'ചൈനീസ് നിക്ഷേപകരുള്ള ബാങ്കില്‍ നിന്ന് മോദി ഈ വര്‍ഷമെടുത്തത് രണ്ട് വായ്പകള്‍'; ഇതാണോ ചൈനീസ് ബഹിഷ്‌കരണമെന്ന് കോണ്‍ഗ്രസ്
national news
'ചൈനീസ് നിക്ഷേപകരുള്ള ബാങ്കില്‍ നിന്ന് മോദി ഈ വര്‍ഷമെടുത്തത് രണ്ട് വായ്പകള്‍'; ഇതാണോ ചൈനീസ് ബഹിഷ്‌കരണമെന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 7:02 pm

ന്യൂദല്‍ഹി: ചൈനീസ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് വായ്പകളാണ് ഈ വര്‍ഷമാദ്യം എടുത്തതെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് പവന്‍ ഖേര.

ഒരു ഭാഗത്ത് ചൈനീസ് ഉത്പ്പന്നങ്ങളെ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും മറുഭാഗത്ത് ചൈനീസ് നിക്ഷേപ സ്ഥാപനത്തില്‍ നിന്ന് വായ്പകളെടുക്കുകയും ചെയ്യുന്ന രീതിയാണ് മോദിയുടെതെന്നാണ് വിമര്‍ശനം.

രാജ്യത്തിനു മുന്നില്‍ വസ്തുതകള്‍ മറയ്ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍. ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളോട് കള്ളം പറയുകയായിരുന്നു അദ്ദേഹം. എന്നിട്ട് ചൈനീസ് നിക്ഷേപകര്‍ കൂടുതലുള്ള എ.ഐ.ഐ.ബിയില്‍ നിന്ന് രണ്ട് വായ്പകളാണ് ഈ വര്‍ഷം കേന്ദ്രസര്‍ക്കാരെടുത്തത്-ഖേര പറഞ്ഞു.

എ.ഐ.ഐ.ബിയില്‍ നിന്ന് മെയ് ആദ്യവാരം 500 യുഎസ് ഡോളര്‍ വായ്പയായി എടുത്തുവെന്ന് ഇന്നലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

പിന്നീട് ജൂണ്‍ ആദ്യവാരം രണ്ടാമതും വായ്പ എടുത്തതായും സര്‍ക്കാര്‍ പറഞ്ഞു. മെയ് ആദ്യ വാരമാണ് ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. പിന്നീട് ജൂണ്‍ 19 ആയപ്പോഴെക്കും ഇന്ത്യയുടെ 20 ജവാന്‍മാരാണ് രക്തസാക്ഷികളായത്.

അതേ ദിവസം തന്നെയാണ് നമ്മുടെ അതിര്‍ത്തി സുരക്ഷിതമാണെന്നും ഒരു തരത്തിലുള്ള അധിനിവേശവും നടന്നിട്ടില്ലെന്ന് മോദി കള്ളം പറഞ്ഞത്- ഖേര ചൂണ്ടിക്കാട്ടി.

അതേസമയം ഒരുഭാഗത്ത് ചൈനയുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് മോദിസര്‍ക്കാര്‍ പ്രസംഗിക്കുന്നുവെന്നും മറുഭാഗത്ത് ചൈനീസ് ബാങ്കുകളില്‍ നിന്ന് തുടര്‍ച്ചയായി വായ്പകളെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഖേര ചൂണ്ടിക്കാട്ടി.

ചൈനയുമായി ഇനിയും വ്യാപാര- സാമ്പത്തിക ബന്ധങ്ങള്‍ തുടരാനാകില്ലെന്ന് വിദേശകാര്യമന്ത്രി തുടരെ പറഞ്ഞിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ചൈനയുമായി സൗഹൃദബന്ധം ഇപ്പോഴും പുലര്‍ത്തുന്നതെന്നും ഖേര ചോദിക്കുന്നു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: congress slams pm modi