വിളക്ക് തെളിയിക്കല്‍ വേളയിലെ ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍, ചിത്രം വ്യാജം; വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യു എന്ന് ട്രോളന്‍മാര്‍
COVID-19
വിളക്ക് തെളിയിക്കല്‍ വേളയിലെ ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍, ചിത്രം വ്യാജം; വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യു എന്ന് ട്രോളന്‍മാര്‍
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 9:09 am

മുംബൈ: കൊവിഡ്-19 പോരാട്ടത്തിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനിടെ ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് ചിത്രം എന്ന പേരില്‍ വ്യാജ ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍. ഇന്ത്യ മാത്രം മുഴുവന്‍ വെളിച്ചത്തിലും ചുറ്റുമുള്ള രാജ്യങ്ങള്‍ ഇരുട്ടിലുമായി കാണുന്ന ഭൗമോപരിതലത്തില്‍ നിന്നുള്ള ചിത്രമാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്. ലോകം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യ തിളങ്ങുകയാണ് എന്ന വാചകത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രമാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍ ചിത്രം വ്യാജമായിരുന്നു. മീറ്റു മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വന്ന വ്യാപകമായ സെര്‍ച്ചിംഗിനെ സൂചിപ്പിക്കാന്‍ വേണ്ടി ഗൂഗിള്‍ ഇട്ട ഫോട്ടോയാണ് എഡിറ്റ് ചെയ്ത് പ്രചരിച്ചത്.

വ്യാജചിത്രം പങ്കുവെച്ചതിനു പിന്നാലെ ബച്ചനു നേരെ ട്രോളുകളും വന്നു. ഇത്തരം ചിത്രങ്ങള്‍ എവിടെ നിന്ന് കിട്ടുന്നെന്നും താങ്കളുടെ വാട്സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ എന്നുമാണ് ചിലര്‍ പറയുന്നത്.

കൊവിഡ്-19 നുമായി ബന്ധപ്പെട്ട് നേരത്തെയും അമിതാഭ് ബച്ചന്‍ വ്യാജ വാര്‍ത്തകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശബ്ദ തരംഗങ്ങള്‍ വൈറസിനെ ഇല്ലാതാക്കും എന്നും കൊവിഡിന് കാരണം പ്രാണികളാണെന്നുമുള്ള വ്യാജ സന്ദേശങ്ങള്‍ ബച്ചന്‍ നേരത്തെ പങ്കുവെച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെയായിരുന്നു കൊവിഡ് പോരാട്ട സൂചനയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന്‍ നടന്നത്. ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുക. വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടത് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും മോദി പറഞ്ഞു.