'മുത്തച്ഛന്റെ മനസ്സില്‍ എന്നും അമ്മമ്മയുണ്ടായിരുന്നു', മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ഭാര്യയെക്കുറിച്ച് പേരക്കുട്ടി എഴുതുന്നു
Discourse
'മുത്തച്ഛന്റെ മനസ്സില്‍ എന്നും അമ്മമ്മയുണ്ടായിരുന്നു', മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ഭാര്യയെക്കുറിച്ച് പേരക്കുട്ടി എഴുതുന്നു
ജയശ്രീ വടയകളം
Tuesday, 30th June 2020, 6:43 pm

മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പൗത്രിയാണ് എഴുത്തുകാരി ജയശ്രീ വടയകളം

1

സ്‌നേഹം എന്ന രണ്ടക്ഷരം മതിയാവും അമ്മമ്മയെ കുറിച്ച് പറയാന്‍.
ഉറുമ്പുകള്‍ വരിവരിയായി പോകുന്ന കാഴ്ച കണ്ടിരിക്കാന്‍ എനിക്ക് ഏറെയിഷ്ടമായിരുന്നു. വെറുതെ ഒരു നേരമ്പോക്കിന് ഒരു കഷണം കടലാസോ, ഈര്‍ക്കിലിയോ അതിനിടയില്‍ ഞാന്‍ കൊണ്ടുവെക്കും. ഉറുമ്പുകള്‍ ചിതറിയോടുന്നത് കാണാന്‍ .ഒരിക്കല്‍ അമ്മമ്മ ഇത് കണ്ടോണ്ട് വന്നു ‘അമ്മൂ നീ എന്തിനുള്ള ഭാവാ? അരുത് കുട്ടീ.. അവര് പരിഭ്രാന്തരായിപ്പോകില്ലേ… കൂട്ടം തെറ്റിയാല്‍ എത്ര സങ്കടാവും, അറിയോ….?’എന്നും പറഞ്ഞ് എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു.ഇന്നും ഞാനങ്ങനെ ചെയ്യാറില്ല. ഒരു ജീവിയെയും അറിഞ്ഞോണ്ട് വേദനിപ്പിക്കാറുമില്ല.

കോട്ടയ്ക്കലിന്നടുത്ത് പൊന്മളയില്‍ രാമന്‍ മൂസതിന്റെയും വടയക്കളം കല്യാണിയമ്മയുടെയും എട്ടു മക്കളില്‍ രണ്ടാമത്തവളായിരുന്നു കുഞ്ഞു ലക്ഷ്മി. സുന്ദരിക്കുട്ടികളായ ആറു പെണ്‍മക്കളെയും വീട്ടിലിരുത്താതെ നല്ല വിദ്യാഭ്യാസം നല്‍കാന്‍ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .പട്ടാമ്പി സംസ്‌കൃത കോളേജില്‍ പഠിച്ചവരായിരുന്നു എല്ലാവരും. കൂട്ടത്തില്‍ അമ്മമ്മയായിരുന്നത്രെ ഏറ്റവും സുന്ദരി. വെളുത്തു മെലിഞ്ഞ് അധികം പൊക്കമില്ലാതെ , നീലക്കണ്ണുകളും, മുറുക്കിച്ചുവപ്പിച്ചതു പോലുള്ള ചുണ്ടുകളും, നീണ്ട മൂക്കും ഒക്കെ കൂടി സുന്ദരിയായിരുന്നു അമ്മമ്മ. ഏതാണ്ട് അമ്പതു വയസ്സുവരെയും ആ ഭംഗി കാര്യമായി മങ്ങിപ്പോയില്ല.

