Administrator
Administrator
ആദിവാസി പത്രപ്രവര്‍ത്തകനെ പോലീസ് പീഡിപ്പിക്കുന്നു
Administrator
Thursday 15th September 2011 10:00am

ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ ആദ്യ ആദിവാസി പത്രപ്രവര്‍ത്തകനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നു. ബസ്തറില്‍ നിന്നുള്ള ലിംഗാറാം കോഡോപിയാണ് പ്രത്യേക പോലീസ് നിയമപ്രകാരം അറസ്റ്റിലായി പീഡനത്തിനിരയാകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ദന്തേവാഡയിലെ ചിന്തേല്‍നാര്‍ മേഖലയിലുള്ള ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ട സംഭവം ദല്‍ഹി ബി. ബി. സിയില്‍ പരിശീലനം നടത്തിയിരുന്ന പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥി ലിംഗറാം കൊഡോപിയാണ് പുറത്തെത്തിച്ചത്. ഇതിലുള്ള വിദ്വേഷം തീര്‍ക്കാനാണ് അറസ്റ്റെന്നാണ് ലിംഗാറാമിനു വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ദന്തേവാഡയിലെ ചിന്തേല്‍നാര്‍ മേഖലയിലുള്ള മോര്‍പില്ലി, തീമാപുരം, തേര്‍മേത്‌ല ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടതോടെയാണ് മാനുഷ്യാവകാശ ലംഘനങ്ങളുടെ പുതിയ പരമ്പരയ്ക്ക് തുടക്കം. ഇതിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് പോലീസ് കുറ്റപത്രം തയ്യാറാക്കി. എന്നാല്‍ മുന്നൂറിലേറെ വീടുകള്‍ കത്തിച്ചത് പോലീസുകാരാണെന്നും ഇരുപതോളം യുവതികള്‍ ബലാത്സംഗത്തിന് ഇരയായെന്നും വൈകാതെ വ്യക്തമായി. ബസ്തര്‍ മേഖലയില്‍ നിന്നുള്ള ആദിവാസിയായ ലിംഗറാം മേഖലയിലെത്തി പ്രദേശവാസികളുമായി സംസാരിച്ചാണ് വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ലിംഗാറാം ദല്‍ഹിയിലുള്ളപ്പോഴായിരുന്നു ഗ്രാമങ്ങളിലെ തീവെയ്പ്പ്. പിന്നീട് നാട്ടിലെത്തിയപ്പോള്‍ ലിംഗറാം അറസ്റ്റിലാവുകയായിരുന്നു.

നേരത്തെ ചര്‍ച്ചക്കായി വിളിച്ചു വരുത്തി വെടിവെച്ചു കൊന്ന മാവോയിസ്റ്റു നേതാവ് ആസാദിന്റെ പിന്‍ഗാമിയാണെന്ന് ആരോപിച്ച് ലിംഗറാമിനെ പോലീസ് ഉന്നമിട്ടിരുന്നു. വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് അന്ന് ആരോപണത്തില്‍ നിന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ പിന്മാറിയത്. ഛത്തീസ്ഗഢ് പ്രത്യേക പോലീസില്‍ ലിംഗാറാം അംഗമാണെന്നാണ് പോലീസ് പറയുന്നത്. അവിടെ നിന്ന് ഒളിച്ചോടി മാവോയിസ്റ്റുകള്‍ക്ക് പണമെത്തിക്കാന്‍ നീങ്ങിയപ്പോഴായിരുന്നു അറസ്‌റ്റെന്നും വിശദീകരിച്ചിട്ടുണ്ട്.

എന്നാല്‍ തീവെപ്പിനിരയായ മൂന്ന് ഗ്രാമങ്ങളിലെയും ദൃശ്യങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളും ലിംഗറാമിന്റെ പക്കലുള്ളതിനാലാണ് അറസ്റ്റെന്നും തനിക്കും പോലീസിന്റെ വധഭീഷണി ഉണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹിമാംശു കുമാര്‍ പറഞ്ഞു. ചുട്ടെരിക്കപ്പെട്ട മൂന്നിടത്തേക്കും പിന്നീട് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ‘കസ്റ്റഡിയില്‍ എടുത്ത ലിംഗാറാമിനെ ദിവസങ്ങളോളം ടോയ്‌ലറ്റില്‍ തള്ളി. ദിവസങ്ങള്‍ പട്ടിണിക്കിട്ടു. ഏതു നിമിഷവും വധിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്’-ഹിമാംശു കുമാര്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ അറിവോടെയാണ് ലിംഗറാമിനെ തടവിലാക്കിയതെന്ന് പ്രശാന്ത് ഭൂഷണും അരുന്ധതി റോയിയും ആരോപിച്ചു. പോലീസ് ഭീകരതയെ തുടര്‍ന്ന് അതിര്‍ത്തികളിലൂടെ ആദിവാസികള്‍ ഛത്തീസ്ഗഢില്‍ നിന്നും പാലായനം ചെയ്യുകയാണെന്ന് അരുന്ധതി റോയ് ചൂണ്ടിക്കാട്ടി. ‘സ്വന്തം ഭാവി നിശ്ചയിക്കാന്‍ വിദ്യാഭ്യാസം നേടുന്ന ആദിവാസികളെപ്പോലും അനുവദിക്കാതിരിക്കുന്ന കിരാത നടപടിയാണ് രാജ്യത്ത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര ധാരണാപത്രങ്ങള്‍ കുത്തകകളുമായി ഒപ്പിട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. രഹസ്യ സ്വാഭാവത്തെ ചോദ്യം ചെയ്യുന്നവരെ, പത്രക്കാരായാലും ഗാന്ധിയനായാലും മാവോയിസ്റ്റാക്കി അറസ്റ്റു ചെയ്യുകയാണ്-അവര്‍ വിശദീകരിച്ചു.

മോവോയിസ്റ്റ് വേട്ടയുടെ പേരില്‍ നിരപരാധികളെ ആക്രമിക്കുന്ന ഭരണകൂടത്തിന്റെ നടപടികളാണ് ഇടതു തീവ്രവാദത്തെ ശക്തമാക്കുന്നതെന്നും ലിംഗാറാമിന്റെ മോചനത്തിനായി സുപ്രിം കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആഭ്യന്തര യുദ്ധം അഴിമതിയെ പ്രോത്സാഹിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement