കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താത്തതിലൂടെ മോദി പാകിസ്ഥാനും തീവ്രവാദികള്‍ക്കും മുന്നില്‍ കീഴടങ്ങി: ഉമര്‍ അബ്ദുള്ള
D' Election 2019
കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താത്തതിലൂടെ മോദി പാകിസ്ഥാനും തീവ്രവാദികള്‍ക്കും മുന്നില്‍ കീഴടങ്ങി: ഉമര്‍ അബ്ദുള്ള
ന്യൂസ് ഡെസ്‌ക്
Sunday, 10th March 2019, 10:27 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമര്‍അബ്ദുള്ള. തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചതിലൂടെ തീവ്രവാദികള്‍ക്കും ഹുറിയത്തിനും പാകിസ്ഥാനും മുന്നില്‍ മോദി കീഴടങ്ങിയിരിക്കുകയാണെന്ന് ഉമര്‍അബ്ദുള്ള ട്വീറ്റ് ചെയ്തു.

1996ന് ശേഷം ആദ്യമായാണ് ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കാതിരിക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താമെന്ന് രാജ്‌നാഥ് സിങ് രാജ്യസഭയിലും ലോക്‌സഭയിലും ഈയിടെ ദല്‍ഹിയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലും ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പിന് എന്ത് സംഭവിച്ചുവെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

2014ല്‍ കശ്മീരില്‍ ഏറ്റവും ദുരന്തം വിതച്ച വെള്ളപ്പൊക്കത്തിന് ശേഷവും തെരഞ്ഞെടുപ്പ് കൊടുത്തിരുന്നുവെന്നും ഉമര്‍ അബ്ദുള്ള ഓര്‍മ്മിപ്പിച്ചു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടെന്ന് തീരുമാനമെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഒമ്പത് മാസമായി ജമ്മു കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ല. നിലവില്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കശ്മീര്‍.

അതേസമയം, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.

ജമ്മു കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ രണ്ടു ദിവസത്തെ സന്ദര്‍ശത്തിന് സംസ്ഥാനത്തെത്തിയ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘത്തിനു മുന്നിലായിരുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

സുരക്ഷ ഉറപ്പാക്കി ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സി.പി.ഐ.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടിക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്.