പുന്നശ്ശേരി നീലകണ്ഠശര്‍മയായിരുന്നു പട്ടാമ്പി സംസ്‌കൃത കോളേജിലെ ഗുരുനാഥന്‍. അവിടെ വെച്ചാണ് കവിയുമായി പ്രണയത്തിലാവുന്നത്.
കല്യാണം കഴിക്കുന്നതിന് മുമ്പ് പാലക്കാട് ഏതോ ഒരു സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നു അമ്മമ്മയും, ഏടത്തി ശ്രീദേവിയും (അമ്മു ഓപ്പോളെന്നോ മറ്റോ ആണ് വിളിച്ചിരുന്നതെന്നാണോര്‍മ). ഒരനിയത്തിയും അനിയനും
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വൈദ്യന്മാരായിരുന്നു ,കുറച്ചുനാള്‍. മറ്റൊരനിയത്തി ജ്യോതിഷമായിരുന്നു ഐച്ഛികവിഷയമായെടുത്തത്.

കുളിച്ചീറനോടെ ചുണ്ടില്‍ നാമവുമായി കടന്നു വരുന്ന അമ്മമ്മയുടെ രൂപം ഇന്നുമെന്റെ മനസ്സിലുണ്ട്. ചന്ദനക്കൊരട് അമ്മിയില്‍ അരച്ചെടുത്ത ചന്ദനമാണ് നെറ്റിയില്‍ തൊടുക. നീളത്തില്‍ ഒറ്റവരക്കുറി. മുറിയിലേക്ക് കടന്നു വരുമ്പോള്‍ തന്നെ ചന്ദനത്തിന്റെയും ഭസ്മത്തിന്റെയും കലര്‍പ്പുള്ള ഒരു നേര്‍ത്ത ഗന്ധമാണ്. അല്ല, ഇനി സ്‌നേഹത്തിന്റെ മണമായിരുന്നോ അത്? അറിയില്ല.
വയ്യാണ്ടിരിക്കണ ദിവസങ്ങളില്‍ അമ്മമ്മ കുളിക്കാറില്ല. കാലും മുഖവും കഴുകി കൈ നനച്ച് ഭസ്മം തൊടാറാണ് പതിവ്. പക്ഷെ അപ്പോഴും ആ നെഞ്ചോട് പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ ഇപ്പറഞ്ഞ ചന്ദനമണം തന്നെയാണ്.
കുഞ്ഞുന്നാളിലെ എന്റെ രാത്രികളെ ധന്യമാക്കിയിരുന്നത് കഥ പറഞ്ഞു തന്നും ,ശ്ലോകങ്ങള്‍ ചൊല്ലിക്കേള്‍പ്പിച്ചും ,മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് കവിതകള്‍ പാടിത്തന്നും ഉറക്കിയിരുന്ന അമ്മമ്മ തന്നെയായിരുന്നു.
അന്ന് പറഞ്ഞുതന്നിരുന്ന കഥകളുടെയെല്ലാം വിത്ത് വിശ്വമാനവികതയും സഹജീവി സ്‌നേഹവും തന്നെയായിരുന്നു.

അന്യമായിട്ടൊന്നുമില്ല എന്ന് ഞാന്‍ പതുക്കെപ്പതുക്കെ മനസ്സിലാക്കുകയായിരുന്നു. ശിബി ചക്രവര്‍ത്തിയുടെ കഥകളും ,ഹോജാ-മുല്ലാ കഥകളും, കാളിദാസന്റെ മേഘ സന്ദേശവും ഒക്കെ അമ്മമ്മയുടെ വാക്കുകളിലൂടെ എന്റെ കുഞ്ഞുമനസ്സിലിടം പിടിച്ചു. കഥ പറച്ചിലിനിടയില്‍ ഞാനെന്നും സംശയങ്ങള്‍ ചോദിക്കുമായിരുന്നു .
യുക്തിരഹിതമായ ഒരു മറുപടിയും ആ മുഖത്തു നിന്ന് കേള്‍ക്കേണ്ടി വന്നിട്ടില്ല. ഗര്‍ഭിണിയായ സീതയെ ഉപേക്ഷിച്ച രാമനെ കുറിച്ചും ധാര്‍മികത നഷ്ടപ്പെട്ട യുദ്ധമുറകളെ കുറിച്ചും എന്റെ തീരാത്ത സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയായിരുന്നു തന്നിരുന്നത് .തെറ്റ് തെറ്റായും ശരി ശരിയായും തന്നെ മനസ്സിലാക്കിത്തരുമായിരുന്നു. ‘ന്റെ കുട്ടി നല്ലതെന്ന് തോന്നണത് മാത്രം എട്ത്താ മതി.., ‘ എന്നും പറഞ്ഞ് ഒരു ചിരിയുണ്ട് .
‘അല്ലെങ്കില്‍ തന്നെ തെറ്റും ശരിയുമൊക്കെ നോട്ടം പോലെയല്ലേയെന്റ കുട്ട്യേ… ‘എന്ന് വിരാമമിട്ടൊരു പറച്ചിലും.
ഈയൊരറിവ് എന്റെ മനസ്സിലുറച്ചു പോയത് അങ്ങനെയാവണം.

