അന്ന് ലോകകപ്പ് നേടിത്തന്നവര്‍ ഇന്ന് എവിടെ? പലരും ക്രിക്കറ്റിനോട് പോലും ഗുഡ് ബൈ പറഞ്ഞിരിക്കുന്നു
Sports News
അന്ന് ലോകകപ്പ് നേടിത്തന്നവര്‍ ഇന്ന് എവിടെ? പലരും ക്രിക്കറ്റിനോട് പോലും ഗുഡ് ബൈ പറഞ്ഞിരിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st January 2023, 7:26 pm

ഷെഫാലി വര്‍മയുടെ നേതൃത്വത്തില്‍ പ്രഥമ അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടതിന്റെ ആവേശത്തിലാണ് ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ ഏറെ അഭിമാനിക്കാന്‍ സാധിക്കുന്ന നേട്ടമാണ് ഷെഫാലിയും ടീമും നേടിയെടുത്തത്.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ആറാമത് കിരീടമാണിത്. അഞ്ച് തവണ പുരുഷ താരങ്ങള്‍ ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിച്ചപ്പോള്‍ ആറാമതായി വനിതകളും ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി.

2000ലാണ് ഇന്ത്യക്ക് ആദ്യമായി അണ്ടര്‍ 19 ലോകകപ്പ് ലഭിക്കുന്നത്. അന്ന് മുഹമ്മദ് കൈഫായിരുന്നു ഇന്ത്യയുടെ നായകന്‍. ശേഷം വിരാട് കോഹ്‌ലി, ഉന്മുക് ചന്ദ്, പൃഥ്വി ഷാ, യാഷ് ധുള്‍ തുടങ്ങിയവരും ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി.

ഷെഫാലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകചാമ്പ്യന്‍മാരായപ്പോള്‍ പലപ്പോഴായി ഇന്ത്യയെ കിരീടം ചൂടിച്ച ടീമുകളെ കുറിച്ചും നായകന്‍മാരെ കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

അതില്‍ പലരും ദേശീയ ടീമിനായി കളിച്ചപ്പോള്‍ പലര്‍ക്കും ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ സാധിക്കാതെ പോയി.

2000ല്‍ ഇന്ത്യയെ ലോകചാമ്പ്യന്‍മാരാക്കിയ താരങ്ങള്‍ ആരൊക്കെയാണ്, അവര്‍ ഇന്നെവിടെയാണ്?

 

ഇന്ത്യ അണ്ടര്‍ 19 ടീം, 2000

മനീഷ് ശര്‍മ, മുഹമ്മദ് കൈഫ് (ക്യാപ്റ്റന്‍), രണ്‍വീത് റിക്കി, നീരജ് പട്ടേല്‍, അജയ് രത്ര (വിക്കറ്റ് കീപ്പര്‍), യുവരാജ് സിങ്, ആര്‍.എസ്. സോധി, വോണുഗോപാല്‍ റാവു, ശലഭ് ശ്രീവാസ്തവ, മൃത്യുഞ്ജയ് ത്രിപാഠി, അനൂപ് ധാവെ

 

മുഹമ്മദ് കൈഫായിരുന്നു 2000 അണ്ടര്‍ 19 ടീമിനെ നയിച്ചത്. ടൂര്‍ണമെന്റില്‍ 170 റണ്‍സ് നേടുകയും എട്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്താണ് കൈഫ് ഇന്ത്യയെ മുമ്പില്‍ നിന്നും നയിച്ചത്. ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കൈഫിന് ഇടം ലഭിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിട്ടായിരുന്നു കൈഫിനെ അടയാളപ്പെടുത്തിയത്.

ഐ.പി.എല്ലിലെ വിവിധ സീസണുകളില്‍ കളിച്ച താരമിപ്പോള്‍ കമന്റേറ്ററുടെ റോളിലാണ് തിളങ്ങുന്നത്.

2000 ലോകകപ്പിലെ എട്ട് മത്സരത്തില്‍ നിന്നും 203 റണ്‍സും 12 വിക്കറ്റും നേടിയ യുവരാജ് സിങ്ങാണ് ഈ സ്‌ക്വാഡില്‍ ഏറ്റവുമധികം ഫാന്‍ബേസുള്ളതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചച്ചിട്ടുള്ളതും.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഹാര്‍ഡ് ഹിറ്ററായിട്ടായിരുന്നു യുവരാജിന്റെ വളര്‍ച്ച. ഇതിന് പുറമെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരുടെ പോഡിയത്തില്‍ സ്ഥാനം നേടാനും യുവിക്ക് സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും വിവിധ ലീഗുകളില്‍ കളിക്കുന്ന യുവരാജ് ക്രിക്കറ്റ് ലോകത്ത് ഇന്നും സജീവമാണ്.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഓപ്പണറായിരുന്നു മനീഷ് ശര്‍മ. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിച്ചിരുന്നെങ്കിലും സീനിയര്‍ ടീമിലെത്താന്‍ മനീഷിനായിരുന്നില്ല. റിബല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ പങ്കാളിത്തത്തോടെ താരത്തിന്റെ കരിയര്‍ കൂപ്പുകുത്തുകയായിരുന്നു.

