എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോദി യഥാര്‍ത്ഥ ഹിന്ദുവല്ല; ഗുജറാത്ത് രാഷ്ട്രീയം അധ:പതിച്ചെന്നും കപില്‍ സിബല്‍
എഡിറ്റര്‍
Thursday 30th November 2017 10:54pm

 

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സോമനാഥക്ഷേത്ര സന്ദര്‍ശനം ബി.ജെ.പി വിവാദമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. രാഹുല്‍ അഹിന്ദുവാണെന്ന ബി.ജെ.പി ആരോപണങ്ങളോട് പ്രതികരിക്കവേയാണ് നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ ഹിന്ദുവല്ലെന്ന് അദ്ദേഹം പറഞ്ഞത്.

ബി.ജെ.പിക്കാര്‍ ഹിന്ദു മതം എന്താണെന്ന് മറന്നു പോയെന്നും ഹിന്ദുത്വത്തെ മതമായി സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘നരേന്ദ്ര മോദി ഒരു യഥാര്‍ഥ ഹിന്ദുവല്ല. ബി.ജെ.പി ഹിന്ദു മതത്തെ മറക്കുകയും പകരം ‘ഹിന്ദുത്വ’ത്തെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്’ കപില്‍ സിബല്‍ പറഞ്ഞു.

‘നോട്ട് നിരോധനത്തെപ്പറ്റിയോ ജി.എസ്.ടിയെപ്പറ്റിയോ ബി.ജെ.പി ഗുജറാത്തില്‍ സംസാരിക്കുന്നില്ല. രാഷ്ട്രീയം അധ:പതിച്ചുവെന്നതിന് ഉദാഹരണമാണിത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വികസനവുമായി ബന്ധപ്പെട്ട് ഒന്നും ഉയരുന്നില്ലെന്നതും കാണേണ്ടതാണ്’ കപില്‍ സിബല്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിനെതിരെ ബി.ജെ.പി കേന്ദ്രങ്ങള്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഹിന്ദുവല്ലെന്നും അഹിന്ദുക്കളുടെ പേര് രേഖപ്പെടുത്തുന്ന പട്ടികയിലാണ് ഒപ്പിട്ടതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഹിന്ദുക്കള്‍ക്കും അഹിന്ദുക്കള്‍ക്കും പ്രത്യേകം പ്രത്യേകം രജിസ്റ്റര്‍ പട്ടികയുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

എന്നാല്‍, ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും ഒറ്റ രജിസ്റ്റര്‍ പട്ടിക മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ മറുപടി നല്‍കിയിരുന്നു. മറ്റു രീതിയിലുള്ള ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement