നിര്‍മ്മലാ സീതാരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനം റാഫേലില്‍ മോദി സര്‍ക്കാറിനെ രക്ഷിക്കാന്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി
national news
നിര്‍മ്മലാ സീതാരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനം റാഫേലില്‍ മോദി സര്‍ക്കാറിനെ രക്ഷിക്കാന്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 2:55 pm

ന്യൂദല്‍ഹി: കടംകയറിയ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ബിസിനസ് രക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റാഫേല്‍ കരാറിനെ സ്വാധീനിച്ചതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ കാവല്‍ക്കാരനായാണ് മോദി പെരുമാറുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

” അംബാനിയുടെ ബിസിനസ് രക്ഷിക്കാന്‍ വേണ്ടി മോദി ഐ.എ.എഫില്‍ നിന്നും 30,000 കോടിയെടുത്ത് അത് അംബാനിയുടെ പോക്കറ്റിലിട്ടു” രാഹുല്‍ ആരോപിച്ചു.

വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന് കഴിഞ്ഞദിവസം ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Also Read:മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദുമഹാസഭയുടെ ഹരജി ഹൈക്കോടതി തള്ളി

ദസോള്‍ട്ട് ഏവിയേഷന്‍ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ലോയ്ക് സെഗലാന്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ 2017 മേയ് മാസത്തില്‍ നാഗ്പൂരില്‍ നടന്ന യോഗത്തില്‍ വ്യക്താമാക്കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുല്‍ രംഗത്തുവന്നിരിക്കുന്നത്.

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഈ സമയത്ത് ഫ്രാന്‍സിലേക്ക് പോയത് മോദി സര്‍ക്കാറിനെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. “എന്തിനാണ് തിടുക്കപ്പെട്ട് പ്രതിരോധമന്ത്രി ഫ്രാന്‍സിലെ റാഫേലിന്റെ പ്ലാന്റിലേക്കു പോകുന്നത്? എന്താണിത്ര അത്യാവശ്യം.” രാഹുല്‍ ചോദിക്കുന്നു.

ബുധനാഴ്ച രാത്രിയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍മ്മലാ സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയത്.