നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി
national news
നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 3:07 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി. പൂനെയില്‍ നിന്നുള്ള ഒരുപറ്റം നിയമവിദ്യാര്‍ത്ഥിനികളാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി ദല്‍ഹി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.

നവംബര്‍ 27ന് ദര്‍ഗ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി ദര്‍ഗയുടെ പുറത്ത് നോട്ടീസ് പതിച്ചിരിക്കുന്നത് കണ്ടെന്ന് ഹരജിക്കാര്‍ പറയുന്നു.

പൊതുസ്ഥലമായ ദര്‍ഗയില്‍ ലിംഗത്തിന്റെയടിസ്ഥാനത്തില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജി പറയുന്നു. അഭിഭാഷകനായ കമലേഷ് മിശ്ര വഴിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി അജ്മീര്‍, ഹാജി അലി ദര്‍ഗ എന്നിവിടങ്ങളിലെ സ്ത്രീപ്രവേശനമടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.

നിലവില്‍ നിസാമുദ്ദീന്‍ ദര്‍ഗയില്‍ എല്ലാ മതസ്ഥര്‍ക്കും സന്ദര്‍ശനാനുമതിയുണ്ട്. എന്നാല്‍ എന്നാല്‍ പ്രധാന ഖബറിടങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല.