിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പൊലീസിന്റെ പ്രതികരണമനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