അണ്ടര്‍ 19 ലോകകപ്പിലെ ലീഡിങ് റണ്‍ സ്‌കോററായിരുന്നു രണ്‍വീത് റിക്കി. എട്ട് മത്സരത്തില്‍ നിന്നും 340 റണ്‍സാണ് താരം സ്വന്തമാക്കിയത്. സംഭവം ഇങ്ങനെയാണെങ്കിലും താരത്തിന് ഇന്ത്യന്‍ ടീമിലെത്താന്‍ സാധിച്ചില്ല. നിലവില്‍ എയര്‍ ഇന്ത്യയിലെ ജീവനക്കാരനാണ് റിക്കി. ഇതിന് പുറമെ ക്രിക്കറ്റ് കോച്ചായും മുന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

66.50 ആവറേജില്‍ 133 റണ്‍സ് നേടിക്കൊണ്ടാണ് നീരജ് പട്ടേല്‍ വരവറിയിച്ചത്. 2008 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി കിരീടം നേടിയെങ്കിലും സീനിയര്‍ ടീമിലേക്കുള്ള വിളിയെത്തിയില്ല. 2015ല്‍ ഗുജറാത്തിന് വേണ്ടിയാണ് താരം അവസാനമായി ആഭ്യന്തര മത്സരത്തില്‍ കളിച്ചത്.

2000ലെ വിക്കറ്റ് കീപ്പറായിരുന്ന അജയ് രത്ര മൂന്ന് മത്സരത്തില്‍ നിന്നും 25 റണ്‍സായിരുന്നു 2000ല്‍ നേടിയത്. ഇന്ത്യക്കായി ആറ് ടെസ്റ്റും 12 ഏകദിനവും കളിച്ച രത്ര അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത് 2002ലായിരുന്നു. ബി.സി.സി.ഐ ഇപ്പോള്‍ നിയമിച്ച സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും താരത്തിന് അത് നേടാന്‍ സാധിച്ചില്ല.

അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ മറ്റൊരു താരമാണ് വേണുഗോപാല്‍ റാവു. 16 മത്സരത്തിലാണ് താരം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ താരം 2017ലും രാഷ്ട്രീയത്തിലും കൈവെച്ചിരുന്നു. നിലവില്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മഹാരാജാസിന്റെ താരമാണ് റാവു ഇപ്പോള്‍.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി 134 റണ്‍സ് നേടിയ രീതീന്ദര്‍ സിങ് സോധി സീനിയര്‍ ടീമിന് വേണ്ടി 18 ഏകദിനങ്ങള്‍ കളിച്ചിരുന്നു. വേണുഗോപാല്‍ റാവുവിനെ പോലെ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മഹാരാജാസിനൊപ്പമാണ് സോധിയും.

ശലഭ് ശ്രീവാസ്തവയായിരുന്നു ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ്ങിനെ മുമ്പില്‍ നിന്നും നയിച്ചത്. എട്ട് മത്സരത്തില്‍ നിന്നും 14 വിക്കറ്റായിരുന്നു ശ്രീവാസ്തവ നേടിയത്. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീവാസ്തവ, മാച്ച് ഫിക്‌സിങ് ആരോപണത്തില്‍ കുടുങ്ങിയതോടെ ബി.സി.സി.ഐയുടെ വിലക്ക് വരികയായിരുന്നു.

അനൂപ് ധാവെയും മൃത്യുഞ്ജയ് ത്രിപാഠിയുമായിരുന്നു ഇന്ത്യന്‍ ബൗളിങ് നിരയിലെ മറ്റ് താരങ്ങള്‍. ടൂര്‍ണമെന്റില്‍ ഇരുവരും ചേര്‍ന്ന് 22 വിക്കറ്റാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇരുവര്‍ക്കും ഐ.പി.എല്ലിലോ ദേശീയ ടീമിന് വേണ്ടിയോ കളിക്കാന്‍ സാധിച്ചിരുന്നില്ല. 2007ലാണ് ഇരുവരും തങ്ങളുടെ കരിയറിലെ അവസാന പ്രൊഫഷണല്‍ മത്സരം കളിച്ചത്.

 

Content highlight: Players of India’s Under-19 Men’s World Cup 2000