വമ്പന്‍ മാറ്റങ്ങളുമായി പി.എസ്.ജി; പൊച്ചറ്റീനയെ കോച്ച് സ്ഥാനത്ത് നിന്നും പുറത്താക്കി
Football
വമ്പന്‍ മാറ്റങ്ങളുമായി പി.എസ്.ജി; പൊച്ചറ്റീനയെ കോച്ച് സ്ഥാനത്ത് നിന്നും പുറത്താക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th July 2022, 9:00 pm

ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപേര് മാറ്റാന്‍ കാലങ്ങളായി കഷ്ടപ്പെടുന്ന ടീമാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ലോകോത്തര താരങ്ങളെ ടീമിലെത്തിച്ചിട്ടും ടീമിന് ഇതുവരെ തങ്ങളുടെ സ്വപ്‌നം നിറവേറ്റാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ ലയണല്‍ മെസിയെ ടീമിലെത്തിച്ചതൊക്കെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നം കണ്ടിട്ടാണ്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്താന്‍ ടീമിന് സാധിച്ചില്ല. ഈ വര്‍ഷം അതില്‍ നിന്നും മാറ്റം കൊണ്ടുവരാനാണ് ടീം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ടീമില്‍ അഴിച്ചുപണികളും നടക്കുന്നുണ്ട്.

ടീമിനെ അഴിച്ചുപണിയുന്നതിന്റെ ഭാഗമായി ടീമിന്റെ കോച്ചായ പൊച്ചറ്റീനൊയെ സ്ഥാനത്ത് നിന്നും പുറത്താക്കിയിരിക്കുകയാണ് പി.എസ്.ജി. പുതിയ കോച്ചിനെ പി.എസ്.ജി നേരത്തെ മുതലെ അന്വേഷിക്കുന്നുണ്ടായിരുന്നു.

ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയന്‍ എംബാപ്പെ ക്ലബുമായി കരാര്‍ പുതുക്കിയതിനു ശേഷം പി.എസ്.ജി.യില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് പോച്ചറ്റീനോയും പുറത്തു പോകുന്നത്. ഇതിനു മുന്‍പ് സ്‌പോര്‍ട്ടിങ് ഡയറക്റ്ററായിരുന്ന ലിയനാര്‍ഡോയെ ഒഴിവാക്കി ലൂയിസ് കാംപോസിനെ പി.എസ്.ജി നിയമിച്ചിരുന്നു.

പൊച്ചറ്റീനൊ ടീമിന്റെ സ്ഥാനമേറ്റ് 18 മാസം ആകുന്നതേയുള്ളു. 2020-21 സീസണിനിടെ തോമസ് ടുഷെലിനു പകരക്കാരനായാണ് പൊച്ചറ്റീനൊ പി.എസ്.ജി പരിശീലകസ്ഥാനം ഏറ്റെടുത്തത്. പോച്ചറ്റീനോ ആ സീസണില്‍ ഫ്രഞ്ച് കപ്പ് കിരീടം മാത്രമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ വമ്പന്‍ താരനിര ഉണ്ടായിട്ടും പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിലും ഫ്രഞ്ച് കപ്പിലും നേരത്തെ പുറത്തായതോടെയാണ് പോച്ചറ്റീനോക്കെതിരെ വിമര്‍ശനങ്ങള്‍ വര്‍ധിച്ചത്.

ക്ലബില്‍ നിന്നും ഒഴിവാക്കപ്പെടുന്ന പോച്ചറ്റീനോക്കും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സ്റ്റാഫുകള്‍ക്കുമായി പതിനഞ്ച് മില്യണ്‍ യൂറോയാണ് പി.എസ്.ജി നഷ്ടപരിഹാരം നല്‍കുന്നത്. മിഗ്വല്‍ ഡി അഗസ്റ്റിനോ, ജീസസ് പെരസ്, സെബാസ്റ്റ്യന്‍ പൊച്ചറ്റീനൊ , ടോണി ജിമിനെസ് എന്നിവരും പൊച്ചറ്റീനൊയുടെ കൂടെ ക്ലബ്ബില്‍ നിന്നും പുറത്തു പോകും.

പൊച്ചറ്റീനൊക്ക് പകരക്കാരനെ പി.എസ്.ജി നേരത്തെ തന്നെ കണ്ടു വെച്ചിട്ടുണ്ട്. പൊച്ചറ്റീനൊ സ്ഥാനമേറ്റെടുത്ത ആദ്യത്തെ സീസണില്‍ ലില്ലെയുടെ പരിശീലകനായി ടീമിന് ഫ്രഞ്ച് ലീഗ് സമ്മാനിച്ച ക്രിസ്റ്റഫെ ഗാള്‍ട്ടിയറാണ് ഇനി പി.എസ്.ജിയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നീസില്‍ നിന്നും പി.എസ്.ജിയില്‍ എത്തുന്ന അദ്ദേഹത്തിന്റെ നിയമനം ഉടനെ തന്നെ ക്ലബ്ബ് പ്രഖ്യാപിക്കുന്നുണ്ടാകും.

Cristophe Galtier

Content Highlights: Pochetino is out of PSG