പി.എം നരേന്ദ്രമോദി മുതല്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ വരെ; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി സിനിമകളും
D' Election 2019
പി.എം നരേന്ദ്രമോദി മുതല്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ വരെ; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി സിനിമകളും
അശ്വിന്‍ രാജ്
Tuesday, 12th February 2019, 2:11 pm

“സിനിമ”, ആളുകളില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു മാധ്യമവും ഇല്ല. ഒരു സമൂഹത്തിനെ മൊത്തം സ്വാധീനിക്കാന്‍ സിനിമയ്ക്ക് നിശ്പ്രയാസം സാധിക്കും. കള്ളനെ നല്ലവനാക്കാനും നല്ലവനെ കള്ളനാക്കാനുമെല്ലാം അതിന് കഴിയും.

അത് കൊണ്ട് തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി അജണ്ടകള്‍ സെറ്റ് ചെയ്ത് സിനിമ എന്ന മാധ്യമത്തിനെ പലരും സമര്‍ത്ഥമായി ഉപയോഗിക്കാറുണ്ട്.

കാലാകാലങ്ങളില്‍ ഇന്ത്യയിലെ പല ഭാഷകളിലും കൃത്യമായ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. തമിഴ്, മലയാളം, ഹിന്ദി എന്ന് വേണ്ട എല്ലാം ഭാഷകളിലും ഇതുണ്ടായിട്ടുണ്ട്.

രാജ്യത്ത് വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കേവലം പോസ്റ്ററുകളിലോ ബാനറുകളിലോ ഒതുങ്ങുന്നതല്ല തെരഞ്ഞടുപ്പ് പ്രചാരണം. ലഭ്യമായ മാധ്യമങ്ങളില്‍ എല്ലാം തന്നെ സര്‍ക്കാരിന്റെ പോരായ്മകളും നേട്ടങ്ങളും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

സ്വാഭാവികമായി സിനിമകളും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അണിയറയില്‍ ഒരുങ്ങുകയാണ്. ദേശീയ തലത്തില്‍ സംഘപരിവാര്‍ സ്പോണ്‍സര്‍ഡ് ആയി അഞ്ച് സിനിമകളാണ് ഒരുങ്ങുന്നത്. അതില്‍ നിന്ന് തന്നെ വ്യക്തമാണ് സിനിമയെ എത്രത്തോളം രാഷ്ട്രീയമായി വരും ദിവസങ്ങളില്‍ ഉപയോഗിക്കുമെന്ന്.

പ്രാദേശിക ഭാഷകളിലും രാഷ്ട്രീയ സിനിമകള്‍ക്ക് പഞ്ഞമില്ല. തെലുങ്കിലും തമിഴിലും നേരിട്ട് രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ വന്നു കൊണ്ടിരിക്കുകയാണ്. എപ്രില്‍ മേയ് മാസങ്ങളില്‍ ആയിരിക്കും രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായി പരമാവധി സിനിമകള്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെയും അവരെ പുറകില്‍ നിന്ന് പിന്താങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന സിനിമകളും അജണ്ടകളും ഒന്ന് പരിശോധിക്കാം.

“ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍” ; കോണ്‍ഗ്രസിന് നേരെ ഒളിയമ്പ് (2019 ജനുവരി 11)

മുന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥയാണ് എന്നവകാശപ്പെട്ടാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ പുറത്തിറങ്ങിയത്. അനുപം ഖേര്‍ ആയിരുന്നു മന്‍മോഹന്‍ സിംഗ് ആയി എത്തിയത്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടകനായ സഞ്ജയ് ബാരു എഴുതിയ “ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങിയത്.

മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടകനായ സഞ്ജയ് ബാരുവിനെ അവതരിപ്പിച്ചത് അക്ഷയ് ഖന്നയാണ്. മന്‍മോഹന്‍ സിങ്ങിനൊപ്പം ഭാര്യ ഗുര്‍ചരണ്‍ കൗര്‍, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി മുന്‍ രാഷ്ട്രപതി, എ.പി.ജെ അബ്ദുല്‍ കലാം, ശിവരാജ് പാട്ടീല്‍ തുടങ്ങിയവരും ചിത്രത്തില്‍ വരുന്നുണ്ട്.

