'എന്റെ പേര് പറഞ്ഞ് വരുന്ന ഒരാളേയും അടുപ്പിക്കരുത്'; ചീറ്റ മിത്ര വളണ്ടിയര്‍മാരോട് മോദി
national news
'എന്റെ പേര് പറഞ്ഞ് വരുന്ന ഒരാളേയും അടുപ്പിക്കരുത്'; ചീറ്റ മിത്ര വളണ്ടിയര്‍മാരോട് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th September 2022, 5:55 pm

കുനോ: ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ കാണാന്‍ ആര്‍ക്കും പ്രവേശനം അനുവദിക്കരുതെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്ത് അവ ഇണങ്ങുന്നതുവരെ രാഷ്ട്രീയക്കാര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ചീറ്റകളുടെ വളണ്ടിയര്‍മാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

‘എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഇനി ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം അനുവദിക്കരുത്. അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും തടയണം. പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാനുള്ള അനുമതി നല്‍കുന്നതുവരെ ഇവിടേക്കെത്തുന്ന എല്ലാവരോടും അകത്തേക്ക് കയറാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറണം’- ചീറ്റകളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ‘ചീറ്റ മിത്ര’ വളണ്ടിയര്‍മാരോട് മോദി പറഞ്ഞു.

മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നും വളണ്ടിയര്‍മാര്‍ മറുപടി നല്‍കി. അതിനാല്‍ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു.

ചീറ്റകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെത്തുറിച്ച് വളണ്ടിയര്‍മാരെ ഓര്‍മിപ്പിച്ച മോദി മുമ്പ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗിര്‍ സിംഹങ്ങളെ സംരക്ഷിച്ചതിന്റെ അനുഭവങ്ങളും അവരോട് വിവരിച്ചു.

അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളില്‍ ഇവയെ കൂനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചീറ്റകളെ തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റൈന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സൈ്വര്യ വിഹാരത്തിന് വിടുക. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ജന്മദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. 70 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍ എത്തുന്നത്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്.

അതേസമയം, ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നില്‍ തങ്ങളാണെന്നും മോദി സര്‍ക്കാര്‍ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2010ല്‍ കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശ് പദ്ധതിയുടെ ഭാഗമായി ആഫ്രിക്കന്‍ പര്യടനം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. അന്ന് മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ജയറാം രമേശ്.

2010ല്‍ കോണ്‍ഗ്രസ് ആവിഷ്‌കരിച്ച പദ്ധതി 2013ല്‍ സുപ്രീം കോടതി നിരോധിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍, പിന്നീട് 2020ല്‍ ഈ നിരോധനം കോടതി എടുത്തുകളഞ്ഞെന്നും കോണ്‍ഗ്രസ് പറയുന്നു. കോണ്‍ഗ്രസിന്റെ ശ്രമഫലമായാണ് 12 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇപ്പോള്‍ ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് എത്തുന്നതെന്നും പാര്‍ട്ടി ട്വീറ്റില്‍ അവകാശപ്പെടുന്നു.

Content highlight: PM Narendra Modi’s Advice to cheetah Mithra Volunteers in Kuno National Park