2

കഥപറച്ചിലിനിടയിലെപ്പോഴോ മുത്തശ്ശന്‍ തനിച്ചാക്കി പോയതില്‍ ദേഷ്യമോ സങ്കടമോ തോന്നാറുണ്ടോ എന്നൊരിക്കല്‍ ഞാന്‍ ചോദിച്ചു. കാരണം സഹപാഠികള്‍ എപ്പഴോ ഒരു തവണ കളിയാക്കിയിരുന്നു, നാടുമുഴുവന്‍ കല്യാണം കഴിച്ച് നടക്കുന്നയാളല്ലേ നിന്റെ കവിമുത്തശ്ശന്‍ എന്ന് .
എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴായിരുന്നു അത്.
ഒരു പതിനാലുവയസ്സുകാരിക്ക് താങ്ങാന്‍ പറ്റുന്നതിലപ്പുറമായിരുന്നു എന്റെ സങ്കടം.
( അദ്ധ്യാപകരില്‍ നിന്ന് കവിയുടെ കൊച്ചുമകള്‍ എന്ന ചെറിയ പരിഗണന കിട്ടുന്നതിലുള്ള കുശുമ്പു കൊണ്ടാണോ അവര്‍ അങ്ങനെ ചോദിച്ചത്? ആവോ അറിയില്ല.)
അങ്ങനെയാണ് മടിച്ചു മടിച്ച് അമ്മമ്മയോട് ആ ചോദ്യം ഞാന്‍ ചോദിച്ചത്. അന്ന് കിട്ടിയ മറുപടി എന്റെ മനസ്സിനെ എന്നെന്നേക്കുമായി തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നു.
‘എന്തിനാ ദേഷ്യപ്പെടണെ? ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമല്ലല്ലോ മോളേ പ്രണയം..! മനസ്സുകള്‍ തമ്മിലല്ലേ..!’ ആ മനസ്സിലെന്നും ഞാന്‍ മാത്രമേയുള്ളു..
എന്റെ മനസ്സിലദ്ദേഹവും..!’. അത് വസ്തുതാകഥനമാണോ അല്ല ആദര്‍ശ ഭാവനയാണോ എന്ന് ആലോചിച്ച് ഞാന്‍ വേവലാതിയില്‍ വീണിട്ടില്ല.

അതെനിക്കൊരു വിദ്യാഭ്യാസം കൂടിയായിരുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം തേടി ഇനി നിഘണ്ടുപ്പുറങ്ങള്‍ മറിക്കേണ്ടതുമില്ല.

