ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെട്ടെന്ന് പ്രചരിപ്പിക്കാന്‍ വനിതാ മന്ത്രിമാര്‍ക്ക് മോദിയുടെ നിര്‍ദ്ദേശം
national news
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെട്ടെന്ന് പ്രചരിപ്പിക്കാന്‍ വനിതാ മന്ത്രിമാര്‍ക്ക് മോദിയുടെ നിര്‍ദ്ദേശം
ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 6:04 pm

ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് വനിതാ മന്ത്രിമാരാണ് മോദി ഗവണ്‍മെന്റിന്റെ കീഴിലെ സ്ത്രീജീവിതത്തെക്കുറിച്ച് പോസിറ്റീവ് കഥകള്‍ മാധ്യമങ്ങളില്‍ എഴുതിയത്.

ഇത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ ജീവിതസാഹചര്യങ്ങളില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന പ്രചരണം തടയാന്‍ മോദി സര്‍ക്കാര്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചരണങ്ങളാണിതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ALSO READ: രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ രണ്ടാമന്‍


എല്ലാ വനിതാ മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിമാരും ഈ വിഷയത്തില്‍ അഭിപ്രായങ്ങളും ബ്ലോഗുകളുമെഴുതണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പ്രസിദ്ധീകരണങ്ങളുടെ പ്രചരണം സംബന്ധിച്ച ചുമതല കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തേയും ഏല്‍പ്പിച്ചിട്ടുണ്ട്.

ഇതുവരെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, ടെക്സ്റ്റയില്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഭക്ഷ്യോല്പാദന വകുപ്പ് മന്ത്രി ഹര്‍സിമ്രത്ത് കൗര്‍, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ എന്നിവരാണ് ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ എഴുതിയത്. ഇതെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത് ആഗസ്റ്റ് 20നും 30നും ഇടയിലാണ്.


ALSO READ: തെലങ്കാന നിയമസഭ പിരിച്ചുവിടുന്നു; ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട്


വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി, വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മന്ത്രി ഉമ ഭാരതി എന്നിവര്‍ ഇതുവരെ പേന ചലിപ്പിച്ചിട്ടില്ല.