നിര്‍മ്മാതാവില്‍ നിന്ന് 1.2 കോടി രൂപ വാങ്ങി വഞ്ചിച്ചു; നടന്‍ പ്രശാന്ത് നാരായണന്‍ അറസ്റ്റില്‍
Kerala News
നിര്‍മ്മാതാവില്‍ നിന്ന് 1.2 കോടി രൂപ വാങ്ങി വഞ്ചിച്ചു; നടന്‍ പ്രശാന്ത് നാരായണന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 7:50 am

കണ്ണൂര്‍: സിനിമാ നിര്‍മ്മാതാവില്‍ നിന്നും 1.2 കോടി രൂപ വഞ്ചിച്ച കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയാണ് പ്രശാന്ത് നാരായണന്‍. നിര്‍മ്മാതാവ് തോമസ് പണിക്കര്‍ നല്‍കിയ പരാതിയിലാണ് എടക്കാട് പൊലീസ് മുംബൈയില്‍ നിന്ന് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.

മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. തോമസ് പണിക്കര്‍ നിര്‍മ്മിച്ച സൂത്രക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് നാരായണന്‍ പണം വാങ്ങിയത്.

ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ടെക് കമ്പനിയില്‍ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളില്‍ വന്‍തുക ലാഭമായി നല്‍കുമെന്നും പറഞ്ഞാണ് പ്രശാന്ത് നാരായണന്‍ തുക കൈപറ്റിയത്. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നും കൈമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

മുംബൈയില്‍ എത്തി കമ്പനിയെ കുറിച്ചന്വേഷിച്ചപ്പോഴാണ് അത്തരമൊരു സ്ഥാപനം നിലവില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് മുംബൈയിലും എടക്കാടും ഉള്ള പ്രശാന്തിന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ്.