3

കൂടാളി ഹൈസ്‌കൂളില്‍ കവിമുത്തശ്ശന്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്ത് അമ്മമ്മയും അമ്മയും അമ്മാവനും കൂടെത്തന്നെയുണ്ടായിരുന്നു ഏതാണ്ട് പത്തുവര്‍ഷത്തോളം. അമ്മയും കുറച്ചു നാള്‍ ആ സ്‌കൂളില്‍ തന്നെ ജോലി ചെയ്തിരുന്നു.
അഛനും മകളും എന്നും ഒന്നിച്ച് സ്‌ക്കൂളില്‍ പോകുന്ന കഥ പറഞ്ഞ് അമ്മമ്മയും അമ്മയും ചിരിക്കും. നടന്ന് നടന്ന് പാടത്തൂടെ നടക്കാന്‍ തുടങ്ങുമ്പൊ ഒന്നുകില്‍ പശുവിനെ കാണും ,അല്ലെങ്കില്‍ കൂട്ടം കൂട്ടമായെത്തുന്ന പക്ഷികളെ.
തീര്‍ന്നു കഥ.. മുത്തശ്ശനതും നോക്കി ഒറ്റ നില്പാവും…വിളിച്ചാല്‍ പോലും അറിയില്ല. പതുക്കെ മുത്തച്ഛനെ കടന്ന് അമ്മ വേഗം നടന്ന് സ്‌ക്കൂളിലേക്ക് പോകും.
‘കവി എന്ന പരിഗണന അച്ഛന് മാത്രല്ലേ കിട്ടൂ.. എനിക്കില്ലല്ലോ ..’
സമയത്തെത്തണ്ടേന്നും പറഞ്ഞു ചിരിക്കും അമ്മ.

മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ മകള്‍

4

ആദ്യത്തെ കുഞ്ഞിനെ (എന്റെ അമ്മ- ലീല) പ്രസവിക്കുന്നത് വരെ അമ്മമ്മ എഴുതാറുണ്ടായിരുന്നു . ലേഖനങ്ങള്‍ മാതൃഭൂമിയില്‍ കൊടുത്ത് കിട്ടുന്ന കാശ് കൊണ്ടാണ് അഷ്ടിക്കുള്ള വക കണ്ടെത്തിയത്. പ്രസവശേഷം എഴുത്തു നിന്നു. കുഞ്ഞുലക്ഷ്മിയിലെ എഴുത്തുകാരി എന്നെന്നേക്കുമായി ഇല്ലാതായി. മുത്തച്ഛനിലെ ആണധികാരി ഇല്ലാതാക്കിയ പ്രതിഭയാണോ അമ്മമ്മ? ഈ ചോദ്യം എന്റെ മനസ്സില്‍ പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. അമ്മമ്മയോട് ചോദിക്കണം എന്ന് വിചാരിച്ചിട്ടുമുണ്ട്. ചോദിച്ചില്ല. അമ്മമ്മ പറഞ്ഞുമില്ല. ആ നഷ്ടം അമ്മമ്മയെ വിഷമിപ്പിച്ചിട്ടില്ല എന്നു കരുതാമോ? ഉറപ്പില്ല.