Also Read  കുമ്പളങ്ങിയിലെ രാത്രികള്‍ “ആണത്തം” എന്ന വട്ടിനുള്ള കൊട്ട്

വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതിയ ചിത്രം സംവിധാനം ചെയ്തത് വിജയ് ഗുട്ടെയാണ്. കോണ്‍ഗ്രസിന് നേരെ ബി.ജെ.പിക്ക് പ്രയോഗിക്കാന്‍ പറ്റിയ ഒളിയമ്പായിരുന്നു ഈ ചിത്രം. ചിത്രത്തെ എതിര്‍ക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ല. കാരണം സിനിമയെ എതിര്‍ത്താല്‍ അത് കോണ്‍ഗ്രസിനെ ആളുകള്‍ അറിയുന്നത് തടയാനാണെന്ന് പ്രചരണം നടക്കുമായിരുന്നു. എന്നാലും ചിത്രത്തെ കനത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ എണ്‍പത് ശതമാനവും നുണയാണെന്ന് പറഞ്ഞ നാരായണന്‍, പുസ്തകം രചിച്ച സഞ്ജയ് ബാരു അവസരവാദിയാണെന്നും, കാശിന് വേണ്ടി എന്തും ചെയ്യുമെന്നും പറഞ്ഞിരുന്നു.

സഞ്ജയ് ബാരുവിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും തികഞ്ഞ അവസരവാദിയായ ഇയാള്‍ നുണകള്‍ വെച്ച് എഴുതിയ ഒരു തേര്‍ഡ് റേറ്റ് പുസ്തകമാണ് “ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍: ദി മേയ്ക്കിങ് ആന്‍ഡ് അണ്‍മേയ്ക്കിങ് ഓഫ് മന്‍മോഹന്‍ സിങ്” എന്നും നാരായണന്‍ വിമര്‍ശിച്ചിരുന്നു. പക്ഷേ ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ചിത്രത്തിനായില്ല.

“പി.എം നരേന്ദ്രമോദി” ; മോദിയെ വാഴ്ത്താന്‍ അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബഡജറ്റ് സിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന “പി.എം. നരേന്ദ്ര മോദി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 23 ഭാഷകളിലായിട്ടായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്.

ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മേരി കോം, സറബ്ജിത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “പി.എം നരേന്ദ്ര മോദി”.

Also Read  38 വര്‍ഷമായി ഞാന്‍ സിനിമയില്‍, ഞാനെന്തിന് രാഷ്ട്രീയത്തിലിറങ്ങണം, സിനിമയാണെന്റെ രാഷ്ട്രീയം; മമ്മൂട്ടി

ചിത്രത്തില്‍ പരേഷ് റാവല്‍ മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിവേക് ഒബ്രോയിയെ പരിഗണിക്കുകയായിരുന്നു. എന്നാല്‍ ചിത്രം നരേന്ദ്രമോദിയെ വെള്ളപൂശാനുള്ളതാണെന്നും ബാല്‍ നരേന്ദ്രയെ പോലെ തന്നെയായിരിക്കും ഈ സിനിമയെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുറത്തിറക്കാനാണ് തീരുമാനം.

രൂപേഷ് പോളിന്റെ, “മൈ നെയിം ഇസ് രാഗ”

രാഹുല്‍ ഗാന്ധിയുടെ ജീവിത കഥയെന്ന മുഖവുരയോടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് മൈ നെയിം ഇസ് രാഗ. രാഹുല്‍ ഗാന്ധിയെ മോശമാക്കാനോ പുകഴ്ത്താനോ അല്ല മൈ നെയിം ഇസ് രാഗ ഒരുക്കുന്നതെന്നാണ് മലയാളി കൂടിയായ സംവിധായകന്‍ രൂപേഷ് പോള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത് വരെയുള്ള കാര്യങ്ങളാണ് സിനിമയിലുള്ളത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.


മറാത്ത രാഷ്ട്രീയം പറയുന്ന “താക്കറെ”

ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ താക്കറെ എന്ന ചിത്രം ജനുവരി അവസാനവാരമാണ് തിയേറ്ററുകളില്‍ എത്തിയത്. അഭിജിത് പന്‍സെ സംവിധാനം ചെയ്ത താക്കറെയില്‍ നവാസുദ്ദീന്‍ സിദ്ധിഖി ആണ് ബാല്‍ താക്കറെ ആയി വേഷമിട്ടത്. ചിത്രത്തില്‍ താക്കറെയുടെ ഭാര്യ തായ് താക്കറെ ആയി എത്തിയത് അമൃത റാവോ ആണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുപ്രസിദ്ധ ഏടായ ബാബരി മസ്ജിദ് ധ്വംസനവും അതിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികളേയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

