നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാന്‍ ദല്‍ഹിയില്‍ വരുന്നുണ്ടെന്ന് നരേന്ദ്രമോദി
national news
നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാന്‍ ദല്‍ഹിയില്‍ വരുന്നുണ്ടെന്ന് നരേന്ദ്രമോദി
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 5:15 pm

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാര്‍ട്ടിയും ആന്ധ്രയെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണങ്ങള്‍ നടത്തുന്നതെന്നും മോദി ആരോപിച്ചു. ഗുണ്ടൂരിലെ റാലിയില്‍ സംസാരിക്കവേയാണ് നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമായി മോദി രംഗത്തെത്തിയത്.

ജനങ്ങള്‍ മുഖ്യമന്ത്രിയുടെ കൊള്ളയടി പരിശോധിക്കണമെന്നും അദ്ദേഹത്തിന് സ്വന്തം സ്ഥലത്ത് പോലും പ്രശസ്തി നഷ്ടമാകുകയാണെന്നും മോദി കൂട്ടിചേര്‍ത്തു. ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാന്‍ ഡല്‍ഹിയില്‍ വരുന്നുണ്ടെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

Read Also :  കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസപ്പെടുത്തി (വീഡിയോ)

എന്തുകൊണ്ടാണ് ചന്ദ്രബാബു നായിഡു തന്നേക്കാള്‍ മുതിര്‍ന്ന നേതാവാണെന്ന് പറയുന്നത്. അതെ,? അദ്ദേഹം എന്നെക്കാള്‍ മുതിര്‍ന്ന നേതാവാണ് പുതിയ മുന്നണികള്‍ രൂപീകരിക്കുന്നതിലും പിന്നില്‍ നിന്ന് കുത്തുന്ന കാര്യത്തിലുമാണന്ന് മാത്രം. ഭാര്യയുടെ പിതാവായ എന്‍.ടി.ആറിനെപോലും പിന്നില്‍ നിന്ന് കുത്തിയത് അതിന് തെളിവാണെന്നും. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എന്‍.ടി.ആര്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാടില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു.

ടി.ഡി.പി – എന്‍.ഡി.എ വിട്ടതിന് ശേഷം ഇതാദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദര്‍ശിക്കുന്നത്.

മോദിയുടെ സന്ദര്‍ശനത്തില്‍ വന്‍ പ്രതിഷേധമാണ് ആന്ധ്രപ്രദേശില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ 13 ജില്ലകളിലായി മോദിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

“ഗോ ബാക്ക് മോദി” എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. മോദിക്ക് പ്രവേശനമില്ല, ഗോ ബാക്ക് മോദി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അച്ചടിച്ച കരിങ്കൊടിയും പല ഭാഗത്തും ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കറുത്തദിനമാണ് മോദിയുടെ സന്ദര്‍ശനമെന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്. സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. “നമ്മുടെ സംസ്ഥാനത്ത് അദ്ദേഹം വരികയാണെങ്കില്‍ നമ്മുടെ മണ്ണിന്റെ മഹത്വം നഷ്ടപ്പെടും, കാരണം അദ്ദേഹം ഒരു വഞ്ചകനാണ്.” എന്നായിരുന്നു നായിഡു പറഞ്ഞത്.