ഞങ്ങളെല്ലാം ചേര്‍ന്ന് (അമ്മമ്മ ,അഛന്‍, അമ്മ, ഞങ്ങള്‍ മൂന്ന് മക്കള്‍) മുത്തശ്ശന്റെ കൂടെ നിന്നെടുത്ത ഒരു ഫോട്ടോയുണ്ട്.
ഫോട്ടോഗ്രാഫറെയും കൂട്ടിത്തന്നെയാണ് മുത്തശ്ശന്‍ അന്ന് ഒരു സന്ധ്യയ്ക്ക് കേറി വന്നത്. ഉത്സാഹത്തിലായിരുന്നു.
വയ്യാതെ കിടക്കയായിരുന്നു അമ്മമ്മ. മുത്തശ്ശന്‍ അടുത്ത് കിടക്കയിലിരുന്ന് കൈ തടവിക്കൊണ്ട് കുറേ നേരം സംസാരിച്ചു. എന്നെയും അനിയന്മാരെയും മറ്റേകൈ കൊണ്ട് ചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു. അന്നത്തെ
ചായയ്ക്ക് ചക്ക അടയും പഴം നുറുക്കുമായിരുന്നു ഉണ്ടായിരുന്നതെന്നാണോര്‍മ
ഫോട്ടോയുടെ കാര്യം പറഞ്ഞപ്പൊ ‘വയ്യാണ്ടിരിക്കുമ്പഴോ?
ആകെ ക്ഷീണിച്ചിരിക്യല്ലേ ഞാന്‍ ‘എന്ന് അമ്മമ്മ ഒഴിഞ്ഞുമാറി.
‘അത് സാരൂല്ല.
ഇനിയൊരു പക്ഷേ അടുത്തൊന്നും എനിക്ക് വരാന്‍ പറ്റിയില്ലെങ്കിലോ ‘ എന്നാണ് മുത്തശ്ശന്‍ മറുപടി പറഞ്ഞത്.’ ‘തനിക്ക് കാണണം ന്ന് തോന്നുമ്പൊ ഞാനയച്ചുതരുന്ന ഈ ഫോട്ടോയിലേക്ക് നോക്യാ മതി’ എന്നും പറഞ്ഞ് അമ്മമ്മയെ പിടിച്ചെഴുന്നേല്‍പിച്ചു കട്ടിലിലിരുത്തി.
മാത്രമല്ല ‘എപ്പോഴെങ്കിലും കവി കുടുംബമില്ലാത്തവന്‍ എന്ന് കേള്‍ക്കേണ്ടി വന്നാല്‍ അതിനുള്ള ഉത്തരമാവട്ടെ ഈ ഫോട്ടോ’
എന്നും പറഞ്ഞ് കണ്ണടക്കിടയിലൂടെ ഞങ്ങളെ നോക്കി ചിരിച്ചു. അമ്മമ്മയും അത് കേട്ടു, പക്ഷെ പ്രതികരണമൊന്നും മുഖത്തു നിന്ന് വായിക്കാനായില്ല.
അതിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാന്‍ എനിക്ക് കുറച്ചു കാലം കാത്തിരിക്കേണ്ടി വന്നു.
അമ്മമ്മ ആ കുംടുംബഫോട്ടോ ഫ്രെയിം ചെയ്യിക്കാതെ തന്റെ കട്ടിലില്‍ത്തന്നെ സൂക്ഷിച്ചു പോന്നു. 1989 ല്‍ അമ്മമ്മ പോയി. അതിനു ശേഷമാണ് ഞങ്ങളത് തൊട്ടത്.

 

കൂടാളിയിലെ പത്തുവര്‍ഷത്തെ താമസത്തിന് ശേഷം കുറേക്കാലം പിരിഞ്ഞിരിക്കേണ്ടി വന്നിരുന്നു. അതിന് ശേഷം അമ്മമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നു. ഒറ്റയ്ക്ക് ഭക്ഷണമൊന്നും ശരിയാകുന്നില്ല എന്നൊക്കെ പറഞ്ഞ് കത്തെഴുതി .അത് കിട്ടണതിന് മുമ്പേ ആളിങ്ങെത്തി. അന്ന് ഞാന്‍ കൈക്കുഞ്ഞായിരുന്നു. അമ്മ പറഞ്ഞു കേട്ടതാണ് .മുത്തശ്ശന്‍ ഉമ്മറത്തേക്ക് കയറിയതും അമ്മമ്മ എന്നെയുമെടുത്ത് പടികടന്ന് ഉമ്മറത്തേക്ക് വരികയായിരുന്നു. ഉടനെ എന്നെ വാരിയെടുത്ത് എന്റെ കാലുകള്‍ മുത്തശ്ശന്റെ തലയില്‍ വെച്ച് പറഞ്ഞത്രെ ‘അറിഞ്ഞില്ല, ലക്ഷ്മീ..തന്നെ ഇപ്പോള്‍ ആവശ്യം എന്നേക്കാള്‍ കൂടുതല്‍ ഈ കുഞ്ഞിനാണ്.. ഞാനിനിയൊരിക്കല്‍ വരാം’. ഊണ് കഴിച്ചവിടെ നിന്നിറങ്ങി. അതിന് ശേഷം മൂന്നോ നാലോ തവണ അമ്മമ്മയ്ക്ക് വയ്യാണ്ടായപ്പൊ ‘കാണണം ന്ന് മോഹണ്ട് ‘എന്നുപറഞ്ഞ് എഴുത്തെഴുതിയിരുന്നു. അപ്പഴൊക്കെ വരികയും ചെയ്തിരുന്നു. വന്നെന്നറിഞ്ഞാല്‍ അമ്മ അടുക്കളയില്‍ മുത്തശ്ശനിഷ്ടപ്പെട്ട പലഹാരങ്ങളൊക്കെ ഉണ്ടാക്കണ തിരക്കിലാവും .

ചക്ക വറുത്തത്, പഴം ചെറുതായി മുറിച്ച് കടലമാവില്‍ മുക്കിച്ചുട്ടത്, വത്സന്‍..ഒക്കെണ്ടാവും ചായയ്ക്ക്.
ഇവര്‍ രണ്ടുപേരും സംസാരിക്കുന്ന സ്ഥലത്ത് ഞങ്ങള്‍ കുട്ടികള്‍ മാത്രം. എന്തൊക്കെയോ പറഞ്ഞ് ചിരിക്കും .. കൂടെ ഞങ്ങളും.
ഒരിക്കല്‍ മുത്തശ്ശന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു..
‘തനിക്ക് പൂവാറായിട്ടില്ലഡോ.. ഞാന്‍ പോയിട്ടേ താന്‍ പോകൂ.
ഒരീസം റേഡിയോവിലോ മറ്റോ കേള്‍ക്കാം .. കവി യാത്രയായി എന്ന്. അന്ന് താന്‍ വിഷമിക്വേം വേണ്ട. ട്വോ.. അല്ലെങ്കില്‍ തന്നെ ദേഹമല്ലേ യാത്രയാകുന്നുള്ളൂ…’

മുത്തശ്ശന്റെ മരണവാര്‍ത്ത കേട്ട് വീട്ടില്‍ നിന്നെല്ലാവരും പോയി. ഞാനും അമ്മമ്മയും മാത്രം വീട്ടില്‍. ഞാന്‍ കെട്ടിപ്പിടിച്ച് ഇരുന്നു.
അമ്മമ്മ കരയുന്നില്ല. പക്ഷെ ദു:ഖത്തിന്റെ ആഴം ഞാന്‍ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്തു.
അത് സഹിക്കാനെനിക്കാവില്ലായിരുന്നു. ഞാന്‍ കരഞ്ഞു .അമ്മമ്മ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അന്ന് മാതൃഭൂമിയില്‍ നിന്ന് ആരോ ഒരാള്‍ വന്നിരുന്നു. ഏതാണ്ട് രണ്ടുമണിക്കൂറോളം അയാള്‍ സംസാരിച്ചു. പേര് ഓര്‍ക്കുന്നില്ല. മുഖം നല്ല ഓര്‍മയുണ്ട്. ആജാനുബാഹുവായ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍..എന്തിനാണയാള്‍ അത്ര നേരം കഥകള്‍ ചോദിച്ച് അവിടെ ഇരുന്നതെന്നറിയില്ല. ഞങ്ങള്‍ക്കത് വലിയൊരാശ്വാസമായിരുന്നു.
മുത്തശ്ശന്‍ അന്ന് പറഞ്ഞിട്ട് പോയ വാക്കുകള്‍ അയാളോട് അമ്മമ്മ പറയുന്നുണ്ടായിരുന്നു .. അന്നാണ് ശരിക്കും ഞാനാ വാക്കുകളൂടെ അര്‍ത്ഥം ഉള്‍ക്കൊണ്ടത്.

സത്യമായിരുന്നു അപ്പറഞ്ഞതെല്ലാമെന്ന് കവിയെ വായിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി. സ്‌നേഹാദരങ്ങളോടെ മാത്രമേ കുഞ്ഞുലക്ഷ്മി എന്ന വാക്ക് അദ്ദേഹം ഉച്ചരിച്ചിരുന്നുള്ളൂ. ( ശീലാവതി എന്ന് എവിടെയോ എഴുതിയതായും കണ്ടു. )

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയശ്രീ വടയകളം
ബാങ്കുദ്യോഗസ്ഥ