“യാത്ര”യും, “എന്‍.ടി ആറും”; തെലുങ്ക് ദേശത്തെ പോരാട്ടം സിനിമയിലും

തെലുങ്കിലെ സൂപ്പര്‍ താരവും സംവിധായകനും, നിര്‍മ്മാതാവും കൂടാതെ തെലുഗുദേശം പാര്‍ട്ടി പ്രവര്‍ത്തകനും മൂന്ന് പ്രാവശ്യം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന “എന്‍.ടി.ആര്‍” എന്ന പേരില്‍ അറിയപ്പെടുന്ന നന്ദമുറി താരകരാമ റാവു എന്ന എന്‍.ടി.രാമ റാവുവിന്റെ ജീവചരിത്രം പറയുന്ന ചിത്രമാണ് “എന്‍.ടി.ആര്‍”. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഇതിനോടകം റിലീസ് ചെയ്തു. എന്‍.ടി.ആറിന്റെ മകനായ ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍.ടി.ആര്‍ ആയി എത്തുന്നത് .

അതേസമയം തന്നെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന വൈ.എസ്.രാജ ശേഖര റെഡ്ഡിയുടെ ജീവ ചരിത്രവും സിനിമയായി എത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് വൈ.എസ്.ആര്‍ ആയി വെള്ളിത്തിരയില്‍ എത്തിയത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. കൃത്യമായ രാഷ്ട്രീയ അജണ്ട വെച്ചാണ് യാത്ര ഒരുങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തെലുങ്കിലെ രണ്ട് പ്രബല രാഷ്ട്രീയ കക്ഷികള്‍ സിനിമയുമായി വരുന്നു എന്നത് തന്നെയാണ് ഈ രണ്ട് സിനിമകളുടെയും പ്രത്യേകത.
***********************

ബയോപിക്കുകള്‍ക്കുപരിയായി രാഷ്ട്രീയ ലക്ഷ്യത്തോടെ നിരവധി സിനിമകള്‍ പുറത്തുവരുന്നുണ്ട്. വിമര്‍ശനങ്ങളായും രാഷ്ട്രീയ നേട്ടങ്ങളും സിനിമകളായി വരുന്നു. കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജീവിതം ആസ്പദമാക്കി താഷ്‌ക്കന്റ് എന്ന പേരിലും ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇതില്‍ പ്രധാനമാണ് ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച “ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്” എന്ന എന്ന സിനിമ. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ ഏറ്റവും വലിയ നേട്ടമായി കാണിക്കുന്ന ഉറിയിലെ സര്‍ജിക്കല്‍ സ്ര്ടൈക്ക് ആണ് സിനിമയുടെ വിഷയം. ചിത്രത്തില്‍ നായകനായി എത്തുന്നത് വിക്കി കൗശല്‍ ആണ്. യാമി ഗൗതം, കൃതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബി.ജെ.പി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണിച്ച് കൊണ്ടാണ് ചിത്രം പുറത്തിറങ്ങിയത്.

“എല്‍.കെ.ജി” ; തമിഴ്നാട്ടില്‍ നിന്നൊരു പൊളിറ്റിക്കല്‍ സറ്റേയര്‍

രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായാണ് തമിഴ് സിനിമയായ എല്‍.കെ.ജി ഒരുങ്ങുന്നത്. ആര്‍.ജെ ബാലാജി നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ. ആര്‍ പ്രഭുവാണ്.

തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായരായ സെല്ലുര്‍ രാജ, വൈക്കോ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി നിരവധി പേരെ ആക്ഷേപ ഹാസ്യ രൂപേണ ചിത്രം പരിഹസിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ശ്രദ്ധേയമായ രാഷ്ട്രീയ സമരങ്ങളും സംഭവങ്ങളും ഉള്‍പ്പടെ ഏറെ കോളിളക്കം സൃഷ്ടിച്ചാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.

“ലൂസിഫര്‍” ; അണിയറയില്‍ ഒരുങ്ങുന്നത് രാഷ്ട്രീയ സിനിമയോ ???

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫര്‍ രാഷ്ട്രീയ അജണ്ടകളോടെ പുറത്തിറങ്ങുന്ന ചിത്രമാണെന്നാണ് സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന നായക കഥാപാത്രമായി മോഹന്‍ലാല്‍ വരുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ് എന്നതാണ് ഇങ്ങിനെയൊരു സംശയം ഉയരാനുള്ള പ്രധാനകാരണം. മുരളി ഗോപിയുടെ മുന്‍ സിനിമയായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഭാവനയില്‍ വന്ന കഥയായിരുന്നെങ്കിലും കാലങ്ങള്‍ക്ക് ശേഷം പുറത്തുവന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചില സംഭവങ്ങളും ചര്‍ച്ചയാവുമെന്നാണ് അണിയറയിലെ സംസാരം.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.