ഹക്കീം വധം: സത്യാഗ്രഹമിരുന്ന  ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
Daily News
ഹക്കീം വധം: സത്യാഗ്രഹമിരുന്ന ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Saturday, 28th March 2015, 7:36 pm

hakeem
പയ്യന്നൂര്‍: ഹക്കീം വധക്കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സത്യാഗ്രഹമിരുന്ന ഇരുപതോളം ജനകീയ ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധി പാര്‍ക്കില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ള സ്വീകരണ പരിപാടി നടക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി കരുതല്‍ നടപടിയായിട്ടാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലെന്ന് ആരോപിച്ച് കൊണ്ട് ഗാന്ധി പാര്‍ക്കിലെ സമര സമിതിയുടെ പന്തല്‍ മുനിസിപ്പാലിറ്റി പൊളിച്ച് നീക്കുകയും ചെയ്തിട്ടുണ്ട്.

ഹക്കീം വധക്കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 32 ദിവസമായി ജനകീയ ആക്ഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ സത്യാഗ്രഹം നടത്തി വരികയായിരുന്നു. ഫെബ്രുവരി 25നായിരുന്നു സത്യാഗ്രഹം ആരംഭിച്ചിരുന്നത്.

അനുമതിയില്ലെന്നും പാര്‍ക്കില്‍ നടക്കുന്ന മറ്റ് പരിപാടികള്‍ക്ക് തടസമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗാന്ധി പാര്‍ക്കിലെ സമരം ഒഴിയാന്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സമരം തുടരുമ്പോഴും പാര്‍ക്കിലെ മറ്റ് പരിപാടികള്‍ക്ക് സമരം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നില്ല.

അതേ സമയം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും സമരപന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ചും സമരം പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തുടരാനാണ് ജനകീയ ആക്ഷന്‍ സമിതിയുടെ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി 10നായിരുന്നു കൊറ്റി ജുമാമസ്ജിദ്  പറമ്പില്‍ ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്. അദ്ദേഹത്തെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

രാഷ്ട്രീയ,ഗുണ്ടാ മാഫിയ ബന്ധമടക്കം ആരോപിക്കപ്പെടുന്ന ഹക്കീം വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ സമിതി നേരത്തെ 42 ദിവസം നീളുന്ന സത്യാഗ്രഹം നടത്തിയിരുന്നു. ഇതിന് ശേഷം കേസ് സി.ബി.ഐ ഏറ്റെടുക്കാതിരിക്കുകയും കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പ്രതികളെ കണ്ടെത്താതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമര സമിതി വീണ്ടും സത്യാഗ്രഹമിരുന്നത്.