ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Manmohan Sigh
‘എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യാന്‍ മോദിയ്ക്ക് അവകാശമില്ല’; മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്
ന്യൂസ് ഡെസ്‌ക്
Monday 11th December 2017 9:29pm

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വൈമനസ്യം കാണിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മന്‍മോഹന്‍ സിംഗിന്റെ മറുപടി. തന്റെ പൊതു പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യാന്‍ മോദിയ്ക്ക് അവകാശമില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

‘പൊതുപ്രവര്‍ത്തനത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തെ എന്റെ ട്രാക്ക് റെക്കോഡ് എല്ലാവര്‍ക്കും അറിയുന്നതാണ്. മോദിയടക്കമുള്ളവരുടെ ചോദ്യം ചെയ്യലില്‍ അത് നഷ്ടപ്പെടില്ല.’

ഗുജറാത്തില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രധാനമന്ത്രി തന്നെ ഇത്തരം നുണപ്രചരണങ്ങളുമായി വരുന്നത് വേദനയുണ്ടാക്കിയെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിനിടെ ദേശീയതയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു ഒത്തുതീര്‍പ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ദംപൂരിലെയും ഗുര്‍ദാസ്പൂരിലെയും ഭീകരാക്രമണത്തിനുശേഷം ക്ഷണമില്ലാതിരുന്നിട്ടും മോദി പാകിസ്ഥാനില്‍ പോയിരുന്നതും മന്‍മോഹന്‍ സിംഗ് ഓര്‍മ്മിപ്പിച്ചു. പാക് ചാരസംഘടനയായ ഐ.എസ്.ഐയെ പത്താന്‍കോട്ട് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാകിസ്ഥാനുമായി ഇടപെടല്‍ നടത്തിയെന്ന ആരോപണവും മന്‍മോഹന്‍ സിംഗ് നിഷേധിച്ചു.

നേരത്തെ ഗുജറാത്തിലെ വഡോദരയില്‍ റാലിയില്‍ സംസാരിക്കവെയായിരുന്നു മോദി മന്‍മോഹന്‍ സിംഗിനെതിരെ രംഗത്തെത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിന്നലാക്രമണം നടത്താമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനുള്ള ധൈര്യം കാണിച്ചില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

Advertisement