വിദ്യാര്‍ത്ഥികളെ 'പോടാ, പോടി' വിളിക്കരുതെന്ന് അധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍; മാറ്റത്തിന് വഴിവെച്ചത് ഒരു കത്ത്
Kerala News
വിദ്യാര്‍ത്ഥികളെ 'പോടാ, പോടി' വിളിക്കരുതെന്ന് അധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍; മാറ്റത്തിന് വഴിവെച്ചത് ഒരു കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 10:20 am

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ‘പോടാ, പോടി’ എന്നിങ്ങനെ വിളിക്കുന്നത് വിലക്കി സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലാണ് ഇത്തരം പ്രയോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള നടപടി ആരംഭിച്ചിരിക്കുന്നതെന്ന് വിവിധ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ സുധീഷ് അലോഷ്യസ് റൊസാരിയോ എന്നയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടായിരിക്കുന്നത്.

മറ്റുള്ളവരോട് നല്ല രീതിയില്‍ ഇടപെടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ഇടമാകുന്ന സ്‌കൂളുകളുകള്‍. അവിടെ നിന്ന് തന്നെ അധ്യാപകര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് കുട്ടികള്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നായിരുന്നു കത്തില്‍ സുധീഷ് പറഞ്ഞിരുന്നത്.

ബഹുമാനം നല്‍കാന്‍ തോന്നുന്നവരാകണം അധ്യാപകരെന്നും അത്തരത്തിലായിരിക്കണം വിദ്യാര്‍ത്ഥികളോടുള്ള അവരുടെ പെരുമാറ്റമെന്നും സുധീഷ് പറഞ്ഞിരുന്നു.

ഈ കത്തിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പോടാ, പോടി എന്നീ വിളികള്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്നതാണെന്നും ഇത്തരം പദപ്രയോഗങ്ങള്‍ നടത്തരുതെന്നുമാണ് നിര്‍ദേശം.

തിരുവനന്തപുരത്തെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റ് ജില്ലകളിലെ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ഉടന്‍ ഈ നിര്‍ദേശമെത്തും.

വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാക്കാനാകുന്ന സംസാരവും പെരുമാറ്റരീതികളുമേ അധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടൂവെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

നേരത്തെ, വിദ്യാര്‍ത്ഥികളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധന, ബാഗ് പരിശോധന എന്നിവ കര്‍ശനമായി നിരോധിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. ഫോണ്‍ അഡിക്ഷനില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിന് ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Poda, Podi calls are prohibited in Kerala Schools as per the new order by Education Department