Administrator
Administrator
കഥാരാത്രികളുടെ റിവേഴ്‌സ് ഗിയര്‍
Administrator
Saturday 3rd March 2012 10:34am

പുസ്തക നിരൂപണം/ അഭയ് വി. അഭയ്

പുസ്തകം: മീസാന്‍ കല്ലുകളുടെ കാവല്‍(നോവല്‍)- പി കെ പാറക്കടവ്

സമയം വെളുപ്പിനു നാലു മണിയാകുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകള്‍ ഉറക്കത്തില്‍ നിന്നും ഭൂമിയിലേക്കു തുറക്കുന്നു. പക്ഷികള്‍ എനിക്ക് അപ്പോള്‍ ഗുഡ് മോണിംഗ്് പറയുന്നു. ഞാന്‍ തുറന്ന കുഞ്ഞു ജനാല വഴി പുവുകളുടെ പരിമളം വന്ന് എന്നെ പൊതിയുന്നു.  ലോകത്തുള്ള എല്ലാ എഴുത്തുകാരും നല്ല കഥ  എഴുതേണ്ടതിന് ഈശ്വരനോട് സ്വര്‍ഗത്തില്‍ നിന്നും വാക്കുകള്‍ അയച്ചു തരാനായി പ്രാര്‍ത്ഥിക്കാറുണ്ട് ഞാനന്നേരം- കുറുക്കെഴുത്തു കൊണ്ടും ചുറുക്കെഴുത്തുകൊണ്ടും മലയാളിയെ പ്രണയത്തോട് വലിച്ചടുപ്പിച്ച കഥാകാരന്‍ പി ക പാറക്കടവ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഇങ്ങനെ.

സാഹിത്യം എന്നത്, അങ്ങനെ, നോക്കിയിരിക്കുമ്പോള്‍ ഉണങ്ങിയ ചില്ലകളില്‍ പച്ച കിളിര്‍ക്കുന്നതു പോലെയോ, സംഗീതം നിറയ്ക്കുന്ന വാക്കുകളുമായി കാലം നമുക്കരികില്‍ വന്നുനില്‍ക്കുന്നത് പോലെയോ ആണ്. പി കെ എഴുതുമ്പോള്‍ കഥകളും അങ്ങനെതന്നെയായിത്തീരുന്നു. വളരെ പതിഞ്ഞ ശബ്ദത്തിലാണ് പി കെ പാറക്കടവ് എഴുതുന്നത്. ചിലപ്പോഴെങ്കിലും കടലാസിന് മാത്രം കേള്‍ക്കാവുന്ന തീരെ കനം കുറഞ്ഞ ഒച്ചയില്‍. എന്നാല്‍ അക്ഷരങ്ങളിലെ ഈ കനം കുറവ് വാക്കുകള്‍ കയറ്റി അയയ്ക്കുന്ന രചനകള്‍ക്കില്ല. മഷി കുടിച്ച തണ്ടു കുടിയന്‍ സസ്യങ്ങള്‍ പോലെ, ചോരച്ചുവപ്പ് കുടിച്ചു പൂസായ കുഞ്ഞട്ടകള്‍ പോലെ തുടിക്കുന്ന ജീവന്റെ നിറ രൂപമാണ് പൂര്‍ണതയിലെത്തുമ്പോള്‍ ഓരോ പി കെ പാറക്കടവ് രചനയ്്ക്കും. കുഞ്ഞുകഥകള്‍ കൊണ്ട് തീപ്പൊരി വിരിയിച്ചു എന്നതാവാം പി കെ പാറക്കടവിനെ മറ്റു മലയാള കഥാകാര•ാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അദ്ദേഹം എഴുതിയപ്പോഴെല്ലാം വാക്കുകള്‍ക്കിടയില്‍  രക്തം കിനിഞ്ഞു. പ്രണയത്തിന്റെ സുഗന്ധം എങ്ങും പരന്നു. അദൃശ്യരായ രണ്ടു പേര്‍ കഥയുടെ ചെരിവുകളിലിരുന്ന് വാ തോരാതെ സംസാരിച്ചു. ഭാവനയുടെ മിന്നാമിനുങ്ങു ടോര്‍ച്ചുകള്‍ ആ കുഞ്ഞു രചനകള്‍ക്കിടയിലിരുന്ന് ‘ജീവിതമേ..’ എന്നു കണ്ണു മിഴിച്ചു.

കുഞ്ഞുകഥകളുടെ സുല്‍ത്താനായ പാറക്കടവ് ഇക്കുറി എത്തുന്നത് ഒരു കുഞ്ഞു നോവലുമായാണ്-മീസാന്‍ കല്ലുകളുടെ കാവല്‍. ശീര്‍ഷകത്തില്‍ തന്നെ ഒരു കവിതയുടെ ഹൃദയമുണ്ട്. കാലം പോയ്‌ക്കൊണ്ടേയിരിക്കും, ഒടുവില്‍ മീസാന്‍ കല്ലുകള്‍, സ്വര്‍ഗത്തിലേക്കുള്ള ചൂണ്ടു പലകകള്‍ മാത്രം
ബാക്കിയാവും എന്നും ഇതില്‍ സൂചനകളുണ്ടാവാം.

‘ഒരു നാടിന്റെ ചരിത്രം പരിശോധിക്കാന്‍ ആ കാലത്തിറങ്ങിയ കഥാപുസ്തകങ്ങള്‍ വായിച്ചാല്‍ മതി” എന്ന് കഥയിലെ നായകനായ സുല്‍ത്താന്‍ നായിക ഷഹര്‍സാദയോട് പറയുന്നു. ഓര്‍ക്കുക, പുതിയ കാലത്തിലും കഥകള്‍ തീരുന്നേയില്ല, പഴയ കഥപറച്ചിലുകാരും കേള്‍വിക്കാരും ഇല്ലാതാകുന്നേയില്ല എന്നൊരു അദൃശ്യ പാഠവും ഉണ്ടിതില്‍. എന്നാല്‍ കാര്യങ്ങളെ കാലഘട്ടം റിവേഴ്‌സ് ഗിയറിലാക്കിയിരിക്കുന്നു. ഇക്കുറി കഥ പറയുന്നത് സുല്‍ത്താന്‍, കഥ കേള്‍ക്കാന്‍ ഷഹര്‍സാദ എന്ന കെണിയുമൊരുക്കിയിരിക്കുന്നു. പുതിയ കാലത്ത് ടീനേജ് പ്രണയിനികളായ രണ്ടു പോരാണ് അവരെന്നു മാത്രം.    ‘ഓര്‍മകളുടെ പായ്ക്കപ്പല്‍ നിറയെ കഥകളാണ്,’ എന്നു പറഞ്ഞു കൊണ്ട് സുല്‍ത്താന്‍ കഥ പറഞ്ഞു തുടങ്ങുന്നു.

പതിനാറ് അധ്യായങ്ങള്‍ മാത്രമുള്ള ഒരു മൈക്രോ നോവല്‍ ആണ് മീസാന്‍കല്ലുകളുടെ കാവല്‍. പാറക്കടവിന്റെ ഛോട്ടാകഥകളുടെ കരുത്തുള്ള 16 തുടരന്‍ അധ്യായങ്ങള്‍. കുഞ്ഞു കുഞ്ഞു പടക്കങ്ങളിലൂടെ കത്തിക്കയറുന്ന ഒരു ഉല്‍സവപ്പെരുക്കത്തിന്റെ അനുഭവമുള്ള  വായന.

ജിന്നു കൂടിയ പെണ്ണിനെപ്പോലെ മുടിയാട്ടി നില്‍ക്കുന്ന മഴയുണ്ട് ഇതില്‍,പ്രളയമുണ്ട്, തീരാത്ത പ്രണയവുമുണ്ട്. മിത്തുകള്‍ നിറഞ്ഞു പെയ്യുന്ന ഭൂതകാലക്കഥകളാണ് സുല്‍ത്താന്‍ ഷര്‍ഹസാദയ്ക്ക് പറഞ്ഞു കൊടുക്കുന്നത്. പള്ളിയിലെ ഖാളിയാറും ചൊക്രാനും, ഖാളിയാരുടെ ആജ്ഞയില്‍ പെരുമ്പാമ്പിനെപ്പോലെ മടങ്ങി നീന്തുന്ന മഴ, സ്വര്‍ണാഭരണങ്ങളും ഒടുവില്‍ തന്റെ ഉടലിനെതന്നേയും കിണറിന്റെ ദാഹത്തിന് തിന്നാന്‍ കൊടുത്ത് ആഹ്ലാദിക്കുന്ന ഭ്രാന്തിയായ ഉമ്മാച്ചോമ്മ, അസീസ് അധികാരിയുടെ മഞ്ചല്‍ യാത്ര, കുതിരപ്പുറത്തേറി വരുന്ന ആലി മുസ്ല്യാര്‍ എന്ന ഔലിയ, അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പും രാജനും, എം മുകുന്ദന്‍…സുല്‍ത്താന്‍ പറയുന്ന കഥകള്‍ക്ക് പുതിയ കാലത്തില്‍ നഷ്ടപ്പെടുന്ന നാട്ടു പെരുമയുടെ മുഴക്കങ്ങള്‍ ഉണ്ട്.

ഇതു തിരിച്ചു പറയലിന്റെ ഒരു കാലം കൂടിയാണ് എന്ന് പാറക്കടവിന്റെ രചന നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെങ്കില്‍ അതില്‍ അതിശയോക്തിയില്ല. പണ്ട് ഷഹര്‍സാദ, ഇന്ന് സുല്‍ത്താന്‍. കാലം അട്ടിമറിക്കപ്പെടുമ്പോള്‍ കഥാകൃത്ത് വായനക്കാരനും വായനക്കാരന്‍ കഥാകൃത്തുമായി മാറുന്നു.

‘ഇനി ഞാന്‍ പറയട്ടെ…കഥയ മമ, കഥയമമ..’ എന്നാണ് പോസ്റ്റ് മോഡേണ്‍ കാലത്തില്‍ കോളേജിലിരുന്ന് സുല്‍ത്താന്‍ എന്ന വിദ്യാര്‍ത്ഥിക്ക് തന്റെ പ്രണയിനിയോട് പറയാനുള്ളത്. ഹിസ്റ്ററികളിലെല്ലാം സത്യത്തില്‍ പറഞ്ഞത് ഹേര്‍-സ്റ്റോറികളായിരുന്നെന്നും, ഇനിയാണ് ‘ഹിസ്-സ്‌റ്റോറി’ ‘ വരേണ്ടതെന്നും നോവലിസ്റ്റ് ഗോപ്യമായി പറയാതിരിക്കുന്നില്ല. കഥ, കഥയൊഴിച്ച് മറ്റെന്തുമാണ് എന്ന തിരിച്ചറിവാണ് ഈ കുഞ്ഞു നോവലിന്റെ കാതല്‍. കഥ ചരിത്രം നിറയ്ക്കുന്ന നാട്ടു /വീടു /നഗര സ്മരണകളുമാണ് എന്നാവാം പുതിയ കാല വിവക്ഷ. പഴയ കാലം / പുതിയ കാലം എന്ന ഏറ്റു മുട്ടല്‍ സുല്‍ത്താന്‍-ഷഹര്‍സാദമാരിലൂടെ പുനര്‍ജ്ജനിക്കുന്നു.

‘ദ അദര്‍ പോയന്റ് ഓഫ് വ്യൂ’ എന്ന് സബ് ടൈറ്റില്‍ കൊടുക്കാവുന്ന ആയിരത്തൊന്നു രാവുകളുടെ മിനിയേച്ചര്‍ പതിപ്പാവും ചില നേരങ്ങളിലെങ്കിലും ‘മീസാന്‍കല്ലുകളുടെ കാവല്‍’. എനിക്കു സമയമില്ലാത്തതിനാല്‍ ‘നൂറ്റൊന്നു രാവുകള്‍’ എന്നും പുതിയ കാല കഥാകാരന്‍ പറയുന്നുണ്ടാകാം.

കഥ തീരുമ്പോള്‍ മരിക്കുന്നത് വായക്കാരന്‍ / വായനക്കാരിയാണ്. നല്ല കഥകള്‍ എപ്പോഴും അങ്ങനെ തന്നെ. അത് വായനക്കാരനെ വായനയുടെ പാരതമ്യതയില്‍ വെച്ച് നിര്‍വൃതിയുടെ കൊക്കയിലേക്ക് തള്ളിയിട്ടു കൊല്ലുന്നു. ഇല്ലെങ്കില്‍ വിഭ്രമാകാശത്തിലേക്ക് വിമോചിപ്പിക്കുന്നു. മീസാന്‍ കല്ലുകളിലും മരണമുണ്ട്. ഉണരാത്ത ഉറക്കത്തിലേക്ക് നടന്നടുക്കുന്നത് ഷഹര്‍സാദയാണ് ഇവിടെ.
നീ സ്വസ്ഥമായുറങ്ങ്.
നിനക്ക് ഒരു മീസാന്‍ കല്ലായ് ഞാനിതാ കാവലിരിക്കുന്നു.
അനന്തമായ കാവല്‍.
ഞാന്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കാം.
കഥ തീരുമ്പോള്‍ ചുറ്റിലും മൈലാഞ്ചിച്ചെടികള്‍ കരയുന്നു. ആകാശത്തേക്ക് തുമ്പികള്‍ ഊഴമിട്ട് പറക്കുന്നു.

തന്റെ ആദ്യ നോവലിലൂടെ, അതും മൈക്രോ രചനയിലൂടെ, പി കെ പാറക്കടവ് കഥയുടെ മാജിക് ആവര്‍ത്തിക്കുന്നു. വൈക്കം ബഷീറിന്റെ ചെറു നോവലുകള്‍ വായിച്ച, ഡി വിനയചന്ദ്രന്റെ ‘പൊടിച്ചി’ ‘ പോലുള്ള നോവല്‍ ഹ്രസ്വങ്ങളെ ഏറ്റു വാങ്ങിയ വായനാ സമൂഹത്തിലേക്ക് പി കെ പാറക്കടവിന്റെ ഈ ആദ്യ നോവല്‍ രക്തപുഷ്പങ്ങള്‍ പോലെ ചിതറിച്ചുവക്കും എന്നാശിക്കാതെ വയ്യ!

Advertisement